27 April Saturday

ജനകീയാരോഗ്യ കേന്ദ്രങ്ങൾ പൊതുജനാരോഗ്യ മേഖലയിൽ വലിയ ഉണർവ്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2023

തിരുവനന്തപുരം> കേരളത്തിലെ പൊതുജനാരോഗ്യ മേഖലയ്‌ക്കാകെ വലിയ ഉണർവ് പകരുന്നതാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 5,409 ജനകീയാരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ മേഖലയെ കൂടുതൽ ഉയർന്ന തലങ്ങളിലേക്കെത്തിക്കാൻ സഹായിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായാണ് ജനകീയാരോഗ്യ കേന്ദ്രങ്ങൾ തയ്യാറാക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. സമഗ്രമായ പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടിൽ വരെ എത്തിക്കുക എന്നതാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആർദ്രം മിഷന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായ വാർഷിക പരിശോധന, മറ്റ് ക്യാമ്പയിനുകൾ, രോഗനിർമ്മാർജ്ജന പ്രവർത്തനങ്ങൾ എന്നിവ ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെയാവും താഴെത്തട്ടിൽ നടപ്പിലാക്കുക. ജനകീയാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനായി സബ്‌സെന്റർ വെൽഫെയർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കേരളത്തിൽ ആവിഷ്‌‌ക്കരിക്കുന്ന ഏതൊരു പദ്ധതിയുടെയും വിജയം അതിന് പിന്തുണയേകുന്ന ജനകീയ കൂട്ടായ്‌മകളാണ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ട കമ്മിറ്റികൾ അതേ സമീപനം മുൻനിർത്തി തയ്യാറാക്കിയവയാണ്.

ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഒരുക്കുന്നത്. ആഴ്‌ചയിൽ ആറു ദിവസവും ഒമ്പതു മണി മുതൽ നാലു മണിവരെ സേവനം ലഭിക്കും. ആശാപ്രവർത്തകർക്കു പുറമെ മിഡ്‌ലെവൽ സർവീസ് പ്രൊവൈഡർമാർ കൂടി വരുന്നതോടെ കൂടുതൽ സേവനങ്ങൾ ഉപകേന്ദ്രങ്ങൾ വഴി നൽകാൻ സാധിക്കും. സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ഉപകേന്ദ്രങ്ങൾ സ്‌‌മാർട്ടായി മാറുകയാണ്. വൈകാതെതന്നെ ടെലിമെഡിസിൻ കേന്ദ്രങ്ങളും ഇവിടങ്ങളിൽ ഒരുങ്ങും. ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ ഒമ്പതുതരം ലാബ് പരിശോധനകളും 36 തരം മരുന്നുകളും ലഭ്യമാണ്. കേരളത്തിലെ ആരോഗ്യമേഖലയുമായുള്ള ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിർത്തുന്ന സ്ഥാപനങ്ങളായി ജനകീയാരോഗ്യ കേന്ദ്രങ്ങൾ മാറും. ജനകീയാരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ആരോഗ്യ ക്ലബ്ബുകൾ രൂപീകരിക്കുകയാണ്.

ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യപ്രവർത്തകരെ ഏതെങ്കിലും തരത്തിൽ അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശനമായി തന്നെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള വിട്ടുവീഴ്‌ച‌‌യും ഇക്കാര്യത്തിൽ ഉണ്ടാകില്ല. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഓർഡിനൻസ് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ വകുപ്പുകളോടെയാണ് ഓഡിനൻസ് അംഗീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് വന്ദനയുടെ മരണം. കർമ്മനിരതയായ ഒരു ആരോഗ്യപ്രവർത്തക ആക്രമിക്കപ്പെട്ടതും അവർക്ക് ജീവഹാനി സംഭവിച്ചതും ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. ഡോക്‌ടർ വന്ദനാ ദാസിന്റെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. നമ്മുടെ നാടിനെക്കുറിച്ചു നല്ലത് മാത്രമേ മറ്റെല്ലാവർക്കും പറയാനുള്ളൂ. അത്തരമൊരു നാടിന്റെ തെറ്റായ ചിത്രം പുറം ലോകവുമായി പങ്കുവെക്കുന്നതിനാണ് ഇത്തരം സംഭവം ഇടയാക്കിയത്.

