23 April Tuesday

ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ ഹർജി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കൊച്ചി> നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ നടപടിക്കെതിരെ ഹെെക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്ന, ഭരണഘടനയിൽ അധിഷ്ഠിതമായ ജനാധിപത്യ സമൂഹത്തിൽ ജനങ്ങളുടെ രാഷ്‌ട്രീയമായ ആഗ്രഹങ്ങളും അഭിലാഷങ്ങളും പ്രതിഫലിക്കപ്പെടുന്നത് ജനപ്രതിനിധികളിലൂടെയാണെന്നും യഥാസമയമുള്ള നിയമനിർമാണങ്ങൾ പൗരന്റെ മൗലിക അവകാശത്തിന്റെ ഭാഗമാണെന്നും ഹർജിയിൽ പറയുന്നു.  

ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് ഭരണഘടനയ്‌ക്കും ജനാധിപത്യ മൂല്യങ്ങൾക്കുമെതിരാണ്‌. ഗവർണറുടെ നടപടി   ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവും ഭരണഘടന നിർമാണസഭയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കെതിരാണെന്നും രാഷ്‌ട്രീയ അജൻഡകളോടുകൂടിയതാണെന്നും ഹർജി ചൂണ്ടിക്കാണിക്കുന്നു. മന്ത്രിസഭ പാസാക്കിയ ബില്ലിൽ ഒപ്പിടേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്‌. ബില്ലിന് അനുമതി കൊടുക്കുന്നില്ലെങ്കിൽ നിയമസഭയിലേക്ക്  തിരിച്ചയക്കുകയോ പ്രസിഡന്റിന്‌ അയക്കുകയോ ചെയ്യണം.  

ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടി ജനാധിപത്യ, ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്ന് പ്രഖ്യാപിക്കണമെന്നും  ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നും ഹർജിയിൽ പറയുന്നു. ഹൈക്കോടതി അഭിഭാഷകനായ പി വി ജീവേഷ് ഫയൽ ചെയ്‌ത പൊതുതാൽപ്പര്യ ഹർജി ചീഫ് ജസ്‌റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് വ്യാഴാഴ്‌ച പരിഗണിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top