24 April Wednesday
ഇൻസെന്റീവുകളും ആനുകൂല്യങ്ങളും അനുവദിക്കാൻ
 പ്രത്യേക മാർഗരേഖ

കെഎസ്‌ഐഡിസി ഏകോപിപ്പിക്കും ; 22 മുൻഗണനാ മേഖലയിലെ സാധ്യതകൾ 
പ്രത്യേകം പഠിക്കും

മിൽജിത്‌ രവീന്ദ്രൻUpdated: Friday Mar 31, 2023



തിരുവനന്തപുരം
സംസ്ഥാനത്ത്‌ വൻവ്യവസായ കുതിപ്പ്‌ ലക്ഷ്യമിട്ട്‌ സർക്കാർ അംഗീകരിച്ച വ്യവസായനയം നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) ഏകോപിപ്പിക്കും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും കെഎസ്‌ഐഡിസി എംഡി എസ്‌ ഹരികിഷോറും നേതൃത്വം നൽകും.

പുതിയ നയത്തിൽ പ്രഖ്യാപിച്ച ഭൂരിഭാഗം ഇൻസെന്റീവുകളും കെഎസ്‌ഐഡിസി വഴിയാകും അനുവദിക്കുക. ഇതിന്‌ ഈവർഷം ബജറ്റിൽ പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്‌. ഇൻസെന്റീവുകളും ആനുകൂല്യങ്ങളും അനുവദിക്കാൻ പ്രത്യേക മാർഗരേഖ തയ്യാറാക്കും. അപേക്ഷകൾ പൂർണമായും ഓൺലെൻ സംവിധാനത്തിലാകും.

നയത്തിൽ പ്രഖ്യാപിച്ച 22 മുൻഗണനാ മേഖലകളിലെ സാധ്യതകൾ പ്രത്യേകം പഠിക്കും. അതതു മേഖലയിൽ കൂടുതൽ നിക്ഷേപം എത്തിക്കാനുള്ള സാധ്യതകളാണ്‌ പരിശോധിക്കുക. ഇതിന്‌ എംബിഎ ബിരുദധാരികളെ നിയമിച്ചിട്ടുണ്ട്‌. സർക്കാരിന്റെ വ്യവസായനയം സംരംഭകർക്ക്‌ പരിചയപ്പെടുത്തി പരമാവധി നിക്ഷേപം ഓരോ മേഖലയിലും സ്വരൂപിക്കുകയാണ്‌ ചുമതല. കെഎസ്‌ഐഡിസിയിലെ ഉദ്യോഗസ്ഥരും ചേർന്ന്‌ മേഖലയിലെ നിക്ഷേപ സാധ്യതകൾ വിശകലനംചെയ്യും. തുടർന്ന്‌ പരമാവധി നിക്ഷേപം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും.

2022–-23 സംരംഭക വർഷമായിരുന്നെങ്കിൽ 23–-24 നിക്ഷേപ വർഷമായാണ്‌ സർക്കാർ കണക്കാക്കുന്നത്‌. സംരംഭക വർഷത്തിന്റെ ഭാഗമായി 1.40 ലക്ഷം സംരംഭം സംസ്ഥാനത്ത്‌ പുതുതായി ആരംഭിച്ചു.


 

പോസിറ്റീവായ പ്രതിഫലനം
വ്യവസായികളുടെ കാഴ്‌ചപ്പാടുകൂടി പ്രതിഫലിക്കുന്ന യാഥാർഥ്യബോധത്തോടെയുള്ള നയത്തിനാണ്‌ അംഗീകാരം നൽകിയത്‌. ഇത്‌ താഴേത്തട്ട്‌വരെ നടപ്പാക്കിയാൽ കേരളത്തിൽ വലിയ മാറ്റമുണ്ടാകും. പുതിയ നയം രൂപീകരിക്കുംമുമ്പ്‌ എല്ലാ വ്യവസായ സംഘടനകളുമായും വ്യവസായമന്ത്രിയടക്കം ചർച്ചചെയ്‌തിരുന്നു. ഈ നയം നടപ്പായാൽ സംസ്ഥാനത്തിന്റെ വ്യവസായരംഗത്ത്‌ പോസിറ്റീവായ പ്രതിഫലനം ഉണ്ടാകും.
സംസ്ഥാനത്തെ വ്യവസായ എസ്‌റ്റേറ്റുകളിൽ നിരവധി യൂണിറ്റുകൾ ഭൂമികൈമാറ്റം ചെയ്യാനാകാതെ പ്രവർത്തനം നിലച്ച സ്ഥിതിയുണ്ട്‌. ഇങ്ങനെയുള്ള ഭൂമി പുതിയൊരാൾക്ക്‌ കൈമാറാനാകും. തൊഴിലാളികൾക്ക്‌ തൊഴിലും ലഭിക്കും. വ്യവസായ ഭൂമി ലഭ്യതയുടെ കാര്യത്തിൽ സംസ്ഥാനത്ത്‌ വലിയ പരിമിതികളുണ്ട്‌. ഈ സാഹചര്യത്തിൽ നിലവിൽ ആർക്കും പ്രയോജനമില്ലാതെ കിടക്കുന്ന സ്ഥലങ്ങൾ ഉപയോഗപ്പെടുത്താനാകുമെന്നത്‌ പുതിയ നയത്തിലെ കീഫാക്ടറാണ്‌.
ശ്രീനാഥ്‌ വിഷ്‌ണു
( എംഡി ബ്രാഹ്മിൺസ്‌ 
  ഫുഡ്‌സ്‌_ സിഐഐ കേരള മുൻ ചെയർമാനും സതേൺ റീജൺ ഫാമിലി ബിസിനസ്‌ സബ്‌കമ്മിറ്റി കോ–-ചെയറുമാണ്‌)

വളരെ ഗുണപ്രദം
സംസ്ഥാന സർക്കാരിന്റെ വ്യവസായ വാണിജ്യനയത്തെ സ്വാഗതം ചെയ്യുന്നു. കേരളത്തിൽ വ്യവസായസൗഹൃദ അന്തരീക്ഷമാണ്‌ നിലവിലുള്ളത്‌. നടപടികൾ വേഗത്തിലാക്കിയത്‌  ഗുണപ്രദമായിട്ടുണ്ട്‌. നിലവിൽ വ്യവസായം നടത്തുന്നവർ നേരിടുന്ന ചില പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻകൂടി സംവിധാനം വേണം.
എസ്‌ ഹരി , ആംകോസ്‌ പെയിന്റ്‌സ്‌ എംഡി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top