25 April Thursday

മുഖ്യമന്ത്രി‌ക്കും മന്ത്രിമാർക്കുമെതിരെ കുറ്റം നിലനിൽക്കില്ല: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021


വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കെതിരായ പരാതിയിൽ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവർക്കെതിരെ ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. കരാറുകാരായ യുണിടാക്കിനും  ലൈഫ് മിഷൻ ഉദ്യോഗസ്ഥർക്കുമെതിരായ സിബിഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

സർക്കാരിന്റെ തിളക്കമാർന്ന പദ്ധതിയായ ലൈഫ് മിഷന്റെ നടത്തിപ്പിന്‌ നയപരമായ തീരുമാനം കൈക്കൊള്ളുകയും തുടർനടപടി സ്വീകരിക്കുകയുംചെയ്ത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ക്രിമിനൽ കുറ്റം നിലനിൽക്കില്ല. ഐഎഎസുകാരടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർ അഴിമതിക്ക് കളമൊരുക്കി. ഇതിൽ രാഷ്ട്രീയനേതൃത്വത്തിന് പങ്കില്ലെന്നും കോടതി പറഞ്ഞു. സിബിഐ കേസ് റദ്ദാക്കണമെന്ന ലൈഫ് മിഷൻ എംഡിയുടെയും യുണിടാക് എംഡി സന്തോഷ് ഈപ്പന്റെയും ഹർജികൾ ജസ്റ്റിസ് പി സോമരാജൻ തള്ളി.

സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ നിയമാനുസൃതം നടപ്പാക്കാൻ ഉത്തരവാദിത്തമുള്ളവർ, യുഎഇ കോൺസൽ ജനറലുമായി യുണിടാക്കിന് കരാർ ഉണ്ടാക്കാൻ കൂട്ടുനിന്നു. റെഡ്ക്രസന്റ്‌ നൽകിയ തുക കൈക്കൂലി നൽകാൻ വിനിയോഗിച്ചതടക്കമുള്ളവ കുറ്റകരമാണ്. പ്രളയബാധിതർക്ക് സർക്കാർഭൂമിയിൽ വീടും ആശുപത്രിയും നിർമിച്ചുനൽകാനുള്ള സഹായം വാഗ്ദാനം ചെയ്ത ധാരണാപത്രത്തിൽ  റെഡ്ക്രസന്റോ ലൈഫ് മിഷനോ പങ്കാളിയല്ല. വിദേശസംഭാവന നിയന്ത്രണചട്ടത്തിന്റെ പരിധിയിൽ വരുംവിധം സർക്കാരോ ലൈഫ് മിഷനോ പണം സ്വീകരിച്ചിട്ടില്ല.
സർക്കാരിൽ രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ ഭരണനിർവഹണ സംവിധാനമുണ്ട്‌.

രാഷ്ട്രീയേതര സംവിധാനത്തിന്റെ ചട്ടക്കൂട് ഐഎഎസുകാർ അടങ്ങുന്ന ഉദ്യോഗസ്ഥവൃന്ദമാണ്‌. മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങുന്ന രാഷ്ട്രീയസംവിധാനം എടുക്കുന്ന നയതീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാനുള്ള ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. ലൈഫ് മിഷനിൽ നടന്ന ക്രമക്കേടിൽ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ പങ്കില്ല.

ലൈഫ് മിഷനിലെ ഐഎഎസ് ഉദ്യോഗസ്ഥർക്കും കോൺസൽ ജനറലിന്റെ കൂട്ടാളികളായ സ്വപ്ന സുരേഷിനും സരിത്തിനും സന്ദീപ് നായർക്കും ക്രമക്കേടിൽ പങ്കുണ്ടെന്നും കോടതി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top