12 August Friday

കുവൈറ്റ്‌ മനുഷ്യക്കടത്ത്‌ : തട്ടിപ്പുനടത്തിയത്‌ ‘പിഎം പദ്ധതി’യുടെ പേരിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022

representative image


കൊച്ചി
കുവൈറ്റ്‌ മനുഷ്യക്കടത്ത്‌ കേസിലെ പ്രതികൾ തട്ടിപ്പ്‌ നടത്തിയത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയാണെന്ന പേരിൽ. റിക്രൂട്ട്‌മെന്റും വിസയും വിമാന ടിക്കറ്റുമുൾപ്പെടെ സൗജന്യമാണെന്ന് നോട്ടീസ് പതിച്ചാണ് ഇവർ ആളുകളെ ആകർഷിച്ചിരുന്നത്. രവിപുരത്തെ ‘ഗോൾഡൻ വയ’ എന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ്‌ ഒന്നാംപ്രതി പത്തനംതിട്ട അജുഭവനിൽ അജുമോനും രണ്ടാംപ്രതി കണ്ണൂർ സ്വദേശി മജീദും തട്ടിപ്പ്‌ നടത്തിയത്‌.

പ്രധാനമന്ത്രിയുടെ പദ്ധതിപ്രകാരം സ്‌ത്രീകൾക്ക്‌ വിദേശത്തേക്ക്‌ പോകാൻ മെഡിക്കൽ പരിശോധനയുടെയും ആർടിപിസിആറിന്റെയും ചെലവ്‌ മാത്രമേ ആകുകയുള്ളൂ എന്നാണ്‌ ഇവർ പറഞ്ഞത്‌. ഇതിന്‌ രണ്ടിനുമായി 5000 രൂപയാണ്‌ തട്ടിപ്പിനിരയായ തോപ്പുംപടി സ്വദേശിനി മുടക്കിയത്‌.

യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയതിനെ തുടർന്നാണ്‌ പൊലീസ്‌ അന്വേഷണം നടത്തി അജുമോനെ അറസ്‌റ്റ്‌ ചെയ്‌തത്‌. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും യുവതി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻഐഎ ഉദ്യോഗസ്ഥൻ യുവതിയുടെ മൊഴിയടുത്തു. അജുമോനെ സൗത്ത്‌ പൊലീസ്‌ ചൊവ്വാഴ്‌ച കസ്‌റ്റഡിയിൽ വാങ്ങും.

കുവൈറ്റിൽ ശിശുപരിചരണജോലി വാഗ്‌ദാനം ചെയ്‌താണ്‌ യുവതിയെ ഫെബ്രുവരിയിൽ കുവൈറ്റിൽ എത്തിച്ചത്‌. എന്നാൽ, അറബിയുടെ വീട്ടുജോലിക്കാണ്‌ നിയോഗിച്ചത്‌. കൃത്യമായി ഭക്ഷണവും വിശ്രമവും നൽകാതെ ജോലിയെടുപ്പിച്ചതിനെ തുടർന്ന്‌ യുവതി പരാതിപ്പെടുകയായിരുന്നു. എന്നാൽ, നാട്ടിലേക്ക്‌ തിരിച്ചയക്കാൻ അജുമോനും മജീദും മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടു.
പണം തന്നില്ലെങ്കിൽ സിറിയയിൽ ഐഎസ്‌ ഭീകരരുടെ അടുത്തേക്ക്‌ കയറ്റി അയക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയ മജീദ്‌ യുവതിയെ ക്രൂരമായി മർദിച്ചു. ‘ഒരുമ’ സന്നദ്ധസംഘടനയുടെ സഹായത്തോടെ രക്ഷപ്പെട്ട്‌ നാട്ടിലെത്തിയ യുവതിയുടെ പരാതിയിൽ സൗത്ത്‌ പൊലീസ്‌ കേസെടുക്കുകയായിരുന്നു.
 

വഴിത്തിരിവായത്‌ ‘ലൊക്കേഷൻ’
കുവൈറ്റ്‌ മനഷ്യക്കടത്തിൽ ഇരയായ തോപ്പുംപടിക്കാരി വിവരം പുറലോകത്തെ അറിയിച്ചത്‌ ഫോൺവഴി ലൊക്കേഷൻ ഷെയർ ചെയ്‌ത്‌. ഏജന്റ്‌ തന്നെ പറ്റിച്ച വിവരം യുവതി ഭർത്താവിനെയും അഭിഭാഷകൻ നിഷിൻ ജോർജ്‌ വിജയബാബുവിനെയും അറിയിച്ചു. തുടർന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ഇവർ പരാതി നൽകി. അഭിഭാഷകൻ അറിയിച്ചത്‌ അനുസരിച്ച്‌ കുവൈറ്റിലെ മലയാളി സന്നദ്ധസംഘടനകൾ യുവതിയുമായി ബന്ധപ്പെട്ടു.

