24 April Wednesday

പ്രതിരോധ ഞായർ ; ഇന്ന്‌ വീട്ടിലിരിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022


തിരുവനന്തപുരം  
കോവിഡ്‌ വ്യാപനം തടയാൻ ഏർപ്പെടുത്തിയ ഞായറാഴ്‌ച നിയന്ത്രണം സംസ്ഥാനത്ത്‌ നിലവിൽ വന്നു. അടച്ചുപൂട്ടലിന്‌ സമാനമാണ്‌. അവശ്യ സർവീസ്‌ മാത്രമേയുള്ളൂ. പൊലീസ്‌ പരിശോധന ശക്തമാക്കി. അനാവശ്യ യാത്ര നടത്തിയാൽ വാഹനം പിടിച്ചെടുത്ത്‌ കേസെടുക്കും. കല്യാണത്തിനും മരണാനന്തരചടങ്ങിനും 20 പേർക്കു മാത്രം പങ്കെടുക്കാം. കോവിഡ്‌ പ്രോട്ടോക്കോൾ പാലിക്കണം. യാത്രക്കാരുടെ ആവശ്യാനുസരണമായിരിക്കും കെഎസ്‌ആർടിസി സർവീസ്‌. 30നും നിയന്ത്രണമുണ്ടാകും.

ബാറുകൾ, ബിവറേജസിന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യവിൽപ്പനശാലകൾ തുറക്കില്ല. കള്ളുഷാപ്പുകൾ തുറക്കും.
പ്രവർത്തിക്കാം

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, റസ്‌റ്റോറന്റ്‌, ബേക്കറി, ഇ കൊമേഴ്‌സ്‌, കൊറിയർ (എല്ലാം രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ), കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസ്‌, ഇവയുമായി ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനം, പൊതുമേഖലാ സ്ഥാപനം (കോവിഡ്‌ പ്രതിരോധത്തിനും അവശ്യ സർവീസിനും), 24 മണിക്കൂറും പ്രവർത്തിക്കേണ്ട വ്യവസായ സ്ഥാപനം, ടോൾ ബൂത്ത്‌, ശുചീകരണ പ്രവൃത്തികൾ, വർക്‌ഷോപ്‌ (അടിയന്തര പ്രവൃത്തികൾക്കു മാത്രം), ഐടി സ്ഥാപനം (അത്യാവശ്യ ജീവനക്കാർ മാത്രം), സിഎൻജി, എൽഎൻജി, എൽപിജി വിതരണം

ഇവർക്കു യാത്ര
കോവിഡുമായും  അവശ്യസേവനങ്ങളുമായും ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കേന്ദ്ര–- സംസ്ഥാന സർക്കാർ ജീവനക്കാർ, ടെലികോം, ഇന്റർനെറ്റ്‌ സേവനദാതാക്കൾ, 24 മണിക്കൂറും പ്രവർത്തിക്കേണ്ട വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർ (തിരിച്ചറിയൽ കാർഡുമായി) ദീർഘദൂര ബസ്‌, ട്രെയിൻ, വിമാന യാത്രകൾ. മുൻകൂട്ടി ബുക്ക്‌ ചെയ്‌ത വിനോദസഞ്ചാരികൾ (സ്റ്റേ വൗച്ചേഴ്‌സുമായി).

റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ബസ്‌സ്റ്റാൻഡ്‌ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള  യാത്രക്കാർ  (യാത്രാരേഖ, ടിക്കറ്റ്‌ കരുതണം).

രോഗികൾ, സഹായികൾ,  വാക്‌സിൻ എടുക്കാൻ പോകുന്നവർ (രേഖകൾ കരുതണം). പരീക്ഷാർഥികൾ, നടത്തിപ്പുകാർ (അഡ്‌മിറ്റ്‌ കാർഡ്‌, ഐഡികാർഡ്‌, ഹാൾടിക്കറ്റ്‌ കരുതണം).

സമ്പർക്കവിലക്ക്‌ അവധി റദ്ദാക്കി
കോവിഡ്‌ രോഗിയുമായി സമ്പർക്ക‍‍ത്തിലേർപ്പെട്ട സർക്കാർ–- അർധ സർക്കാർ–- പൊതുമേഖലാ സ്ഥാപന ജീവനക്കാർക്ക്‌ അനുവദിച്ചിരുന്ന സ്‌പെഷ്യൽ കാഷ്വൽ ലീവ്‌ ആനുകൂല്യം റദ്ദാക്കി. ഇവർ സമ്പർക്കവിവരം ഓഫീസിൽ അറിയിച്ചശേഷം കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ജോലിക്കെത്തണം. ലക്ഷണമുണ്ടായാൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശ പ്രകാരം നടപടി സ്വീകരിക്കാം.

മുക്തരായി 3 മാസത്തിന്‌ 
ശേഷം വാക്‌സിൻ
കോവിഡ്‌ മുക്തരായി മൂന്ന്‌ മാസത്തിന്‌ ശേഷം വാക്‌സിനെടുത്താൽ മതിയെന്ന്‌ ആരോഗ്യമന്ത്രാലയം. കരുതൽ ഡോസ്‌ അടക്കം എല്ലാം മൂന്ന്‌ മാസത്തിന്‌ ശേഷം നൽകിയാൽ മതിയെന്ന്‌ സംസ്ഥാനങ്ങൾക്ക്‌ നിർദേശം നൽകി. പ്രതിരോധ കുത്തിവയ്‌പ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണിത്‌.

ഈ മാസം മൂന്ന്‌ മുതൽ 15 –-18 പ്രായക്കാർക്കും കുത്തിവയ്‌പ്‌ തുടങ്ങിയിരുന്നു. 10 മുതൽ ആരോഗ്യപ്രവർത്തകർ, മുന്നണിപ്രവർത്തകർ, 60 വയസ്സിന്‌ മുകളിലുള്ളവർ തുടങ്ങിയവർക്ക്‌ കരുതൽ ഡോസും നൽകുന്നുണ്ട്‌.

സ്വകാര്യ ആശുപത്രികൾ 
50 ശതമാനം കിടക്ക മാറ്റിവയ്‌ക്കണം
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്‌ക്കണം. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാന ദ്രുതപ്രതികരണ സംഘത്തിന്റെ(ആർആർടി) അവലോകന യോഗത്തിലാണ് തീരുമാനം.

ഐസിയു, വെന്റിലേറ്റർ എന്നിവയിലുൾപ്പെടെ കോവിഡ് ചികിത്സയിലുള്ളവരുടെയും മറ്റ്‌ രോഗികളുടെയും ദൈനംദിന കണക്കുകൾ സ്വകാര്യ ആശുപത്രികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക്  കൈമാറണം. വിവരങ്ങൾ നൽകാത്തവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടി സ്വീകരിക്കും. കോവിഡിന്റെ രണ്ട് ഘട്ടത്തിലും സ്വകാര്യ ആശുപത്രികൾ മികച്ച സഹകരണമായിരുന്നു. മൂന്നാംതരംഗത്തിലും ഈ പിന്തുണ മന്ത്രി അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top