04 June Sunday
സ്‌ത്രീ - എസ്‌സി - എസ്‌ടി സംരംഭകർക്ക്‌ സ്റ്റാമ്പ്‌ ഡ്യൂട്ടിയിലും രജിസ്‌ട്രേഷൻ ചാർജിലും ഇളവ്‌

തൊഴിൽ നൽകൂ ; 25% ശമ്പളം സംസ്ഥാന സർക്കാർ നൽകും ; വ്യവസായ 
വാണിജ്യനയം അംഗീകരിച്ചു

സ്വന്തം ലേഖകൻUpdated: Wednesday Mar 29, 2023


തിരുവനന്തപുരം
വളർച്ചയിലേക്ക്‌ കുതിക്കുന്ന  സംസ്ഥാനത്തെ വ്യവസായരംഗത്തിന്‌ കൂടുതൽ ഊർജം പകരുന്ന വ്യവസായ വാണിജ്യ നയം മന്ത്രിസഭ അംഗീകരിച്ചു. പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത്‌ പരമാവധി നിക്ഷേപം ആകർഷിച്ച്‌ കൂടുതൽ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ്‌  ലക്ഷ്യം. വ്യവസായ സംരംഭങ്ങൾക്ക്‌ ഇളവുകൾ നൽകി വരുംവർഷം നിക്ഷേപ വർഷമാക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അമ്പതു ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികൾക്ക്‌ സ്ഥിരജോലി നൽകുന്ന വൻകിട സംരംഭങ്ങളിൽ,  തൊഴിലാളികളുടെ മാസശമ്പളത്തിന്റെ 25 ശതമാനം (5000 രൂപവരെ) സർക്കാർ നൽകുമെന്ന്‌ നയത്തിൽ പറയുന്നു. നിർമിതബുദ്ധി ഉപയോഗിച്ചുള്ള നിർമാണപ്രവർത്തനങ്ങൾ, ഡാറ്റ മൈനിങ്‌ ആൻഡ്‌ അനാലിസിസ്‌ സംരംഭങ്ങൾക്ക്‌ ചെലവാകുന്ന തുകയുടെ 20 ശതമാനം (25 ലക്ഷം രൂപവരെ) സർക്കാർ തിരികെ നൽകും. എംഎസ്‌എംഇകൾക്ക്‌ അഞ്ചുവർഷത്തേക്ക്‌ വൈദ്യുതി നികുതി ഇളവ്‌, സ്‌ത്രീ–- എസ്‌സി–-എസ്‌ടി സംരംഭകർക്ക്‌ സ്റ്റാമ്പ്‌ ഡ്യൂട്ടിയിലും രജിസ്‌ട്രേഷൻ ചാർജിലും ഇളവ്‌, എംഎസ്‌എംഇ ഇതരസംരംഭങ്ങൾക്ക്‌ സ്ഥിരമൂലധനത്തിന്റെ 100 ശതമാനം സംസ്ഥാന ജിഎസ്‌ടി വിഹിതം അഞ്ചുവർഷത്തേക്ക്‌ തിരികെ നൽകൽ തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്‌. 22 മുൻഗണനാ മേഖലകൾ നിശ്ചയിച്ചാണ്‌ നയം തയ്യാറാക്കിയത്‌.

മെഡിക്കൽ അനുബന്ധ വ്യവസായങ്ങൾ ശക്തിപ്പെടുത്താൻ മെഡിക്കൽ ഡിവൈസ്‌ പാർക്കിൽ രൂപകൽപ്പനയ്ക്കും നിർമാണത്തിനും സൗകര്യമൊരുക്കും. ഇലക്‌ട്രോണിക്‌ മാനുഫാക്ചറിങ്‌ ക്ലസ്റ്ററും ഹാർഡ്‌വെയർ പാർക്കും സ്ഥാപിക്കും. അഡ്വാൻസ്‌ഡ്‌ ബാറ്ററി നിർമാണ ഇവി പാർക്കും ഈ മേഖലയിലെ ഗവേഷണങ്ങൾക്ക്‌ പ്രത്യേക ഗ്രാന്റും അനുവദിക്കും. നയം നടപ്പാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു.

