28 March Thursday

കേരളത്തിന് വീണ്ടും പുരസ്‌‌കാരം: കെ ഡിസ്‌‌കിന് സ്‌‌കോച്ച് അവാർഡ്

സ്വന്തം ലേഖകൻUpdated: Tuesday May 23, 2023

തിരുവനന്തപുരം> സംസ്ഥാന സർക്കാർ സംരംഭമായ കേരള ഡവലപ്മെന്റ്‌ ആൻഡ് ഇന്നവേറ്റീവ് സ്‌ട്രാറ്റജിക് കൗൺസിലിന്‌ (കെ ഡിസ്‌‌ക്‌) സ്കോച്ച് അവാർഡ്. കെ ഡിസ്‌കിന് കീഴിലെ കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയാണ് പുരസ്‌കാരത്തിന് അർഹമായത്. ഇന്ത്യയെ മികച്ച രാഷ്ട്രമാക്കുന്നതിന്‌ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, പദ്ധതികൾ, സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് നൽകുന്ന ദേശീയ ബഹുമതിയാണ് സ്‌കോച്ച് അവാർഡ്. ഇ- ഗവേണൻസ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്.

അഭ്യസ്ഥവിദ്യരായ തൊഴിൽ അന്വേഷകർക്ക് വ്യവസായമേഖല  ആവശ്യപ്പെടുന്ന നൈപുണ്യം നൽകി തൊഴിൽ കണ്ടെത്താൻ പ്രാപ്‌ത‌മാക്കുകയാണ് മിഷന്റെ ദൗത്യം. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം വഴി അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ അഭ്യസ്ഥവിദ്യരായ 20 ലക്ഷം പേർക്ക്‌ തൊഴിൽ ഉറപ്പാക്കുകയാണ്  ലക്ഷ്യം.

"അഭ്യസ്ഥവിദ്യരും തൊഴിൽ രഹിതരുമായവരെ കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തിലൂടെ കണ്ടെത്തി അവർ ആഗ്രഹിക്കുന്ന മേഖലയിൽ തൊഴിൽ ലഭിക്കുവാൻ നൈപുണ്യ പരിശീലനം നൽകുക, ഇവരെ തൊഴിൽദാതാക്കളുമായി ബന്ധപ്പെടുത്തി ഇൻഡസ്ട്രിയിലെ നൈപുണ്യ വിദഗ്ദ്ധരായ തൊഴിൽ സേനയുടെ വിടവ് നികത്തുക തുടങ്ങിയവയാണ് കെകെഇഎം നടപ്പാക്കുന്നതെന്ന്‌"- കെ ഡിസ്‌ക്‌ മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

കേരളത്തെ വൈജ്ഞാനിക സമൂഹമാക്കാൻ കെ ഡിസ്‌കിന് കീഴിൽ വിഭാവനം ചെയ്‌ത കേരള നോളജ് ഇക്കോണമി മിഷന്റെ പ്രവർത്തനത്തിനാണ്  ദേശിയ അംഗീകാരം. 27 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top