16 June Sunday

രാജ്‌ഭവൻ ‘ചട്ടം’ പഠിക്കുമോ 
ഇനിയെങ്കിലും

ദിനേശ്‌ വർമUpdated: Saturday Mar 25, 2023തിരുവനന്തപുരം
സർവകലാശാലകളുമായി ബന്ധപ്പെട്ട ഹൈക്കോടതിവിധികളിലൂടെ തള്ളിപ്പോയത്‌ സർക്കാരിന്റെ അധികാര അവകാശങ്ങളെ വളഞ്ഞവഴികളിലൂടെ അട്ടിമറിക്കാനുള്ള ആർഎസ്‌എസ്‌–- ബിജെപി സംഘത്തിന്റെ ഗൂഢ നീക്കം. രാജ്‌ഭവനിൽ ആർഎസ്‌എസ്‌ സംഘം പിടിമുറുക്കിയതോടെയാണ്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ സർവകലാശാലകളിൽ ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാൻ തുടങ്ങിയത്‌. ഗവർണറുടെ നടപടികൾ ചട്ടവിരുദ്ധമാണെന്ന്‌ സർക്കാർ പലയാവർത്തി പറഞ്ഞിട്ടും കേൾക്കാതായതോടെയാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. ഒമ്പത്‌ വൈസ്‌ ചാൻസലർമാർ 2022 ഒക്ടോബർ 24ന്‌ രാവിലെ രാജിവയ്ക്കണമെന്ന തീട്ടൂരം തടഞ്ഞ വിധിമുതൽ നിരന്തരമായ തിരിച്ചടികളാണ്‌ ചാൻസലറായ ഗവർണർ നേരിട്ടത്‌. കേരള, സാങ്കേതിക സർവകലാശാലകളിൽ സ്വീകരിച്ച നടപടികളെല്ലാം ചട്ടവിരുദ്ധമാണെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി. വൈസ്‌ചാൻസലർ നിയമനങ്ങൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലാണ്‌ നടക്കേണ്ടത്‌, സർവകലാശാല ഭരണ– -അക്കാദമിക കാര്യങ്ങളിൽ ചാൻസലർക്ക്‌ ഒരു അധികാരവുമില്ലെന്ന്‌ കോടതിവിധികൾ ആവർത്തിച്ചുറപ്പിച്ചു.

ഗവർണർ കേരള സർവകലാശാലയിൽ രണ്ടംഗ സെർച്ച്‌ കമ്മിറ്റി രൂപീകരിച്ചതും സെനറ്റിനെ അയോഗ്യരാക്കിയതും ചട്ടങ്ങൾ കാറ്റിൽപ്പറത്തി ഡോ. സിസ തോമസിന്‌ സാങ്കേതിക സർവകലാശാലയുടെ ചുമതല നൽകിയതും നിയമങ്ങളുടെ പിൻബലത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെയാണ്‌ സർക്കാരും സർവകലാശാലകളിലെ ഭരണസംവിധാനങ്ങളും  നീതി ലഭിക്കുമെന്നുറപ്പിച്ച്‌ മുന്നോട്ടു പോയത്‌. ഗവർണറുടെ നീക്കങ്ങളെ ആഘോഷിച്ച മാധ്യമങ്ങളടക്കം സർക്കാരിനുള്ള നിയമപരമായ അധികാരം കോടതി ശരിവച്ചപ്പോൾ നിശ്ശബ്ദരായി. വേണ്ടിവന്നാൽ മന്ത്രമാരെത്തന്നെ പിരിച്ചുവിടുമെന്ന അമിതാധികാര പ്രമത്തതവരെ കാണിച്ച ഗവർണറെ ഇവർ ആവോളം പ്രോത്സാഹിപ്പിക്കുന്നു.

ഗവർണർക്ക്‌ ജുഡീഷ്യലായ ഒരധികാരവുമില്ല. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച്‌ പ്രവർത്തിക്കുകയെന്ന ആർട്ടിക്കിൾ 163(1) ലെ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതെ, ഗവർണർ രാഷ്‌ട്രീയ ചട്ടുകമായതിന്റെ ദുരന്തമാണിപ്പോൾ കാണുന്നത്‌.

​അടിവന്ന വഴികള്‍

മാർച്ച്‌  17
കെടിയു സിൻഡിക്കറ്റിന്റെയും ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെയും തീരുമാനം സസ്പെൻഡ് ചെയ്ത ചാൻസലറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. സർവകലാശാല ഭരണനിർവഹണത്തിൽ വിസിയെ സഹായിക്കാൻ സിൻഡിക്കറ്റ് ഉപസമിതിയെ നിയമിക്കുക, ​ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കറ്റിന് റിപ്പോർട്ട് ചെയ്യണമെന്ന സ്റ്റാറ്റ്യൂട്ട് വ്യവസ്ഥ പാലിക്കുക, നിയമവിരുദ്ധമായി ജീവനക്കാരെ മാറ്റിയ നടപടി തടയുക എന്നീ തീരുമാനങ്ങളായിരുന്നു ​ചാൻസലർ റദ്ദാക്കിയത്. 

മാർച്ച്‌ 16
സാങ്കേതിക സർവകലാശാല ഇടക്കാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ചാൻസലർക്ക് സർക്കാരിനെ മറികടന്ന് താൽക്കാലിക വിസിയെ നിയമിക്കാനാകില്ല. ഡോ. സിസയെ മാറ്റി, പകരം യുജിസി  യോ​ഗ്യതയുള്ളവരെ സർക്കാരിന് ശുപാർശ ചെയ്യാമെന്ന് ഹൈക്കോടതി നിർദേശിച്ചു. സിസയുടെ നിയമനം ശരിവച്ച സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ആയിരുന്നു വിധി. ഇതേ അപ്പീലിൽ നവംബറിലെ ഇടക്കാല ഉത്തരവിലും ഗവർണർക്ക് തിരിച്ചടിയായിരുന്നു.

ഡിസംബർ 22
കേരള സർവകലാശാല വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഒരുമാസത്തിനകം നാമനിർദേശം ചെയ്യണമെന്ന സിം​ഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. സിം​ഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അം​ഗങ്ങൾ നൽകിയ അപ്പീലിലായിരുന്നു വിധി.

നവംബർ ഏഴ്
കേരളത്തിലെ 11 സർവകലാശാല വെെസ്‌ചാൻസലർമാരെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കം തടഞ്ഞ് ​ഹൈക്കോടതി ഇടക്കാല ഉത്തരവ്. സാങ്കേതിക സർവകലാശാലയ്‌ക്ക്‌ മാത്രം ബാധകമായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റ്‌ വിസിമാരും രാജിവയ്ക്കണമെന്നായിരുന്നു ഗവർണറുടെ നിലപാട്. വിസിമാർക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹെെക്കോടതി പറയുംവരെ അന്തിമതീരുമാനം എടുക്കരുതെന്നും നിർദേശിച്ചു. നിലവിലിത് ഹൈക്കോടതിയുടെ പരി​ഗണനയിലാണ്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top