വ്യവസായം 
കുതിക്കും
സംസ്ഥാനത്തിന്‌ അനുയോജ്യമായ 22 മുൻഗണനാ മേഖലകൾ നിശ്ചയിച്ച്‌ അത്തരം വ്യവസായങ്ങളുടെ വളർച്ച സാധ്യമാക്കാനുള്ള വ്യവസായ വാണിജ്യനയത്തിന്‌ മന്ത്രിസഭ അംഗീകാരം നൽകി. നിർമിതബുദ്ധി, റോബോട്ടിക്‌സ്‌, വൈദ്യുത വാഹനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, മാരിടൈം, നാനോ ടെക്‌നോളജി, ചില്ലറവ്യാപാരം, വിനോദസഞ്ചാരം, ഹൈടെക്‌ ഫാമിങ്ങും മൂല്യവർധിത തോട്ടവിളയും ഗ്രഫീൻ, 3ഡി പ്രിന്റിങ്‌ തുടങ്ങിയവയാണ്‌ മുൻഗണനാ മേഖലകൾ.    നാനോ ടെക്‌നോളജി ഉപയോഗപ്പെടുത്താൻ പിപിപി മാതൃകയിൽ നാനോഫാബ്‌ ആരംഭിക്കും.

സംസ്ഥാനത്തെ എയ്‌റോ സ്‌പേസ്‌–- പ്രതിരോധ സാങ്കേതികവിദ്യാ ഹബ്ബാക്കാൻ സ്‌പേസ്‌ പാർക്ക്‌ പദ്ധതിയുടെ ഭാഗമായി വ്യവസായ പാർക്ക്‌ സ്ഥാപിക്കും. ലോകോത്തര ബയോ പ്രിന്റിങ്‌ ലാബും 3ഡി പ്രിന്റിങ്‌ കോഴ്‌സുകളും ആരംഭിക്കും.  പരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിക്കും. ഉൽപ്പന്നങ്ങൾ കേരള ബ്രാന്റ്‌ ലേബലിൽ വിപണനംചെയ്യാൻ സൗകര്യമൊരുക്കുന്നതിനൊപ്പം വിദേശവിപണി കണ്ടെത്താൻ സഹായിക്കുമെന്നും നയത്തിലുണ്ട്‌.

കൂടുതൽ ഇളവുകൾ
● എംഎസ്‌എംഇകൾക്ക്‌ 4 ശതമാനം പലിശയ്‌ക്ക്‌ 10 ലക്ഷം രൂപവരെ വായ്‌പ
●  സൂക്ഷ്‌മ സംരംഭങ്ങൾക്ക്‌ 40 ലക്ഷം വരെയും ചെറുകിട സംരംഭങ്ങൾക്ക്‌ ഒരു കോടിവരെയും ഇടത്തരം സംരംഭങ്ങൾക്ക്‌ 2 കോടിവരെയും മൂലധന സബ്‌സിഡി
● വൻകിട, മെഗാ സംരംഭങ്ങൾക്ക്‌ സ്ഥിര മൂലധന നിക്ഷേപത്തിന്റെ 10 ശതമാനം (10 കോടി രൂപവരെ) സബ്‌സിഡി.
● ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക്‌ സ്ഥിരം തൊഴിൽ നൽകിയാൽ ഒരാൾക്ക്‌ 7500 രൂപ വീതം സർക്കാർ നൽകും.
●  സ്വകാര്യ വ്യവസായ എസ്‌റ്റേറ്റുകൾക്ക്‌ അടിസ്ഥാനസൗകര്യ വികസനത്തിന്‌ 3 കോടി രൂപ.
●  പേറ്റന്റ്‌, പകർപ്പവകാശം, വ്യാപാരമുദ്രകൾ, ജിഐ രജിസ്‌ട്രേഷൻ എന്നിവയ്‌ക്ക്‌ ചെലവായ തുകയുടെ 50 ശതമാനം സർക്കാർ നൽകും.
●  സംസ്ഥാനത്തെ സ്‌റ്റാർട്ടപ്പുകൾക്ക്‌ സ്‌കെയിൽ അപ്പിന്‌ ഒരു കോടിവരെ വായ്‌പ
●  മെയ്‌ഡ്‌ ഇൻ കേരള സർട്ടിഫിക്കേഷനുള്ള തുകയുടെ 50 ശതമാനം തിരികെ നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top