25 April Thursday

കിഫ്‌ബിയിലും പ്രളയത്തിലും സിഎജി; വളച്ചൊടിച്ച ‘കടക്കെണി’; ‘കണ്ടെത്തലുകൾ’ 
ദുരൂഹം

സ്വന്തം ലേഖകൻUpdated: Sunday Nov 14, 2021

തിരുവനന്തപുരം > മഹാപ്രളയത്തിലും 2019–-20 മികച്ച ധനവർഷമാണെന്ന്‌ ബോധ്യപ്പെട്ടിട്ടും കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ വസ്‌തുതകൾ വളച്ചൊടിച്ചു. സിഎജി റിപ്പോർട്ടിൽ കേരളത്തിന്റെ സാമ്പത്തികവളർച്ച 9.34 ശതമാനമാണ്‌. രാജ്യത്തിന്റേത്‌ 7.21 ഉം. കേരളത്തിന്റെ ധനകമ്മി മുൻവർഷത്തെ 3.5ൽനിന്ന്‌ 2.8 ശതമാനമായി. റവന്യൂകമ്മി 2.2ൽനിന്ന്‌ 1.7 ശതമാനവും. 2016–-17ൽ ധനകമ്മി 4.2ഉം റവന്യൂകമ്മി 2.4ഉം ശതമാനവുമായിരുന്നു. പ്രകടമായ ഈമാറ്റം മറയ്‌ക്കാനാണ്‌  ‘പോസ്റ്റ്‌ ഓഡിറ്റ്‌ കണ്ടെത്തലാ’യി കിഫ്‌ബിയുടെയും പെൻഷൻഫണ്ടിന്റെയും വായ്‌പകൾ കൂട്ടിച്ചേർത്ത്‌ കേരളത്തെ കടക്കെണിയിലാക്കിയത്‌.

കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ അനുവിറ്റി പദ്ധതി മാതൃകയാണ്‌ കിഫ്‌ബിയുടെ അടിസ്ഥാനം. പദ്ധതിനിർവഹണത്തിന്‌ കരാറുകാരൻ വായ്‌പയെടുക്കും. അടങ്കലും പലിശയും നിശ്ചിത വർഷത്തിനുള്ളിൽ കരാറുകാരന്‌ ഗഡുക്കളായി നൽകുന്ന അനുവിറ്റിയിൽ പൂർണബാധ്യത സർക്കാരിനാണ്. 2019 അവസാനം കേന്ദ്രസർക്കാരിന് ഒരുലക്ഷം കോടിരൂപയുടെ 93 അനുവിറ്റി പദ്ധതിയുണ്ടായിരുന്നു. സംസ്ഥാന സർക്കാരുകൾക്കെല്ലാംകൂടി പതിനായിരത്തിൽപ്പരം കോടിയുടെ പദ്ധതികളും. ഇതൊന്നും ബജറ്റ്‌ കണക്കിന്റെ ഭാഗമല്ല. സിഎജി വിമർശം ഉന്നയിച്ചിട്ടുമില്ല. 

ജറ്റിലെ 70,000 കോടിയുടെ പദ്ധതികളാണ്‌ അനുവിറ്റി മാതൃകയിൽ കിഫ്‌ബിയെ ചുമതലപ്പെടുത്തിയത്‌. വായ്‌പാതിരിച്ചടവിന്‌ മോട്ടോർവാഹന നികുതിയുടെ പകുതിയും പെട്രോൾസെസ്‌ തുകയും നിയമംവഴി ഉറപ്പാക്കി‌‌. കരാറുകാർക്ക് കൊടുക്കാനുള്ള തുക കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ പ്രത്യക്ഷ ബാധ്യതയാകുന്ന അനുവിറ്റി പദ്ധതികളെ എതിർക്കാത്ത സിഎജി, കിഫ്‌ബിയെമാത്രം വിമർശിക്കുന്നതിലെ നിക്ഷിപ്‌ത താൽപ്പര്യം വ്യക്തം.

കിഫ്ബിയുടെ 25 ശതമാനത്തിലധികം പദ്ധതികൾ വരുമാനദായകമാണ്. വൈദ്യുതി ബോർഡ്‌, കെ ഫോൺ, വ്യവസായാവശ്യത്തിന്‌ ഭൂമി എന്നിവയ്‌ക്ക്‌ നൽകുന്ന വായ്‌പ കിഫ്‌ബിക്ക് മടക്കിലഭിക്കും‌. നികുതിവിഹിതത്തോടൊപ്പം ഇതുകൂടി ചേരുമ്പോൾ കടക്കെണിയിലുമാകില്ല.  സാമൂഹ്യക്ഷേമ പെൻഷനുകൾക്കാണ്‌ പെൻഷൻ ഫണ്ട്‌ കമ്പനി കടമെടുക്കുന്നത്‌. ബജറ്റിനുപുറത്ത്‌ ഇത്തരത്തിൽ കേന്ദ്രസർക്കാരും കടമെടുക്കുന്നുണ്ട്‌, സിഎജി ഇത്‌ ചോദ്യം ചെയ്‌തിട്ടുമില്ല.