ആർദ്രം മിഷൻ രൂപീകരിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ മേഖല വലിയ തോതിലാണ് കരുത്താർജിച്ചത്. മെഡിക്കൽ കോളേജുകൾ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള ശൃംഖലയുടെ ഓരോ കണ്ണിയെയും സവിശേഷമായാണ് പരിഗണിച്ചത്. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാംരോഗ്യ കേന്ദ്രങ്ങളായി ഉയർത്താനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. അതിൽ 630 എണ്ണം കഴിഞ്ഞ മാസത്തോടെ പൂർത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്നവയും വൈകാതെ തന്നെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. അതോടൊപ്പം താലൂക്ക്, ജില്ല ആശുപത്രികളിൽ വരെ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കി. മെഡിക്കൽ കോളേജുകൾക്കു വേണ്ടിയാകട്ടെ പ്രത്യേക വികസന പാക്കേജുകൾ നടപ്പാക്കുന്നുണ്ട്. അവയവമാറ്റ ശസ്‌ത്രക്രിയ സാധാരണക്കാർക്ക് പ്രാപ്യമാക്കാനുള്ള നടപടികളുമെടുത്തു. മെഡിക്കൽ കോളേജുകളിൽ അതിനനുസരിച്ച് മാറുന്ന കാഴ്‌ച‌യാണ് കാണാൻ കഴിഞ്ഞത്.

ജീവിതശൈലീ രോഗങ്ങൾ മറ്റു പല അപകടകരമായ രോഗങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. സമൂഹത്തിലെ രോഗാതുരത വർദ്ധിപ്പിക്കുന്നതിൽ ജീവിതശൈലീ രോഗങ്ങൾക്ക് വലിയ പങ്കുണ്ട്. ഇതിനായി ജീവിതശൈലീരോഗ നിയന്ത്രണത്തിനായി പ്രത്യേക പരിശോധനാ പദ്ധതി നടപ്പാക്കിവരുന്നു. സർക്കാർ മേഖലയിലെ ലാബുകളെ ഹബ്ബ് ആൻഡ് സ്‌പോക്ക് മാതൃകയിൽ ബന്ധപ്പെടുത്തുന്നതു വഴി ആധുനിക പരിശോധനാ സംവിധാനങ്ങളും ഗുണനിലവാരവും ഉറപ്പാക്കുകയാണ്. അതിന്റെ ഫലം നല്ല രീതിയിൽ കാണാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രധാനപ്പെട്ട പ്രവർത്തനത്തിനാണ് തുടക്കമാകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വാർഡുകളിലെ ആരോഗ്യ കേന്ദ്രങ്ങളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. എല്ലാ പൊതുജനാരോഗ്യ പ്രവർത്തനങ്ങളും അവിടെ നിന്നും നേതൃത്വം നൽകുന്ന ഒരു സാഹചര്യമുണ്ടാകണം. അതോടൊപ്പം രോഗ പ്രതിരോധത്തിനും വലിയ പ്രാധാന്യം നൽകുന്നു. ജനകീയ പങ്കാളിത്തത്തോടെ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നു. ജനകീയ ആരോഗ്യ കേന്ദ്രത്തിലൂടെ വിവിധ പരിശോധനകൾ നടത്താനാകും. ഗർഭിണികൾ, ജീവിതശൈലീ രോഗികൾ എന്നിവർക്ക് ആരോഗ്യ അറിവുകൾ ലഭ്യമാക്കുന്നു. കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് ഒരു വിപ്ലവം സൃഷ്‌ടിക്കുന്നതിന് ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെ കഴിയും.

നമ്മുടെ നെഞ്ചിലെ വേദനയായി ഡോ. വന്ദന നിലനിൽക്കുന്നു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം ഒരു കാരണവശാലും അനുവദിക്കില്ല. ശിക്ഷയുടെ കാഠിന്യം കൂട്ടിക്കൊണ്ടാണ് പുതിയ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയത്. ആരോഗ്യ പ്രവർത്തകർക്ക് പൊതുസമൂഹത്തിന്റെ സംരക്ഷണ കവചം ആരോഗ്യ പ്രവർത്തകർക്കൊപ്പം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ വിശിഷ്ടാതിഥിയായി. ഡി കെ മുരളി, കെ അൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കെ ജീവൻ ബാബു, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, ആസൂത്രണ സമിതി അംഗം ഡോ. ജമീല, മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, ഐഎസ്എം ഡയറക്ടർ ഡോക്ടർ ഡോ. കെഎസ് പ്രിയ, ഹോമിയോപ്പതി ഡയറക്ടർ ഡോ. എം എൻ വിജയാംബിക, ജില്ലാ പഞ്ചായത്ത് മെമ്പർ ഷില കുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി നന്ദു, വാർഡ് മെമ്പർ ഡി ലതിക, എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top