19 April Friday

പിഎസ്‌സി പരീക്ഷാതട്ടിപ്പ്: പ്രതി വിചാരണ നേരിടണം

വെബ് ഡെസ്‌ക്‌Updated: Friday Jan 8, 2021


കൊച്ചി
സബ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള പിഎസ്‌സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസിലെ ഏഴാംപ്രതിയും കൊല്ലം അഞ്ചൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ പത്തനാപുരം കൈതമുക്ക് എസ്‌ ഷിജു സമർപ്പിച്ച പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കൊല്ലം സിജെഎം കോടതി നിരസിച്ചതിനാലാണ് ഷിജു ഹൈക്കോടതിയെ സമീപിച്ചത്.

2010 ഒക്ടോബറിൽ പിഎസ്‌‌സി നടത്തിയ പരീക്ഷയിൽ ഷിജുവും മറ്റും ഗൂഢാലോചന നടത്തി ചോദ്യപേപ്പർ ചോർത്തി ഉത്തരങ്ങൾ മൊബൈൽഫോണിലൂടെ കൈമാറിയെന്നാണ് കേസ്. സൂത്രധാരനായ ഒന്നാംപ്രതിക്ക്, പരീക്ഷയെഴുതിയ ഷിജു അടക്കമുള്ളവർ അഞ്ചുലക്ഷം വീതം വാഗ്ദാനം ചെയ്തെന്നും 2000 രൂപ മുൻകൂർ നൽകിയെന്നും പറയുന്നു. അന്തിമ റിപ്പോർട്ടിലെ പരാമർശമല്ലാതെ തനിക്കെതിരെ തെളിവില്ലെന്നാണ്‌ പ്രതിയുടെ വാദം.

ഇയാൾക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും പരീക്ഷാഹാളിൽ ഇരിക്കുമ്പോൾ പ്രതിക്ക് മറ്റു പ്രതികളുടെ ഫോൺ എത്തിയെന്നും തട്ടിപ്പിനുമാത്രമായി മൊബൈൽഫോണും സിം കാർഡും സംഘടിപ്പിച്ചെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പൊതുസമൂഹത്തിനെതിരായ കുറ്റമാണ് പ്രതികൾ നടത്തിയതെന്നും ജോലിക്കായി ഉറക്കമൊഴിഞ്ഞ് പഠിക്കുന്ന യുവാക്കളുടെ അവസരങ്ങൾ തട്ടിയെടുക്കാൻ പ്രതികൾ ശ്രമിച്ചെന്നും കോടതി അഭിപ്രായപ്പെട്ടു. വിടുതൽ ഹർജി തള്ളിയ നടപടിയിൽ തെറ്റില്ലെന്നും ജസ്റ്റിസ് അശോക് മേനോൻ വ്യക്തമാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി എസ് ഋത്വിക്‌ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top