‘കണ്ടെത്തലുകൾ’ 
ദുരൂഹം

സ്വന്തം ലേഖകൻ
തിരുവനന്തപുരം > പ്രളയവുമായി ബന്ധപ്പെട്ട കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ നിരീക്ഷണങ്ങളിൽ ദുരൂഹതയേറെ. 2018ൽ മഹാപ്രളയമുണ്ടാകുമെന്ന്‌ സംസ്ഥാന സർക്കാർ മുൻകൂട്ടി കണ്ടില്ലെന്ന വിചിത്രവാദമാണ്‌ ‘കേരളത്തിലെ പ്രളയങ്ങൾ–- മുന്നൊരുക്കവും പ്രതിരോധവും’ റിപ്പോർട്ടിൽ സിഎജി ഉയർത്തിയത്‌. 2018ലെ പ്രളയത്തിന്റെ മുന്നൊരുക്കവും പ്രതികരണങ്ങളും പര്യാപ്‌തവും സംയോജിതവുമായിരുന്നോ എന്ന പരിശോധനയാണ്‌ ഓഡിറ്റിന്റെ ഉദ്ദേശ്യമായി പറയുന്നത്‌. ഇത്‌ ഭരണഘടന നിശ്ചയിച്ചിട്ടുള്ള അധികാരങ്ങൾക്കുള്ളിൽനിന്നാണോ സിഎജി നിർവഹിച്ചതെന്ന സംശയവും ഉയർത്തുന്നു.

2005ലെ കേന്ദ്ര ദുരന്തനിവാരണ നിയമം, പ്രളയ പരിപാലനത്തെക്കുറിച്ച്‌ ദേശീയ ദുരന്തനിവാരണ അതോറിറ്റി 2008ൽ പുറത്തിറക്കിയ മാർഗരേഖ, 2007ലെ സംസ്ഥാന ദുരന്തനിവാരണ ചട്ടങ്ങൾ, 2010ലെ ദുരന്തനിവാരണ നയം, 2002ലെയും 2012ലെയും ദേശീയ ജലനയം, 2016ലെ ദേശീയ, സംസ്ഥാന ദുരന്തനിവാരണ നയങ്ങൾ എന്നിവയാണ്‌ മാനദണ്ഡ നിർണയത്തിന്‌ ഉപയോഗിച്ചത്‌. ഇവയിലൊന്നും 2018ൽ കേരളം നേരിട്ടതുപോലെയുള്ള മഹാപ്രളയത്തിന്റെ സാധ്യത കാണുന്നില്ല. പ്രളയം ബാധിച്ചതിൽ നാലു ജില്ലയിലെ എട്ടു താലൂക്കിനെമാത്രം ഉൾപ്പെടുത്തിയുള്ള പഠനത്തിലൂടെയും പ്രളയബാധിതരായ 800 പേരിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ്‌ നിഗമനങ്ങൾ. പ്രളയാനന്തരം ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ നടത്തിയ ‘പ്രളയം കൃത്രിമമായി സൃഷ്ടിക്കൽ’ പഠനമാണ്‌  സാങ്കേതിക ഉപാധിയായി ഉപയോഗിച്ചത്‌. ഇതിൽ സർക്കാർ ആശങ്ക സിഎജിയെ അറിയിച്ചിരുന്നു.

ദുരന്തനിവാരണ അതോറിറ്റിയുടെ പ്രളയസാധ്യതാ മാപ്പ്‌ കേന്ദ്ര ജലകമീഷൻ മാനദണ്ഡങ്ങൾക്ക്‌ അനുസൃതമല്ലെന്നാണ്‌ മറ്റൊരു കണ്ടെത്തൽ.‌ എന്നാൽ, 2016ലെ സംസ്ഥാന ദുരന്തനിവാരണ പ്ലാൻ അംഗീകരിച്ച കേന്ദ്ര ഭൗമശാസ്‌ത്ര പഠനകേന്ദ്രം പഠനത്തിന്‌ 70 ശതമാനം കൃത്യതയുണ്ടെന്ന്‌ വിലയിരുത്തിയത്‌ സിഎജി തള്ളുന്നുമില്ല.

മുപ്പത്തിരണ്ട്‌ മഴമാപിനി ആവശ്യമായ പെരിയാർ തടത്തിൽ ആറെണ്ണംമാത്രമാണ്‌ പ്രളയകാലത്തുണ്ടായിരുന്നതെന്നതും സംസ്ഥാനത്തിന്റെ ചുമലിലേറ്റി. എന്നാൽ, ഇവ സ്ഥാപിക്കേണ്ടത്‌ കേന്ദ്ര കാലാവസ്ഥാവകുപ്പാണ്‌. ഹൈഡ്രോളജി ഇൻഫർമേഷൻ സിസ്റ്റം നവീകരിക്കാൻ കരാർ നൽകിയതും പൂർത്തിയാകുംമുമ്പേ പണം നൽകിയതും കഴിഞ്ഞ യുഡിഎഫ്‌ സർക്കാരാണെന്നതും റിപ്പോർട്ട്‌ മറച്ചുവച്ചു.

പ്രളയ സമതലമേഖല: 
എതിർപ്പ്‌ അറിയിച്ചത് 
യുഡിഎഫ്‌ സർക്കാർ

തിരുവനന്തപുരം > പ്രളയ സമതലമേഖല തിരിച്ചില്ലെന്ന കുറ്റപത്രം കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിനെതിരെ ഉപയോഗിക്കാനാണ്‌ പ്രതിപക്ഷമടക്കം ശ്രമിക്കുന്നത്‌. ഇതിനായുള്ള നിയമനിർമാണത്തിന്റെ മാതൃകാ കരട്‌ 1975ലാണ്‌ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക്‌ നൽകിയത്‌. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം കേരളത്തിൽ മേഖല തിരിക്കൽ അസാധ്യമാണെന്ന്‌ 2013ൽ യുഡിഎഫ്‌ സർക്കാർ കേന്ദ്ര ജലവിഭവ വകുപ്പിനെ അറിയിച്ചു. മണിപ്പുർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങൾമാത്രമാണ്‌ നിയമം നിർമിച്ചത്‌. ഗംഗ, യമുന, ബ്രഹ്മപുത്രാ തടങ്ങളിലെ സംസ്ഥാനങ്ങൾപോലും നിയമം നിർമിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top