26 April Friday

മത്സ്യത്തൊഴിലാളികൾക്ക്‌ ആഴക്കടൽ മത്സ്യബന്ധനസൗകര്യം ; കേരള പദ്ധതിയും കേന്ദ്രം തള്ളി

ആർ ഹേമലതUpdated: Sunday Sep 11, 2022


കൊച്ചി
കടൽ കുത്തകകൾക്ക്‌ പതിച്ചു നൽകുന്ന കേന്ദ്ര സർക്കാർ, പരമ്പരാഗത മത്സ്യതൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിന്‌ പ്രാപ്‌തമാക്കുന്നതിന്‌ സംസ്ഥാന സർക്കാർ നിർദേശിച്ച പദ്ധതിയും  തള്ളി.

കേരളതീരത്ത്‌ ഇരുനൂറു നോട്ടിക്കൽ മൈലിന്‌ പുറത്തുള്ള ആഴക്കടലിലാണ്‌ ഇന്ന്‌ ലോകത്ത്‌ മഞ്ഞച്ചൂരയും നെയ്‌മീനും കൂടുതലുള്ളത്‌.  ഫ്രാൻസ്‌, സ്‌പെയിൻ, ഇറ്റലി, ചൈന, തെയ്‌വാൻ തുടങ്ങിയ രാജ്യങ്ങളുടെ വൻകിട ബോട്ടുകൾ ഇവ ചൂഷണം ചെയ്‌ത്‌ കോടികളാണ്‌ കൊയ്യുന്നത്‌. ഇവിടെ മത്സ്യബന്ധനത്തിന്‌ 16 സഹകരണ സംഘങ്ങൾക്കായി 41 ആഴക്കടൽബോട്ടുകൾ നിർമിച്ച്‌ നൽകാനാണ്‌ സംസ്ഥാന സർക്കാർ 2017ൽ കേന്ദ്രത്തിന്‌ പദ്ധതി  സമർപ്പിച്ചത്‌. കൊച്ചി കപ്പൽശാലയുമായി സഹകരിച്ച്‌ ബോട്ട്‌ നിർമിക്കാനായിരുന്നു തീരുമാനം. ബോട്ടൊന്നിന്‌ 1.5 കോടി രൂപ ചലവ്‌ കണക്കാക്കി.  എന്നാൽ 1.2 കോടി മാത്രമെ നൽകാനാകൂ എന്നതായിരുന്നു കേന്ദ്രനിലപാട്‌. കേരളത്തിലെ തൊഴിലാളികൾക്ക്‌ ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള സാങ്കേതികമികവ്‌ കുറവായതിനാൽ സൗകര്യങ്ങൾ കൂടുതലുള്ള ബോട്ട്‌ വേണമായിരുന്നു.  അതിനാലാണ്‌ നിർമാണ ചെലവ്‌ കൂടിയതെന്ന്‌ അന്നത്തെ  ഫിഷറീസ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കേരളം നിർദേശിച്ച പദ്ധതി കേന്ദ്രം തള്ളുകയും ചെയ്‌തു.

അതേസമയം, തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികൾക്ക്‌ 1.2 കോടിയുടെ 28 ബോട്ടും കൊച്ചി കപ്പൽശാല മുഖേന നൽകി.  പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക്‌ ബോട്ട്‌ നിഷേധിച്ച അതേ കേന്ദ്രസർക്കാർ ഇപ്പോൾ രണ്ട്‌ വൻകിടബോട്ടുകൾ സംസ്ഥാനത്തിന്‌ വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ്‌. രണ്ടെണ്ണംമാത്രം നൽകി സംസ്ഥാനത്തെ തൃപ്‌തിപ്പെടുത്തി, വൻകിടക്കാർക്ക്‌ ലൈസൻസ്‌ഫീസ്‌ വാങ്ങി കടൽ തീറെഴുതാനാണ്‌ കേന്ദ്രത്തിന്റെ നീക്കമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

അന്താരാഷ്‌ട്ര തൊഴിൽസംഘടനയുടെ മാനദണ്ഡം അനുസരിച്ച്‌ ആഴക്കടലിൽ മീൻപിടിത്തത്തിനു പോകുന്നവർക്കുള്ള അടിസ്ഥാനസൗകര്യവും സുരക്ഷയും ഒരുക്കേണ്ടത്‌ കേന്ദ്രസർക്കാരാണ്‌.    ഓഖിക്കുശേഷം ബോട്ടുകളിൽ റേഡിയോ ടെലിഫോൺ നൽകണമെന്ന ആവശ്യമുയർന്നിരുന്നു.  എന്നാൽ കേന്ദ്രസർക്കാരിന്റെ നിഷേധ നിലപാട്‌ മൂലം  ബോട്ടുടമകൾക്ക്‌ 2.5 ലക്ഷം രൂപ ചെലവിട്ട്‌ എഐഎസ്‌  (ഓട്ടോമാറ്റിക്‌ ഇൻഫോർമേഷൻ സിസ്‌റ്റം) സംവിധാനം ഒരുക്കേണ്ടി വന്നു. ഇതിന്‌ 60 ശതമാനം സബ്‌സിഡി നൽകാമെന്ന വാഗ്‌ദാനവും കേന്ദ്രസർക്കാർ പാലിച്ചില്ല.

പ്രക്ഷോഭം 
സംഘടിപ്പിക്കും
പരമ്പരാഗത മത്സ്യത്തൊഴിലാളിയെ കടലിൽനിന്ന്‌ തുരത്താനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. ആഴക്കടൽ മീൻപിടിത്തത്തിന്‌ പരമ്പരാഗത മത്സ്യത്തൊഴിലാളിയെ പ്രാപ്‌തമാക്കുക എന്നതാണ്‌ സംസ്ഥാന സർക്കാരിന്റെ നയം. അതിനായി നിർമിക്കുന്ന മീൻപിടിത്ത ബോട്ടുകൾക്ക്‌ വൻ മുതൽമുടക്ക്‌ വരുമെന്നതിനാൽ ആവശ്യമായ സബ്‌സിഡി നൽകി അവരെ സംരക്ഷിക്കുക എന്നതും ഈ നയത്തിന്റെ ഭാഗമാണ്‌. എന്നാൽ, കേന്ദ്രം സബ്‌സിഡി പിൻവലിച്ച്‌ കുത്തകകളോട്‌ ഫീസ്‌ വാങ്ങി കടൽ ചൂഷണം ചെയ്യാൻ അനുവദിക്കുകയാണ്‌. ഇതിനെ ചെറുക്കണം. തൊഴിലാളി സംഘടനകൾ ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും.

കൂട്ടായി ബഷീർ (മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്‌ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top