25 April Thursday

അലക്‌സേ അരുൺ നേടി സ്വർണം

ജെയ്സൻ ഫ്രാൻസിസ്Updated: Tuesday May 10, 2022

അരുൺ



തിരുവനന്തപുരം
അരുൺ സ്വർണം എയ്‌ത്‌ വീഴ്‌ത്തിയ വില്ലിൽ അലക്‌സിന്റെ ഓർമകളുണ്ടായിരുന്നു. എറണാകുളത്തിന്റെ അമ്പെയ്ത്തുതാരമായിയിരുന്ന അലക്‌സ്‌ ജീവിതത്തിന്റെ കളത്തിൽനിന്നും മറഞ്ഞപ്പോൾ പ്രിയപ്പെട്ടവർക്ക്‌ ബാക്കിവച്ചത്‌ ഒരിക്കലും മായാത്ത ഓർമകളും ഏറെ സ്‌നേഹിച്ചിരുന്ന ആ വില്ലുമായിരുന്നു. 

മകന്റെ  വില്ല്‌  പ്രതിഭയുള്ള താരങ്ങൾക്ക്‌ സമ്മാനിക്കാൻ അലക്‌സിന്റെ മാതാപിതാക്കൾ പരിശീലകന്‌ കൈമാറി.  ഒടുവിൽ അത് എത്തിച്ചേർന്നത്‌ വയനാട്ടുകാരൻ അരുണിന്റെ കെെയിൽ.  അലക്‌സിന്റെ വില്ലുമായി ഇറങ്ങിയ അരുണിന്‌ ഉന്നം തെറ്റിയില്ല. റീകർവ്‌ വിഭാഗത്തിലാണ്‌ അരുൺ മത്സരിച്ചത്‌. ആദ്യമായാണ്‌ ഈ ഇനത്തിൽ ഇറങ്ങിയത്‌. നേരത്തെ ഇന്ത്യൻ റൗണ്ടായിരുന്നു ഇനം.

അലക്‌സിനൊപ്പം പരിശീലിക്കുകയും മത്സരത്തിന്‌ ഇറങ്ങുകയും ചെയ്‌തിട്ടുണ്ട്‌. കൂട്ടുകാരന്റെ വില്ല്‌ അരുണിന്റെ സ്വർണ സ്വപ്‌നത്തിന്‌ യാഥാർഥ്യത്തിന്റെ നിറം നൽകി. കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ വെങ്കലം നേടിയിട്ടുണ്ട്‌ ഈ മിടുക്കൻ. ആ മികവിന്‌ എൽഡിഎഫ്‌ അധികാരത്തിൽ എത്തിയപ്പോൾ സർക്കാർ ജോലിയും നൽകി. ഇന്ത്യൻ റൗണ്ട്‌ വിഭാഗത്തിൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക്‌ സാധ്യത കുറവെന്ന്‌ കണ്ടാണ്‌ റികർവിലേക്ക്‌ മാറിയത്‌. മികച്ച നിലവാരത്തിലുള്ള അമ്പും ശരങ്ങളും ഉണ്ടെങ്കിലേ ഇതിൽ മിന്നാനാകൂ. വില രണ്ട്‌ ലക്ഷത്തിന്‌ മുകളിൽ വരും. ജോലിക്ക്‌ കയറി അധിക നാളാകാത്തതും കടങ്ങളും അത്തരമൊരു വില്ല്‌ വാങ്ങുന്നതിന്‌ തടസ്സമായി. അങ്ങനെയിരിക്കെയാണ്‌ അലക്‌സിന്റെ വില്ല്‌ പരിശീലകൻ വഴി ലഭിച്ചത്. കുറിച്യ വിഭാഗത്തിലുള്ളയാളാണ്‌ അരുൺ. ഓൾ ഇന്ത്യ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ വെള്ളിയും ജൂനിയർ നാഷണലിൽ വെങ്കലവും നേടിയിട്ടുണ്ട്‌.

കുറിച്യ വിഭാഗത്തിൽനിന്ന്‌ മറ്റൊരാൾ കൂടി കേരള ഗെയിംസിൽ മെഡൽ നേടി. ഇന്ത്യൻ റൗണ്ട്‌ വിഭാഗത്തിൽ രാഗേഷാണ്‌ വെങ്കലം നേിടയത്‌. ബിരുദാനന്തര ബിരുദധാരിയായ ഈ യുവാവ്‌ കൂലിപ്പണിയെടുത്താണ്‌ മത്സരാവശ്യങ്ങൾക്ക്‌ പണം കണ്ടെത്തുന്നത്‌. ഇതിനായി വില കുറഞ്ഞ വില്ലും  പണം മുടക്കി വാങ്ങി. അമ്പെയ്‌ത്തിൽ ഇനിയും മുന്നേറണമെന്നാണ്‌ ഈ താരങ്ങളുടെ ആഗ്രഹം. അതിന്‌ ഉന്നത നിലവാരത്തിലുള്ള വില്ല്‌ വേണമെന്നും അതിന്‌ സഹായിക്കണമെന്നുമാണ്‌ ഇരുവരുടെയും അഭ്യർഥന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top