20 April Saturday
പരിശോധന 80 ലക്ഷം കടന്നു

ജനുവരി മധ്യത്തിൽ രോഗികൾ കൂടിയേക്കും ; പരിശോധന കൂട്ടും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 5, 2021


തിരുവനന്തപുരം
ജനുവരി മധ്യത്തോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയർന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.  രോഗബാധിതരുടെ എണ്ണം ദിവസം 8000 കടക്കുമെന്ന്‌‌ ആരോഗ്യ വകുപ്പ്‌ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

തെരഞ്ഞെടുപ്പും ആഘോഷങ്ങളും സ്‌കൂളും കോളേജും തുറന്നതും രോഗവ്യാപനം കൂടാൻ കാരണമാകും. പ്രതിദിന മരണനിരക്കിലും  വർധനയുണ്ടാകുമെന്ന്‌‌ റിപ്പോർട്ടിൽ പറയുന്നു. രോഗപ്രതിരോധത്തിനും സ്ഥിരീകരണത്തിനുമായി ആന്റിജൻ പരിശോധനകളുടെ എണ്ണം കൂട്ടണം.

കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകൾ കണ്ടെത്താനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനുമായി സാധ്യതാപഠനം നടത്താനും‌ തീരുമാനിച്ചിട്ടുണ്ട്‌. 18 വയസ്സിനു മുകളിലുള്ള 12,100- പേരിൽ പഠനം നടത്തും.  ജില്ലയിൽ കുറഞ്ഞത് 350 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കും. നിലവിൽ 0.4 ശതമാനമാണ് മരണനിരക്ക്. 63,135 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക്‌ 98.16 ശതമാനമാണ്‌.

പരിശോധന 80 ലക്ഷം കടന്നു
സംസ്ഥാനത്ത്‌ ഇതുവരെ നടത്തിയ കോവിഡ്‌ പരിശോധന 80 ലക്ഷം കടന്നു. 33,508 പരിശോധനകൂടി നടത്തിയതോടെ ആകെ എണ്ണം 80,99,621 ആയി. ഇതിൽ 23,46,410 ഉം റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ എന്നിവയിലൂടെ നടത്തിയ പരിശോധനകളാണ്‌.

നീന്തൽക്കുളം വ്യാപന കേന്ദ്രമാകാം
കൃത്യമായ പ്രതിരോധ നടപടി സ്വീകരിച്ചില്ലെങ്കിൽ നീന്തൽക്കുളങ്ങളും കായിക കേന്ദ്രങ്ങളും കോവിഡ്‌ തീവ്രവ്യാപന കേന്ദ്രമാകുമെന്ന്‌ ആരോഗ്യവകുപ്പ്‌‌. ഇവ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. മാസ്‌ക്‌, സാനിറ്റൈസർ, സാമൂഹ്യഅകലം എന്നിവ ഇവിടങ്ങളിൽ പാലിക്കണം. ജീവനക്കാരും പരിശീലകരും പരിശീലനത്തിനെത്തുന്നവരും മാസ്‌ക്‌‌ ധരിക്കണം. വെള്ളത്തിൽ മാസ്‌ക്‌ ഉപയോഗിക്കണ്ട. ശ്വാസ തടസ്സമുണ്ടാക്കുമെന്നതിനാലാണ്‌ ഇളവ്‌. ലളിത വ്യായാമം‌, പരിശീലനം എന്നിവ ചെയ്യുമ്പോൾ മാസ്‌ക്‌‌ ധരിക്കണ്ട. എന്നാൽ സാമൂഹ്യഅകലം പാലിക്കണം.

രോഗലക്ഷണമുള്ളവർ, സമ്പർക്കത്തിലായവർ, കണ്ടെയ്‌ൻമെന്റ്‌ സോണിലുള്ളവർ എന്നിവർ‌ ഇവിടങ്ങളിൽ പ്രവേശിക്കരുത്‌.

ശ്രദ്ധിക്കുക
* നീന്തൽക്കുളങ്ങ‌ളിൽ രണ്ട്‌ മണിക്കൂർ കൂടുമ്പോൾ അണുനശീകരണം ഉറപ്പാക്കണം.
* വെള്ളം അണുവിമുക്തമാക്കുന്നതിന്‌‌ ബന്ധപ്പെട്ട എൻജിനീയറിങ്‌ വിഭാഗവുമായി ബന്ധപ്പെടണം
* തോർത്ത്‌, കായിക ഉപകരണം തുടങ്ങിയവ കൈമാറ്റം ചെയ്യരുത്‌
* വായുസഞ്ചാരം ഉറപ്പാക്കണം
* കുടിവെള്ളം, ശൗചാലയത്തിലെ വെള്ളം എന്നിവയുടെ ഗുണമേന്മ ഉറപ്പാക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top