18 December Thursday
കേരള ഇ–മൊബിലിറ്റി ആപ്ലിക്കേഷന്‍ എന്ന ആപ് 
 ഈ മാസം പുറത്തിറക്കും

ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജാക്കാൻ കെഎസ്ഇബിയുടെ സ്വന്തം ആപ്‌

ടി എം സുജിത്ത്‌Updated: Sunday Sep 10, 2023


പാലക്കാട്
ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കെഎസ്ഇബി പുതിയ ആപ്ലിക്കേഷൻ ഇറക്കുന്നു. ഒരു മാസത്തെ ട്രയൽ റണ്ണിനുശേഷം "കേരള ഇ മൊബിലിറ്റി ആപ്ലിക്കേഷൻ' ഈ മാസം അവസാനം പുറത്തിറക്കും. നിലവിൽ സ്വകാര്യ ആപ്ലിക്കേഷനുകൾ ഉപയോ​ഗിച്ചാണ് ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത്. ചാർജ് മോഡ്, ടയർ എക്‍സ് ആപ്, ഒക്കായ ആപ് എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകളാണ് ഉപയോ​ഗിക്കുന്നത്.   കെഎസ്‌ഇബി ആപ്‌ വരുന്നതോടെ എല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിലേക്കാവും. തിരുവനന്തപുരത്തെ സാങ്കേതിക വിഭാ​ഗമാണ് ആപ്‌ തയ്യാറാക്കിയത്.

ഒരു മാസം മുമ്പ് തയ്യാറാക്കിയ ആപ് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോ​ഗിച്ച് നോക്കിയിരുന്നു. അതിൽനിന്ന് ലഭിച്ച അഭിപ്രായം കൂടി പരി​ഗണിച്ച് മാറ്റം വരുത്തിയാണ് അന്തിമ രൂപം പുറത്തിറക്കുന്നത്. നിലവിൽ കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷനുകളിലാണ് ആപ് ഉപയോ​ഗിക്കുക. സ്വകാര്യ ചാർജിങ് സ്റ്റേഷനുകളിലും ആപ് ഉപയോ​ഗിക്കാൻ അവരുമായി ചർച്ച നടത്തും. ആപ് കൂടുതൽ പേർ ഏറ്റെടുത്താൽ സ്വകാര്യ ചാർജിങ് സ്റ്റേഷനുകളും ഇത് ഉപയോ​ഗിക്കാൻ നിർബന്ധിതരാകുമെന്ന് കെഎസ്ഇബി കണക്കുകൂട്ടുന്നു. സംസ്ഥാനത്ത് ബൈക്കുകളും കാറുകളുമായി ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിക്കുകയാണ്. ഇവർക്ക് സഹായകരമായി ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് ചാർജിങ് സ്റ്റേഷനുകളാണ് കെഎസ്ഇബി ഒരുക്കിയിരിക്കുന്നത്. പൊതുവായ ആപ് കൂടി വരുന്നതോടെ കൂടുതൽ സുഗമമായി വാഹനങ്ങൾ ചാർജ് ചെയ്യാം. ഫാസ്റ്റ് ടാ​ഗ് മാതൃകയിൽ ആപിൽ മുൻകൂറായി പണമടച്ച് സ്റ്റേഷനുകളിലെത്തി ചാർജ് ചെയ്യാം. എല്ലാ സ്റ്റേഷനിലും വാഹന ഉടമകൾ സ്വന്തമായാണ് ചാർജ് ചെയ്യേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top