25 April Thursday

പാലക്കാടിന്‌ കെെനിറയെ; മെഡിക്കൽ കോളേജിന്‌ 
70 കോടി

സ്വന്തം ലേഖികUpdated: Saturday Feb 4, 2023
പാലക്കാട്‌ > ജില്ലയുടെ കാർഷിക മേഖലയ്‌ക്ക്‌ ഊന്നലും വ്യവസായ പുരോഗതിക്ക്‌ കരുത്തുമേകുന്ന ബജറ്റാണ്‌ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്‌. കൃഷിക്ക്‌ സവിശേഷ പരിഗണന നൽകുന്ന ബജറ്റിൽ കാർഷിക മേഖലയ്‌ക്ക്‌ 971. 71 കോടി രൂപ നീക്കിവച്ചിട്ടുണ്ട്‌. വ്യവസായ ഇടനാഴിയിലൂടെ ജില്ലയ്‌ക്ക്‌ വൻ കുതിപ്പിന്‌ വഴിവയ്‌ക്കുന്നതോടൊപ്പം വ്യവസായ വികസനത്തിന്‌ സമഗ്ര പദ്ധതികളും വിഭാവനം ചെയ്യുന്നു. സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോടിന്‌ ഇത്‌ ഏറെ പ്രതീക്ഷ നൽകുന്നു. ജില്ലയിൽ റൈസ്‌ ടെക്‌നോളജി പാർക്കിന്‌ പത്തു കോടി രൂപ നീക്കിവച്ചിട്ടുണ്ട്‌. വന്യജീവിശല്യം നേരിടാനുള്ള പദ്ധതികളും ജലസേചനം മെച്ചപ്പെടുത്താനുള്ള പദ്ധതികളും അരിവാൾരോഗ ബാധിതർക്ക്‌ സഹായവും ബജറ്റിൽ ഉൾപ്പെടുത്തി.
 
നെൽകൃഷി വികസനത്തിന്‌ 95.10 കോടി രൂപയുണ്ട്‌. ഇതിന്റെ ഗുണം ഏറ്റവുമധികം ലഭിക്കുക പാലക്കാടിനാണ്‌. ആധുനിക സാങ്കേതികവിദ്യ, ജൈവകൃഷി എന്നിവയ്ക്കും പ്രോത്സാഹനമുണ്ട്‌. സമഗ്ര പച്ചക്കറി വികസന പദ്ധതികൾക്കും നാളികേര വികസനത്തിനും ഊന്നൽ നൽകുന്നു. നാളികേരളത്തിന്റെ താങ്ങുവില 32ൽനിന്ന്‌ 34 രൂപയാക്കി ഉയർത്തിയത്‌ കേര കർഷകർക്ക്‌ ഗുണകരമായി. യന്ത്രോപകരണങ്ങൾ വാങ്ങാൻ സഹായം, കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനം, സംഭരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കാർഷിക മേഖലയിലുണ്ട്‌.  ജില്ലയിലെ വലിയ പ്രശ്‌നമായ വന്യജീവിശല്യത്തിന്‌ പരിഹാര മാർഗങ്ങൾ കണ്ടെത്താൻ രണ്ടു കോടി രൂപ നീക്കിവച്ചിട്ടുണ്ട്‌.
 
 ഭവാനി നദീതടത്തിൽ ചെറുകിട ജലസേചന പദ്ധതികൾ നിർമിക്കാനും അട്ടപ്പാടിയിൽ തടയണ നിർമിക്കാനും 1.80 കോടി രൂപ വകയിരുത്തി. മംഗലം, മലമ്പുഴ, പോത്തുണ്ടി, ചിറ്റൂർപ്പുഴ, ചേരാമംഗലം പദ്ധതികളുടെ ഫീൽഡ്‌ ചാലുകളുടെയും ഡ്രെയിനേജുകളുടെയും കാഡാ കനാലുകളുടെയും നവീകരണത്തിന്‌ എട്ടു കോടി രൂപയുണ്ട്‌. അണക്കെട്ട്‌ പുനരുദ്ധാരണവും വികസനവും പദ്ധതിയുടെ രണ്ടാംഘട്ടത്തിന്‌ നീക്കിവച്ച 58 കോടിയിൽ ജില്ലയിലെ അണക്കെട്ടുകളും ഉൾപ്പെടും. ചിറ്റൂർപ്പുഴ, കാഞ്ഞിരപ്പുഴ പദ്ധതികളുടെ കനാൽ നവീകരണത്തിന്‌ 22 കോടി രൂപ നീക്കിവച്ചു. പെരിയാർ, പറമ്പിക്കുളം കടുവാ സങ്കേതങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി 6.70 കോടി നീക്കിവച്ചിട്ടുണ്ട്‌.
 
പാലക്കാട്‌ മെഡിക്കൽ കോളേജിന്‌ 70 കോടി രൂപയുണ്ട്‌. പട്ടികജാതി വികസനത്തിനായി നിരവധി പദ്ധതികളുണ്ട്‌. പട്ടികജാതി വിദ്യാർഥികൾക്കായി പ്രീ മെട്രിക്‌ സ്‌കോളർഷിപ് എന്ന പുതിയ പദ്ധതിക്ക്‌ സർക്കാർ വിഹിതം അനുവദിച്ചു. അരിവാൾരോഗം ബാധിച്ചവർക്കുള്ള സഹായ പദ്ധതികൾക്ക്‌ ബജറ്റിൽ 2.50 കോടി രൂപ നീക്കിവച്ചു. അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങൾക്കാണ്‌ ഇത്‌ ഏറെ ഗുണം ചെയ്യുക.
 
മെഡിക്കൽ കോളേജിന്‌ 
70 കോടി
 
പട്ടികജാതി വകുപ്പിന്‌ കീഴിലുള്ള പാലക്കാട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രി കെട്ടിടം വിപുലീകരിക്കാൻ 70 കോടി രൂപ നീക്കിവച്ചിട്ടുണ്ട്‌. എത്രയുംവേഗം നിർമാണം പൂർത്തിയാക്കി മേയിൽ പൂർണമായും പ്രവർത്തന സജ്ജമാക്കുകയാണ്‌ ലക്ഷ്യം. ആശുപത്രി കെട്ടിട നിർമാണം പൂർത്തിയായി. ഇനി  ഉപകരണങ്ങൾ സജ്ജമാക്കണം.ആദിവാസി വിഭാഗങ്ങൾക്ക്‌ തൊഴിലുറപ്പിനുപുറമെ കേരള ട്രൈബൽ പ്ലാന്റ്‌ പ്രോഗ്രാം

വന്യജീവി പ്രതിരോധത്തിന്‌ പ്രത്യേക പദ്ധതി

നാളികേരത്തിന്റെ താങ്ങുവില കിലോയ്‌ക്ക്‌ രണ്ട്‌ രൂപ ഉയർത്തി 34 ആക്കി

കൊച്ചി –- ബംഗളൂരു വ്യവസായ ഇടനാഴിക്ക്‌ പ്രത്യേക പരിഗണന

കനാൽ നവീകരണം കർഷകർക്ക്‌ ആശ്വാസമാകും

പാലക്കാട്‌ റൈസ്‌ ടെക്‌നോളജി പാർക്കിന്‌ 10 കോടി

പിഎസ്‌സി ഓഫീസ്‌ ഓൺലൈൻ എക്‌സാമിനേഷൻ ഹാൾ നിർമാണം
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top