25 April Thursday

സാമ്പത്തിക തട്ടിപ്പുകാരനെ കലാമണ്ഡലത്തിൽ പുനർനിയമിക്കാൻ ഗവർണർ ; വഴിവിട്ട ഇടപെടലിന്റെ രേഖകൾ പുറത്ത്‌

സി എ പ്രേമചന്ദ്രൻUpdated: Tuesday Nov 22, 2022


തൃശൂർ
കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽനിന്ന്‌  സാമ്പത്തിക ക്രമക്കേടിന്‌ പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ നടത്തിയ വഴിവിട്ട ഇടപെടലിന്റെ രേഖകളും പുറത്ത്‌. സാമ്പത്തിക തിരിമറിയെത്തുടർന്ന്‌ പുറത്താക്കിയ പബ്ലിക്‌ ആൻഡ്‌ റിസർച്ച്‌ ഓഫീസർ (പിആർഒ ) ആർ ഗോപീകൃഷ്‌ണനെ തിരിച്ചെടുക്കാനാണ്‌ യുജിസി ചട്ടങ്ങൾ മറികടന്ന്‌ ഉത്തരവിട്ടത്‌.

അമേരിക്കയിലെ  ലിങ്കൺ സെന്റർ ഫോർ പെർഫോമിങ് ആർട്‌സിൽനിന്ന്‌ സർവകലാശാലക്ക്‌ ലഭിച്ച  5,76,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക്‌ മാറ്റിയാണ്‌  ഗോപീകൃഷ്‌ണൻ തട്ടിപ്പ്‌ നടത്തിയത്‌. സർവകലാശാല ഭരണസമിതിയംഗം ടി കെ വാസു ചെയർമാനായ കമീഷൻ തട്ടിപ്പ്‌ കണ്ടെത്തിയപ്പോൾ തുക സർവകലാശാലയിലേക്ക്‌  തിരിച്ചടച്ചു. ആദ്യം ഇയാളെ സസ്‌പെൻഡ്‌ചെയ്‌തു, തുടരന്വേഷണത്തിൽ പിരിച്ചുവിട്ടു.

ഇതിനെതിരെ ഗോപീകൃഷ്‌ണൻ ചാൻസലർക്ക്‌ അപ്പീൽ നൽകി. ഇതിന്റെ ഹിയറിങ്ങിൽ കലാമണ്ഡലം സ്‌റ്റാൻഡിങ് കൗൺസിൽതന്നെ  ക്രമക്കേടുകളും കുറ്റസമ്മതമൊഴിയും രേഖാമൂലം ഗവർണറെ ബോധിപ്പിച്ചു. എന്നാൽ ഇതെല്ലാം തള്ളി കുറ്റപത്രം അവ്യക്തമാണെന്നപേരിൽ  2021 മാർച്ച്‌ 19ന്‌ ഗോപീകൃഷ്‌ണനെ തിരിച്ചെടുക്കാനാവശ്യപ്പെട്ട്‌ ഏകപക്ഷീയ ഉത്തരവിറക്കി. യുജിസി ചട്ടങ്ങൾക്ക്‌ വിരുദ്ധമായതിനാൽ വിസിയും ഭരണസമിതിയും ഉത്തരവ്‌ നടപ്പാക്കിയില്ല. തുടർന്ന്‌ 2022 ജനുവരി 21ന്‌ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി വീണ്ടും വിസിക്ക്‌ കത്തയച്ചു.

യുജിസി ചട്ടപ്രകാരം കൽപ്പിത സർവകലാശാലകളിൽ അപ്പീൽ അധികാരിയല്ലാത്ത ചാൻസലർക്ക്‌ അപ്പീൽ പരിഗണിച്ച്‌, പിരിച്ചുവിട്ടയാളെ തിരിച്ചെടുക്കാൻ അധികാരമില്ല. യുജിസി ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച്‌  മറ്റു വിസിമാർക്കെതിരെ വാളോങ്ങുന്ന ഗവർണർതന്നെയാണ്‌ അതെല്ലാം മറികടന്ന്‌ സാമ്പത്തിക ക്രമക്കേടിന്‌ പുറത്താക്കിയ ആളെ തിരിച്ചെടുക്കാൻ ഉത്തരവിട്ടത്‌. ചാൻസലർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയായിരുന്നുവെന്ന്‌  മുൻ വിസി ഡോ.  ടി കെ നാരായണൻ ദേശാഭിമാനിയോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top