25 April Thursday
ചരിത്രത്തിൽ ഇടംനേടി തീവ്രയജ്ഞം ; 70 ശതമാനം ജീവനക്കാർ ജോലിക്കെത്തി

ഞായറാഴ്‌ചയും കൈമെയ് മറന്ന്‌ ജീവനക്കാർ ; 2 ലക്ഷം ഫയൽ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കാക്കനാട് കലക്ടറേറ്റിലെ 
റവന്യു വകുപ്പിൽ തീർപ്പാക്കാനുള്ള ഫയലുകൾ എടുക്കുന്നു ഫോട്ടോ: മനു വിശ്വനാഥ്


തിരുവനന്തപുരം
ഒറ്റ അവധി ദിവസം കൊണ്ട്‌ രണ്ട്‌ ലക്ഷം ഫയൽ തീർപ്പാക്കി ചരിത്രത്തിലിടം പിടിച്ച്‌ സംസ്ഥാന സർക്കാർ. ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായാണ്‌ ഞായറാഴ്‌ച സംസ്ഥാനത്താകെ അയ്യായിരത്തിലധികം ഓഫീസ്‌ തുറന്നത്‌. 70 ശതമാനം ജീവനക്കാർ ജോലിക്കെത്തി.

തീവ്രയജ്ഞത്തിനായി ഒരു അവധി ദിവസം പരിശ്രമിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ നിർദേശിച്ചിരുന്നു. ഇത്‌ ഏറ്റെടുത്താണ്‌ ജീവനക്കാർ കൈ മെയ് മറന്ന്‌ പ്രവർത്തിച്ചത്‌. സെക്രട്ടറിയറ്റിൽ മാത്രം 2571 ജീവനക്കാരെത്തി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ്‌ പ്രവർത്തിച്ചു. പഞ്ചായത്ത്‌, -നഗരസഭാ ഓഫീസിലായി 34,995 ഫയൽ തീർപ്പാക്കി. 941 പഞ്ചായത്തും 87 മുനിസിപ്പാലിറ്റിയും ആറ്‌ കോർപറേഷനും  പ്രവർത്തിച്ചു. റവന്യു വകുപ്പിൽ 57,751 ഫയൽ തീർപ്പാക്കി.

ലാൻഡ്‌ റവന്യു കമീഷണറേറ്റ്‌, കലക്ടറേറ്റ്‌, താലൂക്ക്‌, വില്ലേജ്‌, സർവേ, ലാൻഡ്‌ ബോർഡ്‌ ഓഫീസും പ്രവർത്തിച്ചു. ആരോഗ്യ വകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലുമായി 1933 ഫയലും ആരോഗ്യ ഡയറക്ടറേറ്റിൽ മാത്രം 1371 എണ്ണവും തീർപ്പാക്കി. പൊലീസ് ആസ്ഥാനത്തും 80 ശതമാനം ഉദ്യോഗസ്ഥരും ഹാജരായി. 1939 ഫയൽ തീർപ്പാക്കി. വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ളവർ എത്തി.

കാസർകോട്‌ കലക്ടറേറ്റിലെ  എൻഡോൾഫാൻ സെല്ലിലെ 325 ഫയൽ തീർപ്പാക്കി. ദുരിതബാധിതർക്ക് ധനസഹായം നൽകാൻ വില്ലേജ് ഓഫീസും അക്ഷയ കേന്ദ്രവും പ്രവർത്തിച്ചു. ക്രഷുകൾ അവധിയായതിനാൽ കൈക്കുഞ്ഞുങ്ങളുമായാണ് ചില ജീവനക്കാർ എത്തിയത്. കോവിഡ് പ്രതിസന്ധിയിൽ വൈകിയ പ്രവർത്തനം സമയബന്ധിതമാക്കാനാണ്‌ ജൂൺ 15 മുതൽ സെപ്‌തംബർ 30 വരെ തീവ്രയജ്ഞം നടത്തുന്നത്‌. ഫയൽ തീർപ്പാക്കൽ യജ്ഞമെന്ന വലിയ ഉദ്യമം ഏറ്റെടുത്ത ജീവനക്കാർക്കും ഉന്നതോദ്യോഗസ്ഥർക്കും മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യമർപ്പിച്ചു.  ജനങ്ങളുമായി ബന്ധപ്പെട്ട്‌ കുടിശ്ശികയായിക്കിടന്ന നിരവധി ഫയലുകൾ തീർപ്പാക്കാനായതായും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top