കൂറ്റനാട് > അഭ്യസ്‌തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽരംഗത്ത് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കണോമി മിഷൻ ആരംഭിച്ച "എന്റെ തൊഴിൽ എന്റെ അഭിമാനം 2.0' പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് ഓൺലൈനായി നിർവഹിച്ചു.
നാഗലശേരി പഞ്ചായത്ത് പ്രസിഡന്റ് വി വി ബാലചന്ദ്രൻ അധ്യക്ഷനായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി റജീന, തൃപ്പുണിത്തുറ മുനിസിപ്പൽ ചെയർപേഴ്‌സൺ രമ സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ് ബസന്ത് ലാൽ, നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, ജില്ലാ പ്രോഗ്രാം മാനേജർ എ ജി ഫൈസൽ എന്നിവർ സംസാരിച്ചു. ബിലാൽ മുഹമ്മദ്, സ്വാമിനാഥ് എസ് ധൻരാജ് എന്നിവർ കരിയർ ഓറിയന്റേഷൻ ക്ലാസ് നയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കുകീഴിൽ രജിസ്റ്റർ ചെയ്‌ത 399 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഭ്യസ്‌തവിദ്യരായ യുവതീയുവാക്കൾക്കാണ് യോഗ്യതയ്‌ക്കും അഭിരുചിക്കും അനുസരിച്ചുള്ള തൊഴിൽ ലഭിക്കുക. 18നും 59നും ഇടയിൽ പ്രായമുള്ളവരായിരിക്കണം ഉദ്യോഗാർഥികൾ. റിമോട്ട് വർക്കുകൾ, ഫ്രീലാൻസ് ജോലികൾ, വർക്ക് ഓൺ ഡിമാൻഡ് ജോലികൾ, പാർട്ട് ടൈം ജോലികൾ ഉൾപ്പെടെ നവലോക തൊഴിലുകൾ കണ്ടെത്തി അവ നേടുന്നതിനാവശ്യമായ പരിശീലനം നൽകുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്രത്യേക തൊഴിൽ മേളകളിലൂടെ തൊഴിൽ ഉറപ്പാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..