29 March Friday

ധൂർത്തിൽ പറന്ന്‌ ഗവർണർ ; വിമാനയാത്രയ്‌ക്ക്‌ ചെലവിട്ടത്‌ അനുവദിച്ചതിന്റെ ഒമ്പതിരട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022


തിരുവനന്തപുരം
സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾക്കും ഗൂഢാലോചനകൾക്കുമായി ഡൽഹിയിലേക്കും തിരിച്ചും നിരന്തരം പറക്കുന്ന ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ വിമാന യാത്രാക്കൂലി ഇനത്തിൽ മാത്രം ചെലവിടുന്നത്‌ ലക്ഷങ്ങൾ. ബജറ്റിൽ അനുവദിച്ചതിനേക്കാൾ ഒമ്പതിരട്ടിയോളം തുകയാണ്‌   ചെലവാക്കുന്നത്‌. ഏപ്രിലിൽ തുടങ്ങിയ സാമ്പത്തിക വർഷം ഗവർണർക്ക്‌ 11.8 ലക്ഷം രൂപയാണ്‌ യാത്രയ്ക്ക്‌ ബജറ്റ്‌ വിഹിതമായി അനുവദിച്ചത്‌. 8.29 ലക്ഷം രൂപ ഗവർണറുടെ ടൂർ ടിഎ വിഹിതവും ബാക്കി ഒപ്പമുള്ള ഉദ്യോഗസ്ഥരുടെ യാത്രാ ചെലവിനും വേണ്ടിയാണ്‌ അനുവദിക്കുന്നത്‌. എന്നാൽ, ജൂലൈ ആകുമ്പോഴേക്കും അനുവദിച്ച തുകയുടെ 80 ശതമാനവും ചെലവഴിച്ചു.

യാത്രാക്കൂലിയായി  25 ലക്ഷംകൂടി അനുവദിക്കണമെന്ന്‌ ജൂലൈയിൽ ഗവർണറുടെ ഓഫീസിൽനിന്ന്‌ സർക്കാരിനെ അറിയിച്ചു. അനുവദിച്ച തുകയിൽ 1.15 ലക്ഷം മാത്രമാണ്‌ ജൂലൈ 26 വരെയുള്ള കണക്കനുസരിച്ച്‌ ബാക്കിയുണ്ടായിരുന്നത്‌. 20.98 ലക്ഷം രൂപ ടിക്കറ്റ്‌ വാങ്ങിയ വകയിൽ കുടിശ്ശികയുണ്ടെന്നും 25 ലക്ഷം  കൂടുതൽ അനുവദിക്കണം എന്നുമാണ്‌   ആവശ്യം. ആഗസ്തിൽ  75 ലക്ഷം രൂപ കൂടുതൽ  ആവശ്യപ്പെട്ട്‌ വീണ്ടും കത്തയച്ചപ്പോൾ തുക അനുവദിച്ചു.  

മുമ്പ്‌ ഗവർണർമാർക്ക്‌ അനുവദിക്കുന്ന തുക പലപ്പോഴും പൂർണമായി ചെലവഴിക്കപ്പെടാറില്ല എന്നിരിക്കെയാണ്‌ ആരിഫ്‌ മൊഹമ്മദ്‌ഖാൻ  അധികം തുക ഖജനാവിൽനിന്ന്‌ വാങ്ങിയെടുത്തിരിക്കുന്നത്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൈകടത്തിയും ഭരണത്തിൽ ഇടപെട്ടും തുടങ്ങിയ ശേഷമാണ്‌ ഗവർണറുടെ ഡൽഹി യാത്രകളിൽ കാര്യമായ വർധനയുണ്ടായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top