ഇവർക്ക്‌ യുവതി തങ്ങളെ ഭക്ഷണം നൽകാതെ പൂട്ടിയിട്ട ഫ്ലാറ്റിന്റെ ലൊക്കേഷൻ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വാട്‌സാപ്പിൽ ഷെയർ ചെയ്‌തു. തുടർന്ന്‌ സംഘടനക്കാർ ഫ്ലാറ്റിലെത്തി. ഇതറിഞ്ഞ മജീദ്‌ തന്നെ ക്രൂരമായി മർദിച്ചതായി യുവതി പറഞ്ഞു. ഒപ്പമുള്ള മറ്റു യുവതികളെയും ഇയാൾ മർദിച്ചു. ഐഎസ്‌ ഭീകരരുടെ അടുത്തേക്ക്‌ അയക്കുമെന്നും ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി ലഭിച്ചതോടെ പൊലീസ്‌ കാര്യക്ഷമമായി ഇടപെട്ടതായി യുവതിയുടെ അഭിഭാഷകൻ പറഞ്ഞു. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച്‌ കേസന്വേഷണം ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഇടപെട്ടു. എന്നാൽ, വിദേശമന്ത്രാലയത്തിന്‌ പരാതി നൽകിയെങ്കിലും കാര്യമായ ഇടപെടലുണ്ടായില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

രക്ഷപ്പെട്ടത്‌ 
5 മലയാളി 
യുവതികൾ
കുവൈറ്റ്‌ മനുഷ്യക്കടത്ത്‌ കേസിൽ ഏജന്റ്‌ നടത്തിയ ശാരീരിക–-മാനസിക പീഡനങ്ങൾ പുറംലോകത്തെ അറിയിച്ച തോപ്പുംപടി സ്വദേശിനിയുടെ പരാതിയിൽ രക്ഷപ്പെട്ടത്‌ ഇവരടക്കം അഞ്ച്‌ യുവതികൾ. കൊല്ലത്തുകാരായ രണ്ടുപേരും തൃക്കാക്കര, ചെറായി എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരുമാണ്‌ രക്ഷപ്പെട്ട്‌ നാട്ടിലെത്തിയത്‌. ഇവരും പരാതി നൽകാനൊരുങ്ങുകയാണ്‌. കണ്ണൂർ തളിപ്പറമ്പുകാരൻ മജീദാണ്‌ കുവൈറ്റിലെ ഏജന്റ്‌.

ഉത്തരേന്ത്യൻ യുവതികളും തട്ടിപ്പിനിരയായി കുവൈറ്റിൽ കുടുങ്ങിയതായി തോപ്പുംപടി സ്വദേശിനി മാധ്യമങ്ങളോട്‌ പറഞ്ഞു. ‘60,000 രൂപ ശമ്പളം വാഗ്‌ദാനം ചെയ്‌താണ്‌ ശിശുപരിചരണത്തിന്‌ എന്നെ കുവൈറ്റിലെത്തിച്ചത്‌. എന്നാൽ, അവിടെ നിയോഗിക്കപ്പെട്ടത്‌ അറബിമാമയുടെ വീട്ടുജോലിക്കായിരുന്നു. മൂന്നരലക്ഷം രൂപയ്‌ക്കാണ്‌ എന്നെ അറബിമാമയോടൊപ്പം അയച്ചത്‌. രാവിലെ ഏഴിന്‌ തുടങ്ങുന്ന ജോലി അവസാനിക്കുന്നത്‌ രാത്രി 12ന്‌. കഴിക്കാൻ ലഭിക്കുന്നത്‌ ഒരു കുബ്ബൂസ്‌ മാത്രം. രണ്ടാഴ്‌ച ജോലി ചെയ്‌തെങ്കിലും ശമ്പളം ലഭിച്ചിട്ടില്ല’ യുവതി കുവൈറ്റിലെ ക്രൂര പീഡനത്തെക്കുറിച്ച്‌ പറഞ്ഞു.

ഒന്നാംപ്രതി അജുമോൻ യുവതിയെ കുവൈറ്റിലേക്ക്‌ അയച്ചപ്പോൾ തൃക്കാക്കരക്കാരിയും ഒരു കൊല്ലംകാരിയും ഒപ്പമുണ്ടായിരുന്നു. യുവതി സംഭവം പുറംലോകത്തെ അറിയിച്ചതോടെ ഇവർക്കും തിരിച്ചെത്താനായി.   ‌ചെറായിക്കാരിയും മറ്റൊരു കൊല്ലംകാരിയും ഇതേ അവസ്ഥയിൽ കുവൈറ്റിലെത്തിയവരാണ്‌. അവരും തിരിച്ചെത്തി.

സന്നദ്ധസംഘടനകളുടെ ഇടപെടലിനെ തുടർന്ന്‌ മജീദ്‌ യുവതിക്ക്‌ ടിക്കറ്റെടുത്ത്‌ നൽകിയത്‌ ഡൽഹിയിലേക്കായിരുന്നു. അവിടെനിന്ന്‌ ഏറെ കഷ്ടപ്പെട്ട്‌ കോഴിക്കോട്‌ വിമാനത്താവളംവഴിയാണ്‌ യുവതി നാട്ടിലെത്തുന്നത്‌. മജീദിനെ കൂടാതെ മറ്റ്‌ ഏജന്റുമാർ കുവൈറ്റിൽ ഉണ്ടായിരുന്നോ എന്നത്‌ പൊലീസ്‌ അന്വേഷിച്ചുവരികയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top