19 April Friday
അവഗണനയും അട്ടിമറിയും നേരിട്ടു

കേരളക്കുതിപ്പ്‌ ; 2012ന്‌ ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചനിരക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023


തിരുവനന്തപുരം
അർഹമായ  സാമ്പത്തിക വിഹിതം നിഷേധിച്ചും വികസന പദ്ധതികൾ അട്ടിമറിച്ചും കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നതിനിടയിലും അഭൂതപൂർവമായ വളർച്ച നിരക്ക്‌ കൈവരിച്ച്‌ കേരളം.കഴിഞ്ഞ സാമ്പത്തികവർഷം കേരള സമ്പദ്‌വ്യവസ്ഥ ശക്തമായ തിരിച്ചുവരവ്‌ നടത്തിയതായി ആസൂത്രണ ബോർഡിന്റെ 2021–-2022ലെ സാമ്പത്തികാവലോകന റിപ്പോർട്ട്‌ വ്യക്തമാക്കി.  മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദന വളർച്ച 12.01 ശതമാനമാണ്‌. 2020ൽ 8.43 ശതമാനവും. 2012ന്‌ ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ച നിരക്കാണ് ഇതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽവച്ച റിപ്പോർട്ടിൽ പറയുന്നു.

മഹാപ്രളയത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ പിന്നോട്ടടി നേരിട്ട സാമ്പത്തികമേഖലകളെല്ലാം വീണ്ടെടുപ്പിന്റെ പാതയിലാണ്‌. കഴിഞ്ഞവർഷം സമ്പദ്ഘടനയുടെ വളർച്ച 8.7 ശതമാനമാണ്‌. സംസ്ഥാന സർക്കാരിന്റെ നയപരമായ ഇടപെടലുകളും ഉത്തേജക പാക്കേജുകളും വളർച്ചയുടെ വേഗം കൂട്ടി.  

മുൻവർഷത്തെ അപേക്ഷിച്ച് കൃഷി–- അനുബന്ധ പ്രവൃത്തികൾ 4.64 ശതമാനം, വ്യവസായം 3.9 ശതമാനം, സേവനമേഖലകൾ 17.3 ശതമാനം എന്നിങ്ങനെ വളർന്നു. നേരത്തെ ഈ മേഖലകളെല്ലാം തളർച്ചയിലായിരുന്നു. കൃഷി, അനുബന്ധമേഖലകളിലെ വളർച്ച മുൻവർഷത്തെ 0.24 ശതമാനത്തിൽനിന്നാണ്‌ 4.64 ശതമാനമായത്‌. ദേശീയ വളർച്ച മൂന്നു ശതമാനവും.  മീൻപിടിത്തം–-മീൻകൃഷി, വിള മേഖലയിൽ യഥാക്രമം 30.1 ശതമാനവും 3.63 ശതമാനവുമാണ്‌ വളർച്ച.

വ്യവസായമേഖലയുടെ വളർച്ച നിരക്ക്‌ മുൻവർഷം 2.82 ശതമാനമായിരുന്നു. ഉൽപ്പാദനം (3.63 ശതമാനം), കെട്ടിട നിർമാണം (2.4 ശതമാനം) എന്നിവയിലും മികച്ച വളർച്ചയുണ്ടായി. സാമ്പത്തിക സേവനങ്ങളിലും കോവിഡ് നിയന്ത്രണങ്ങളിലും കൊണ്ടുവന്ന ഇളവുകൾ കെട്ടിടനിർമാണമേഖലയ്‌ക്ക്‌ ആശ്വാസമായി. സേവനമേഖല 14.44 ശതമാനത്തിൽനിന്ന്‌ 17.3 ശതമാനം വളർന്നു. സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 2.29 ശതമാനത്തിലേക്ക്‌ താഴ്‌ന്നു. മുൻ വർഷം 2.51 ശതമാനമായിരുന്നു. ധനകമ്മിയും ആഭ്യന്തര സംസ്ഥാന മൊത്ത ഉൽപ്പാദനവും തമ്മിലുള്ള അനുപാതം 4.57 ശതമാനത്തിൽനിന്ന്‌ 4.11 ശതമാനമായി. പൊതുമേഖലാ ബാങ്കുകളുടെ വായ്‌പാ നിക്ഷേപാനുപാതം 2021 മാർച്ചിൽ 64.74 ശതമാനമായിരുന്നു. 2022 മാർച്ചിൽ 65.85 ശതമാനമായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top