27 April Saturday

സ്വർണക്കടത്ത്‌ കേസ്‌ : സർക്കാരിനെതിരെ മൊഴിനൽകാൻ ജയിൽ സൂപ്രണ്ട്‌ ഇടപെട്ടതായി റിപ്പോർട്ട്‌

റഷീദ്‌ ആനപ്പുറംUpdated: Wednesday Sep 22, 2021


തിരുവനന്തപുരം
സർക്കാരിനെ അട്ടിമറിക്കാൻ വിയ്യൂർ ജയിൽ സൂപ്രണ്ട്‌ എ ജി സുരേഷ്‌ സ്വർണക്കടത്ത്‌ കേസ്‌ പ്രതികളെക്കൊണ്ട്‌ കള്ളമൊഴി കൊടുപ്പിക്കാൻ ശ്രമിച്ചതായി ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്‌. അതീവ സുരക്ഷാ ജയിലിൽ പ്രതികളെ നേരിൽക്കണ്ട്‌ സർക്കാരിനെതിരെ മൊഴി നൽകാൻ എ ജി സുരേഷ്‌ സമ്മർദം ചെലുത്തി.

ഔദ്യോഗിക വസതിയിൽ സർക്കാരിനെതിരെ യോഗം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.  അന്വേഷണ റിപ്പോർട്ട്‌ ചൊവ്വാഴ്‌ച ഉത്തരമേഖലാ ഡിഐജി വിനോദ്‌ കുമാർ ജയിൽ മേധാവി ഷേക്‌ ദർവേഷ്‌ സാഹെബിന്‌ കൈമാറി. ഇത്‌ അടുത്ത ദിവസം ആഭ്യന്തരവകുപ്പിന് കൈമാറും. സ്വർണക്കടത്ത്‌ കേസിലെ പ്രതികളായ സന്ദീപ്‌, സരിത്ത്‌, റമീസ്‌ എന്നിവർ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയവെയാണ്‌ ഇവിടെ സൂപ്രണ്ടായിരുന്ന എ ജി സുരേഷ്‌ സർക്കാരിനെതിരെ മൊഴി നൽകാൻ സമ്മർദം ചെലുത്തിയത്‌. ഇതേക്കുറിച്ച്‌ ആഭ്യന്തര വകുപ്പിന്‌ വിവരം ലഭിച്ചതോടെ സുരേഷിനെ സ്ഥലംമാറ്റി. ആദ്യം നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കും പിന്നീട്‌ വിയ്യൂർ സെൻട്രൽ ജയിലിലേക്കുമാണ്‌ മാറ്റിയത്‌. 

വിയ്യൂരിൽ എത്തിയതോടെയാണ്‌ കൊലക്കേസ്‌ പ്രതി റഷീദ്‌ ഉൾപ്പെടെയുള്ളവർക്ക്‌ യഥേഷ്‌ടം ഫോൺ ഉപയോഗിക്കാൻ സഹായം നൽകിയത്‌.  
തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടനാണ്‌ കോൺഗ്രസ്‌ അനുകൂല ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം നടത്തിയത്‌. ജയിൽ വകുപ്പിന്റെ ക്വാർട്ടേഴ്‌സിൽ നടന്ന യോഗത്തിൽ വിവിധ ജില്ലയിൽനിന്നടക്കമുള്ള  ഉദ്യോഗസ്ഥർ പങ്കെടുത്തു. യുഡിഎഫ്‌ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിൽ സ്ഥലം മറ്റേണ്ട ഉദ്യോഗസ്ഥരുടെ പട്ടികയടക്കം ഇവർ തയ്യാറാക്കിയതായും വിവരമുണ്ട്‌.ജയിൽ സൂപ്രണ്ടിന്റെ സർക്കാർവിരുദ്ധ പ്രവർത്തനത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കണമെന്ന്‌ റിപ്പോർട്ടിലുണ്ട്‌. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരും ഉദ്യോഗസ്ഥരും സൂപ്രണ്ടിനെതിരെ മൊഴി നൽകിയിട്ടുണ്ട്‌.

സൂപ്രണ്ടിൽനിന്ന്‌ വിശദീകരണം തേടി
വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്‌ എ ജി സുരേഷിന്‌ ജയിൽ മേധാവി വിശദീകരണ നോട്ടീസ്‌ നൽകി. ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ്‌ നടപടി. ഏഴ്‌ ദിവസത്തിനകം വിശദീകരണം നൽകണം. സുരേഷിനെ സസ്‌പെൻഡ്‌ ചെയ്‌ത്‌ പുറത്തുനിന്നുള്ള ഏജൻസിയെക്കൊണ്ട്‌ അന്വേഷണം നടത്തണമെന്ന്‌ ഡിഐജിയുടെ റിപ്പോർട്ടിലുണ്ട്‌. ഇതിൽ അടുത്ത ദിവസം സർക്കാർ തീരുമാനമെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top