20 April Saturday

തങ്ങളുടെ വോട്ട്‌ ‌നേടി ജയിച്ചവർ രാജിവയ്‌ക്കാൻ തയ്യാറുണ്ടോ: കേരള കോൺഗ്രസ്‌ എം

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

കോട്ടയം> കേരള കോൺഗ്രസ്- എമ്മിന്റെ എംപിയും രണ്ട് എംഎൽഎമാരും സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ചില കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്‌ പരിഹാസ്യമെന്ന്‌ കേരള കോൺഗ്രസ്‌ എം നേതാക്കളായ തോമസ്‌ ചാഴികാടൻ എംപി, എംഎൽഎമാരായ റോഷി അഗസ്‌റ്റിൻ, ഡോ. എൻ ജയരാജ്‌ എന്നിവർ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു. കേരള കോൺഗ്രസിന്റെ കൂടി വോട്ട്‌ മേടിച്ച്‌ ജയിച്ച ചാലക്കുടി, ഇടുക്കി, പത്തനംതിട്ട അടക്കം കാസർകോട്‌ മുതൽ തിരുവനന്തപുരം വരെയുള്ള കോൺഗ്രസ് എംപിമാരും എംഎൽഎമാരും ആ സീറ്റിൽ അള്ളിപ്പിടിച്ചിരുന്ന്‌ നടത്തുന്ന സമരാഭാസം ജനങ്ങൾ തിരിച്ചറിയും. കേരള കോൺഗ്രസിന്റെ വോട്ടുനേടി ജയിച്ചവർ ആ സീറ്റുകൾ രാജിവച്ചാൽ ആ നിമിഷം രാജിവയ്ക്കാൻ ഞങ്ങളും തയ്യാറാണ്.

അതിന്‌ കോൺഗ്രസ് എംപിമാരെയും എംഎൽഎമാരെയും വെല്ലുവിളിക്കുന്നു. കേരള കോൺഗ്രസ്-എമ്മിന്റെ രാജ്യസഭാ എംപിയുടെ ഒഴിവിലുണ്ടായ സീറ്റ് പാർടിക്ക്‌ ലഭിച്ചത് ആരുടെയും ഔദാര്യമല്ല. എങ്കിലും യുഡിഎഫ് എംഎൽഎമാരുടെ വോട്ടുകൊണ്ട് ജയിച്ച രാജ്യസഭാംഗത്വം രാജിവയ്ക്കാനുള്ള പാർടി ചെയർമാൻ ജോസ് കെ മാണി എടുത്ത തീരുമാനം രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്നതാണ്. കേരള കോൺഗ്രസ് -എം ഇല്ലാത്ത മുന്നണി മുങ്ങുന്ന കപ്പലാണെന്ന വിഷമമാണ് ചില കോൺഗ്രസുകാരുടെ സമരാഭാസത്തിന്‌ പിന്നിലെന്ന്‌ മനസിലാക്കാൻ പ്രയാസമില്ല. കെ എം മാണിയെ അപമാനിക്കുകയും ആക്ഷേപിക്കുകയും പിന്നിൽനിന്ന്‌ കുത്തുകയും ചെയ്തവർ ഇന്ന്‌ മാണി സാറിന്റെ പേരിൽ നടത്തുന്ന സ്നേഹപ്രകടനവും അപഹാസ്യമാണ്.

കർഷകരും സാധാരണക്കാരും തൊഴിലാളികളുമാണ് കേരള കോൺഗ്രസിന്റെ ശക്തിയെന്ന്‌ തിരിച്ചറിഞ്ഞാണ് എൽഡിഎഫ് പാർടിയെ മാന്യമായി സ്വീകരിച്ചത് . കേരള കോൺഗ്രസിന്റെ ധീരമായ രാഷ്ട്രീയ നിലപാടിന് പാർടി പ്രവർത്തകരുടെയും അനുയായികളുടെയും പൊതുസമൂഹത്തിന്റെയും പൂർണ പിന്തുണയുണ്ടന്നും നേതാക്കൾ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top