29 March Friday

കേന്ദ്ര ഭീഷണിക്ക്‌ വഴങ്ങില്ല ,
 ബദൽനയം തുടർന്ന്‌ കേരളം

സുജിത്‌ ബേബിUpdated: Friday Feb 3, 2023


തിരുവനന്തപുരം
കേന്ദ്രം കടുത്ത പ്രതിബന്ധങ്ങൾ ഉയർത്തുമ്പോഴും ജനകീയ ബദൽ നീക്കങ്ങളിൽനിന്ന്‌ വ്യതിചലിക്കാതെ കേരളം.  കടമെടുപ്പിൽ 2700 കോടി വെട്ടിക്കുറച്ച്‌ കേന്ദ്രം കേരളത്തിന്‌ ഇരുട്ടടി നൽകിയ സാഹചര്യത്തിലായിരുന്നു നിയമസഭയിൽ ബജറ്റ്‌ അവതരണം.   15–-ാം ധന കമീഷൻ ശുപാർശപ്രകാരം കേന്ദ്രം സമാഹരിക്കുന്ന ആകെ നികുതിയുടെ 1.925 ശതമാനം മാത്രമാണ്‌ കേരളത്തിനു ലഭിക്കുന്നത്‌. അതുവഴി പതിനായിരക്കണക്കിന്‌ കോടി രൂപയുടെ വരുമാനക്കുറവാണ്‌ പ്രതിവർഷമുണ്ടാകുന്നത്‌.

റവന്യൂ കമ്മി ഗ്രാന്റിൽ കുറവ്‌ വരുത്തിയതിലൂടെ 6700 കോടിയും നഷ്ടം. ജിഎസ്‌ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ നടപ്പുവർഷത്തിൽമാത്രം 7000 കോടിയുടെ കുറവുണ്ടായി. കിഫ്‌ബിയുടെയും സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിയുടെയും ബാധ്യതയെ സർക്കാരിന്റെ ബാധ്യതയാക്കിയത്‌ കടമെടുപ്പിനെ ബാധിച്ചു. 3100 കോടിയുടെ കുറവാണ്‌ ഇതുണ്ടാക്കിയതെന്ന്‌ ബജറ്റ്‌ പറയുന്നു. വിപണിയിൽനിന്നുള്ള കടമെടുപ്പുപരിധി കുറച്ചത്‌ വിഭവസമാഹരണം 4000 കോടി കുറച്ചു.

നടപ്പുവർഷത്തേക്കാൾ വലിയ ധനഞെരുക്കമാണ്‌ അടുത്ത സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നത്‌. റവന്യൂ കമ്മിഗ്രാന്റ്‌ ഇനത്തിലുണ്ടാകാൻ പോകുന്ന 8400 കോടി രൂപയുടെ കുറവും ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തിയതുവഴിയുണ്ടായ 5700 കോടിയും കടപരിധിയിലെ കുറവുവരുത്തുന്ന 5000 കോടിയുടെ വിഭവ നഷ്ടവും കിഫ്‌ബിയടക്കമുള്ളവയുടെ കടമെടുപ്പുപരിധി കുറച്ചതുമാണ്‌ ഇതിനു കാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top