25 April Thursday

പ്രതിരോധ ഞായർ ; വീട്ടിലിരുന്ന്‌ ജനം ; കടകമ്പോളങ്ങൾ അടച്ച്‌ വ്യാപാരികളും

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

കെട്ടിപ്പൂട്ട് ഞായറാഴ്ച നിയന്ത്രണത്തിന്റെ ഭാഗമായി വിജനമായ എറണാകുളം ജ്യൂ സ്ട്രീറ്റിൽനിന്നുള്ള കാഴ്ച


തിരുവനന്തപുരം
കോവിഡ്‌ വ്യാപനം തടയാൻ സംസ്ഥാനത്ത്‌ ഏർപ്പെടുത്തിയ ഞായറാഴ്‌ച നിയന്ത്രണത്തോട്‌ സഹകരിച്ച്‌ ജനം. മുൻകൂട്ടി നിശ്ചയിച്ച നിയന്ത്രണമായതിനാൽ അനാവശ്യ യാത്ര ഒഴിവാക്കി എല്ലാവരും വീട്ടിലൊതുങ്ങി. നഗര ഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങൾ അടച്ച്‌ വ്യാപാരികളും സഹകരിച്ചു. പൊലീസിന്റെ ശക്തമായ പരിശോധനയുണ്ടായിരുന്നു. കെഎസ്‌ആർടിസി അടക്കമുള്ള അവശ്യ വിഭാഗം സർവീസ്‌ നടത്തി. യാത്രക്കാർ കുറവായിരുന്നു. വിവാഹ ചടങ്ങുകൾ കോവിഡ്‌ മാനദണ്ഡങ്ങൾക്കനുസരിച്ച്‌ പരിമിതമായി നടന്നു.

ആരോഗ്യ പ്രവർത്തകർ, കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർ, രോഗികൾ, കുത്തിവെയ്‌പ്പിന്‌ പോകുന്നവർ തുടങ്ങിയവർക്ക്‌ യാത്രാനുമതി നൽകി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിച്ചു. കള്ള്‌ ഷാപ്പ്‌ ഒഴികെ ബാർ, ബിവറേജ്‌ എന്നിവയും പ്രവർത്തിച്ചില്ല. അടുത്ത ഞായറാഴ്‌ചയും സമാന നിയന്ത്രണങ്ങളുണ്ടാകും.

115 വാഹനം പിടിച്ചെടുത്തു
ഞായറാഴ്‌ച നിയന്ത്രണം ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ  452 പേർക്കെതിരെ കേസെടുത്തു. 229 പേർ അറസ്‌റ്റിലായി. 115 വാഹനം പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5,000 കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു. സമ്പർക്കവിലക്ക്‌ ലംഘിച്ചതിന് ഒരു കേസും എടുത്തു.

ടിപിആർ 44.8 ; 45,449 രോഗികൾ
തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം നാൽപ്പതിനായിരം കടന്നു. ഞായറാഴ്ച 45,449 പേർക്കാണ്‌ രോഗം. 1,01,252 സാമ്പിളാണ് പരിശോധിച്ചത്. 44.8 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്‌.

എറണാകുളത്ത്‌ രോഗികളുടെ എണ്ണം പതിനായിരം കടന്നു–- 11,091. തിരുവനന്തപുരം–- 8980, കോഴിക്കോട്–-5581, തൃശൂർ–- 2779, കൊല്ലം –-2667, മലപ്പുറം–- 2371, കോട്ടയം–- 2216, പാലക്കാട്–- 2137, പത്തനംതിട്ട–- 1723, ആലപ്പുഴ –-1564, ഇടുക്കി–- 1433, കണ്ണൂർ–- 1336, വയനാട്–- 941, കാസർകോട്‌–- 630 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 27,961 പേർ രോഗമുക്തരായി.  ഇതോടെ സംസ്ഥാനത്ത്‌ നിലവിൽ രോഗബാധിതരായിട്ടുളളവരുടെ എണ്ണം 2,64,638 ആയി ഉയർന്നു. 3.5  ശതമാനം പേരാണ്‌ ആശുപത്രികളിൽ ചികിത്സയിലുള്ളത്‌.

ഞായറാഴ്‌ച 38 മരണം സ്ഥിരീകരിച്ചു. അപ്പീൽ നൽകി സ്ഥിരീകരിച്ച 39 മരണവും കോവിഡ്‌ മരണപ്പട്ടികയിൽ ഉൾപ്പെടുത്തി. സംസ്ഥാനത്തെ ആകെ കോവിഡ്‌ മരണം 51,816.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top