25 April Thursday
അടച്ചുപൂട്ടൽ ഏർപ്പെടുത്തിയ 47 ദിവസത്തെ 
മൊത്തം നഷ്ടം 79,971 കോടി ‌

താങ്ങില്ല ഇനിയൊരു അടച്ചുപൂട്ടൽ; സർക്കാർ വരുമാനത്തിൽമാത്രം 33,456 കോടിയുടെ ഇടിവ്

ജി രാജേഷ്‌ കുമാർUpdated: Monday Apr 19, 2021


തിരുവനന്തപുരം > വീണ്ടുമൊരു സമ്പൂർണ അടച്ചുപൂട്ടൽ കേരളം‌‌ താങ്ങില്ല. കഴിഞ്ഞവർഷത്തെ അടച്ചുപൂട്ടലിന്റെ സാമ്പത്തിക, സാമൂഹ്യാഘാതം അത്രയേറെ കഠിനമാണെന്നാണ്‌  വിലയിരുത്തൽ. കഴിഞ്ഞവർഷം കോവിഡിൽ ഏതാണ്ട്‌ ഒരുലക്ഷം കോടി രൂപയുടെ മൂല്യനഷ്ടം സംസ്ഥാനത്തിനുണ്ടായതായാണ്‌ കണക്കുകൾ. സർക്കാർ വരുമാനത്തിൽമാത്രം 33,456 കോടിയുടെ ഇടിവും കണക്കാക്കുന്നു. സംസ്ഥാനത്തിന്റെ ചെലവിൽ ഏതാണ്ട്‌ 40,000 കോടി രൂപയുടെ വർധനയുമുണ്ടായി. ഈ സാഹചര്യത്തിലാണ്‌ ഇനിയുമൊരു അടച്ചുപൂട്ടലിന്റെ പ്രത്യാഘാതം താങ്ങാനാകില്ലെന്ന വിലയിരുത്തൽ.

സംസ്ഥാന ആസൂത്രണസമിതിയുടെ ത്വരിതപഠനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം ആദ്യ മൂന്നുമാസത്തെ നഷ്ടം 80,000 കോടി രൂപയാണ്‌. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷൻ നടത്തിയ പഠനം മൂന്നു സാധ്യത പരിഗണിച്ചു. അടച്ചുപൂട്ടൽ ഏർപ്പടുത്തിയ 47 ദിവസത്തെ മൊത്തം നഷ്ടം 79,971 കോടി രൂപ. ഇതിനു പുറമെ വിപണിമാന്ദ്യംകൂടി കണക്കാക്കിയാൽ നഷ്ടം 1.35 ലക്ഷം കോടിയായി ഉയരും. മൂന്നാമതായി ടൂറിസം, സഞ്ചാരം, വിനോദം തുടങ്ങിയ മേഖലയിലെ പ്രതിസന്ധിയും കണക്കിലെടുത്താണ്‌ വിലയിരുത്തൽ. നഷ്ടം 1.62 ലക്ഷം കോടി കവിയും.

സമ്പദ്‌ഘടന  വീണ്ടെടുപ്പിന്റെ പാതയിലാണെങ്കിലും  കേരള സമ്പദ്‌ഘടനയുടെ ഗണ്യഭാഗമായ മിക്ക മേഖലകളും ഭാഗികമായാണ്‌ പ്രവർത്തിക്കുന്നത്‌. വിദേശ വിനോദസഞ്ചാരമേഖല പൂർണമായും അടഞ്ഞുകിടക്കുന്നു. ആഭ്യന്തരമേഖലയും തളർച്ചയിലാണ്‌. സിനിമാ തിയറ്ററുകളുടെ പ്രവർത്തനം ഭാഗികമാണ്‌. ഹോട്ടൽ, റസ്‌റ്റോറന്റ്‌ മേഖലയും ഉണർന്നിട്ടില്ല‌. പ്രാദേശികമായ ഭാഗിക നിയന്ത്രണങ്ങളും വല്ലാതെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. വിപണിയിലെ അനിശ്ചിതത്വം ഉൽപ്പാദനമേഖലയെയും ബാധിച്ചിട്ടുണ്ട്‌. ഉൽപ്പാദിപ്പിക്കുന്നത്‌ വിറ്റഴിക്കപ്പെടുമോ എന്ന ആശങ്ക വ്യാപകമാണ്‌. അടച്ചുപൂട്ടൽ നിയന്ത്രണങ്ങളിലേക്ക്‌ വീണ്ടും പോകേണ്ടിവന്നാൽ, ഇതിലും വലിയ നഷ്ടത്തിന്‌ കാരണമാകുമെന്നാണ്‌ വിലയിരുത്തൽ.  ‌

ചെലവ്‌ ഉയരുന്നു: പാക്കേജിന്‌ നീക്കിവച്ചത്‌ 41,614 കോടി
കോവിഡിൽ വരുമാനം കുറയുമ്പോഴും പൊതുചെലവ്‌ കുതിക്കുന്നു‌. സംസ്ഥാനം പ്രഖ്യാപിച്ച ആശ്വാസ പാക്കേജിൽ ഇതുവരെ 41,614 കോടി രൂപയാണ്‌ ചെലവ്‌.

പ്രധാന നടപടികൾ (തുക‌ കോടിയിൽ)
● ക്ഷേമ പെൻഷനുകൾക്ക്‌ നീക്കിവച്ചത്–‌‌‌ 12,670

●കുടുംബശ്രീവഴി മുഖ്യമന്ത്രിയുടെ സഹായഹസ്‌തം പദ്ധതിയിൽ നൽകിയത്–‌ 1785.19

● ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നൽകിയത്–‌‌ 3571


●️  1000 രൂപവീതം ഉപജീവന സഹായം–- 146

●️ വിവിധ ക്ഷേമനിധി അംഗങ്ങൾക്ക്‌ നൽകിയ ധനസഹായം– 1287

●️ സൗജന്യ ഭക്ഷധാന്യ വിതരണം–-‌ 100

●  ഇപ്പോഴും തുടരുന്ന ധാന്യങ്ങളും പലവ്യഞ്ജന കിറ്റുകളും അടങ്ങിയ സൗജന്യ കിറ്റ്‌ വിതരണം–-‌ 3610

● വിശപ്പുരഹിത കേരളം പദ്ധതിയിൽ ഭക്ഷണശാലകൾക്ക്‌– 95 

● ഭക്ഷണപ്പൊതി വിതരണത്തിന്‌ സംസ്ഥാന സർക്കാർവക 700 ടൺ അരി

●️ ആരോഗ്യമേഖലയ്‌ക്ക്–-‌ 4485  ●️ കെഎഫ്‌സിവഴി സംരംഭകർക്ക്–‌ 2310

●️ കേരള ബാങ്കിന്റെ പ്രത്യേക  മുൻഗണനാ വായ്‌പകൾ–-2892

● മത്സ്യത്തൊഴിലാളികൾക്ക്‌ ഭക്ഷ്യകിറ്റ്‌–-10.84

● മത്സ്യത്തൊഴിലാളികൾക്ക്‌ പഞ്ഞമാസ സമ്പാദ്യ സമാശ്വാസ പദ്ധതിയിലെ സർക്കാർ വിഹിതം– -51.60 

● കരാറുകാർക്കും വിതരണക്കാർക്കും‌ 8600

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top