16 April Tuesday

നവകേരള സൃഷ്‌ടിക്ക്‌ അടിത്തറയിടുന്ന ബജറ്റ്‌: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

തിരുവനന്തപുരം > നവകേരള സൃഷ്‌ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. അടിസ്ഥാന മേഖലയുടെ വികസനത്തിനും, പശ്ചാത്തല സൗകര്യ വികസനത്തിനും, സാമൂഹ്യ സുരക്ഷയ്‌ക്കും ഉതകുന്ന ബജറ്റാണ്‌ അവതരിപ്പിക്കപ്പെട്ടത്‌. കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനവും, തൊഴിലും, സംരംഭക നിക്ഷേപ അവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനായ്‌ ലക്ഷ്യംവെച്ചുകൊണ്ടുള്ള മേക്ക്‌ ഇന്‍ കേരള പദ്ധതിയും ഈ രംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പാണ്‌.

ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെ പരിഗണിച്ച ബജറ്റ്‌ കൂടിയാണിത്‌. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‌ 2,000 കോടി രൂപയും, റബ്ബര്‍ വിലയിടിവ്‌ തടയുന്നതിന്‌ 600 കോടി രൂപയും, തേങ്ങ സംഭരണ വില കിലോവിന്‌ 34 രൂപയായി ഉയര്‍ത്തിയ നടപടി ഇതിന്റെ ഭാഗമാണ്‌. കയര്‍, കശുവണ്ടി, മത്സ്യ മേഖല, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലക്കും അതി ദാരിദ്ര്യ ലഘൂകരണത്തിന്‌ 50 കോടി നീക്കിവെച്ചതും സര്‍ക്കാരിന്റെ പാവപ്പെട്ടവനോടുള്ള പ്രതിബദ്ധതയുടെ ലക്ഷണങ്ങളാണ്‌. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളും ഇത്‌ സവിശേഷമായി പരിഗണിച്ചിട്ടുണ്ട്‌. പശ്ചാത്തല സൗകര്യ വികസനത്തിനും, സ്റ്റാര്‍ട്ട്‌ അപ്പുകള്‍ക്കും നല്‍കുന്ന സഹായങ്ങളെല്ലാം പുതിയ കാലത്തിന്റെ വികസന സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതാണ്‌.

ഇന്ത്യയുടെ ഫെഡറല്‍ ധന വ്യവസ്ഥയില്‍ ഭരണഘടനാവിരുദ്ധമായ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. സംസ്ഥാനത്തിന്‌ അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നല്‍കാതെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലാനുമുള്ള ശ്രമങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കാശ്വാസകരമായ ബജറ്റ്‌ അവതരിപ്പിക്കാന്‍ ആയി എന്നത്‌ എടുത്ത്‌ പറയേണ്ടതാണെന്നും ഇ പി ജയരാജന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top