19 April Friday

സമ്മർദത്തിലൂടെ 
നേടാൻ ഒന്നുമില്ല ; ഗവർണറുടെ ആക്ഷേപം അടിസ്ഥാനരഹിതം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022


തിരുവനന്തപുരം
തന്നിൽ സമ്മർദം ചെലുത്തുന്നുവെന്ന ഗവർണറുടെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സമ്മർദം ചെലുത്തി നേടിയെടുക്കേണ്ട അനർഹമായ താൽപ്പര്യങ്ങളൊന്നും സർക്കാരിനില്ല. ഭരണഘടനയും നിയമങ്ങളും അനുശാസിക്കുന്നവ അംഗീകരിക്കുകയെന്ന ഉത്തരവാദിത്വ നിർവഹണമാണ് ഗവർണറിൽനിന്ന്‌ പ്രതീക്ഷിക്കുന്നത്. ബില്ലുകൾ വായിച്ചുപോലും നോക്കാതെ ഒപ്പിടില്ലെന്ന് മുൻവിധിയോടെ ഗവർണർ തീരുമാനിക്കുന്നത് ഭരണഘടനാ നിഷേധമായി കാണേണ്ടിവരും. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം സർവകലാശാല നിയമത്തിലെ വ്യവസ്ഥ അനുസരിച്ച്‌ ചാൻസലറായ ഗവർണറാണ്‌ നടത്തിയത്‌. ഇതിൽ അപ്പീലടക്കം തള്ളി ഹൈക്കോടതിയും അംഗീകരിച്ചു. ജുഡീഷ്യൽ പുനഃപരിശോധനയിലും അംഗീകരിച്ച നടപടി തെറ്റാണെന്ന്‌ വ്യാഖ്യാനിക്കുന്നത് ഭരണഘടനാനുസൃതമാണോയെന്ന്‌ ഗവർണർ പരിശോധിക്കണം.

നിയമസഭ പാസാക്കിയ ബിൽ സമർപ്പിക്കപ്പെട്ടാൽ ഗവർണർക്ക്‌ അനുമതി നൽകുകയോ, നൽകാതിരിക്കുകയോ, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുകയോ, അതുമല്ലെങ്കിൽ ഭേദഗതികൾ നിർദേശിച്ച് ബിൽ നിയമസഭയ്ക്ക് തിരിച്ചയയ്ക്കുകയോ ചെയ്യാം. എന്നാൽ, മാധ്യമങ്ങൾക്കുമുന്നിൽ ചില പ്രത്യേക ബില്ലുകളിൽ ഒപ്പിടില്ലെന്ന് പ്രഖ്യാപിക്കുന്നത് ഭരണഘടനാനുസൃതമോ ഭരണപരമായ ഔചിത്യത്തിന് നിരക്കുന്നതോ അല്ല. അനന്തമായി, അനിശ്ചിതമായി ബില്ലുകൾ പിടിച്ചുവയ്ക്കാൻ ഭരണഘടന അനുവദിക്കുന്നെന്ന വാദം ഭരണഘടനാശിൽപ്പികളുടെ വീക്ഷണത്തിന് അനുസൃതമല്ല. ഇന്നും കോളനിവാഴ്ചയിലെ പ്രവിശ്യകൾക്കു തുല്യമാണ് നമ്മുടെ റിപ്പബ്ലിക്കിലെ സംസ്ഥാനങ്ങളെന്ന് കരുതുന്നുണ്ടെങ്കിൽ ആ ധാരണ മാറ്റുന്നതാണ് ഉചിതം. ഗവർണർ കേന്ദ്ര ഭരണകക്ഷിയുടെയോ സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കളുടെയോ ചുമതലകൾ നിർവഹിക്കാൻ തുടങ്ങുന്നത്‌ ആശാസ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം 
പൊടി തട്ടിയെടുക്കുന്നു
പൗരത്വ ഭേദഗതിനിയമം വീണ്ടും പൊടിതട്ടിയെടുക്കാനാണ് സംഘപരിവാർ ശ്രമമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ആഗസ്‌തിൽ പശ്ചിമ ബംഗാളിലെ ബിജെപിക്കാരനായ പ്രതിപക്ഷ നേതാവ് കേന്ദ്രആഭ്യന്തര മന്ത്രിയെ കണ്ട് പൗരത്വ ഭേദഗതി നിയമം എത്രയുംപെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ടു.  കോവിഡ് ബൂസ്റ്റർ ഡോസ് പ്രക്രിയ പൂർത്തീകരിച്ചാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുണ്ടായിരുന്നു. ആ പശ്ചാത്തലത്തിൽ, കണ്ണൂർ ചരിത്ര കോൺഗ്രസ് വിഷയം സാന്ദർഭികമായല്ലാതെ ഉദ്ധരിക്കുന്നത് നിഷ്കളങ്കമായി കാണാനാകില്ല. ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരൻമാരായി കണക്കാക്കുന്ന നിയമം കേരളത്തിൽ നടപ്പാകില്ലെന്ന്‌ നേരത്തേ പ്രഖ്യാപിച്ചതാണ്. ഇക്കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണ്. ഇടതുപക്ഷം ഇവിടുള്ളിടത്തോളം ഈ മണ്ണിൽ നടപ്പാകില്ല.

പുറത്തുവിട്ട കത്തിലും ഒന്നും കിട്ടിയില്ല
ഗവർണർ മുഖ്യമന്ത്രിയുമായുള്ള കത്തിടപാടുകൾ പുറത്തുവിട്ടതിലെ ധാർമികത ചർച്ച ചെയ്യേണ്ടതാണ്. ആ കത്തുകളിലൊന്നും സർക്കാരിനെയോ മുഖ്യമന്ത്രിയെയോ  കുറ്റപ്പെടുത്താവുന്നതൊന്നും ചൂണ്ടിക്കാട്ടാൻ ഗവർണർക്കോ കത്ത് കെെയിൽക്കിട്ടിയ മാധ്യമങ്ങൾക്കോ കഴിഞ്ഞിട്ടില്ല. ഒരാളിൽനിന്നും വഴിവിട്ട ആനുകൂല്യങ്ങൾ പറ്റുന്ന ആളല്ല താൻ. മുഖ്യമന്ത്രി കത്തുകൾക്ക് മറുപടി അയക്കുന്നില്ലെന്ന് ഗവർണർ ഉന്നയിച്ച പരാതിക്ക് പുറത്തുവിട്ട കത്തുകളും മറുപടി കത്തുകളുംതന്നെ മറുപടിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top