15 April Monday

കൊല്ലത്തിന്റെ ഭാവി സുരക്ഷിതമാക്കുന്ന നിരവധി പദ്ധതികൾ

സ്വന്തം ലേഖകൻUpdated: Saturday Feb 4, 2023

കൊല്ലം > എൽഡിഎഫ്‌ സർക്കാരിന്റെ സുരക്ഷിത വലയത്തിൽ സമഗ്രവികസന മുന്നേറ്റ പാതയിൽ കൊല്ലം കുതിക്കുന്നു. ചരിത്രസംഭവങ്ങളുടെ സ്‌മരണകൾ ഇരമ്പുന്ന ജില്ലയിൽ ചരിത്രത്തിനൊപ്പം വർത്തമാനവും ഭാവിയും സുരക്ഷിതമാക്കുന്ന നിരവധി പദ്ധതികളാണ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ  അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഇടം പിടിച്ചത്‌.  

കശുവണ്ടി മേഖലയ്‌ക്ക്‌ 58 കോടി രൂപ നീക്കിവച്ചതും അഷ്‌ടമുടിക്കായൽ കേന്ദ്രീകരിച്ച്‌ പുതിയ ടൂറിസം പദ്ധതിക്ക്‌ തുക വകയിരുത്തിയതും പ്രതീക്ഷ നൽകുന്നു. കൊല്ലത്തിന്റെ പൗരാണിക വ്യാപാര - വാണിജ്യ ചരിത്രം വിശദീകരിക്കുന്ന മ്യൂസിയവും അതോടൊപ്പം കടൽക്കാഴ്‌ചകൾ അനുഭവവേദ്യമാകുന്ന ഓഷ്യനേറിയവും തങ്കശ്ശേരിയിൽ സ്ഥാപിക്കാൻ 10 കോടി രൂപ അനുവദിച്ചത്‌ ടൂറിസം മേഖലയ്‌ക്ക്‌ പുത്തനുണർവാണ്‌. ഏരൂരിൽ പെറ്റ്‌ഫുഡ്‌ ഫാക്ടറി അനുവദിച്ചു. കൊല്ലം പീരങ്കി മൈതാനിയിൽ കല്ലുമാല സ്‌ക്വയർ സ്ഥാപിക്കാൻ അഞ്ചുകോടി രൂപ പ്രഖ്യാപിച്ചത്‌ സമരത്തോടുള്ള ഐക്യദാർഢ്യമായി.
 
കശുവണ്ടി വികസന കോർപറേഷന്‌ 2.2 കോടിയും കാപ്പക്‌സിന്‌ നാലുകോടി രൂപയും കശുവണ്ടി ഫാക്ടറി പുനരുദ്ധാരണത്തിന്‌ 2.25 കോടി രൂപയുമാണ്‌ വകയിരുത്തിയത്‌. തോട്ടങ്ങളിലെ ലയങ്ങൾ നന്നാക്കുന്നതിനായി നീക്കിവച്ച 10 കോടി രൂപയും തോട്ടം തൊഴിലാളി ക്ഷേമനിധിക്ക്‌ ഒരുകോടി രൂപയും പ്രഖ്യാപിച്ചതിന്റെ നേട്ടവും ജില്ലയുടെ കിഴക്കൻ മേഖലയ്‌ക്ക്‌ ഗുണകരമാകും. മത്സ്യമേഖലയ്‌ക്ക്‌ ആകെ അനുവദിച്ചിട്ടുള്ള 321.31 കോടിയും ജില്ലയുടെ തീരപ്രദേശങ്ങൾക്ക്‌ പ്രതീക്ഷയേകുന്നു. കൊല്ലം, അഴീക്കൽ തുറമുഖത്ത്‌ ഷിപ്പിങ്‌ പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കാനും ബജറ്റിൽ തുക വകയിരുത്തി. തുറമുഖത്തെയും ദേശീയപാതയെയും ബന്ധിപ്പിച്ച്‌ കൊച്ചുപിലാംമൂട്‌ ജങ്‌ഷനിൽ പുതിയ പാലം നിർമിക്കുന്നത്‌ കൊല്ലം നഗരത്തിന്‌ ഗുണകരമാകും. മന്ത്രിമാർക്ക്‌ അവലോകന യോഗവും പൊതുജനങ്ങൾക്ക്‌ ആശയവിനിമയവും  നടത്താൻ  കലക്ടറേറ്റിൽ സ്‌മാർട്ട്‌ ഓഫീസ്‌ സ്‌പേസ് ഒരുക്കും.
 
ചരിത്രമറിയാം കടലോളം

ടൂറിസം മേഖലയിൽ കൊല്ലത്തിന്‌ കൂടുതൽ കരുത്തേകാൻ ഓഷ്യനേറിയവും മ്യൂസിയവും. പൗരാണിക വ്യാപാരകേന്ദ്രമായ കൊല്ലത്തിന്റെ വ്യാപാര വാണിജ്യ ചരിത്രം പുതുമോടിയോടെ വിശദമാക്കുന്ന മ്യൂസിയത്തിനൊപ്പം കടൽക്കാഴ്‌ചകളെ അടുത്തറിയാൻ അവസരമൊരുക്കുന്ന ഓഷ്യനേറിയവും കൂടുതൽ വിദേശ വിനോദ സഞ്ചാരികളെ കൊല്ലത്തേക്ക്‌ ആകർഷിപ്പിക്കുമെന്നാണ്‌ പ്രതീക്ഷ. ദേശാഭിമാനി 80–ാം- വാർഷികത്തോട്‌ അനുബന്ധിച്ച്‌ ജില്ലയുടെ ഭാവി വികസനത്തിനായി സംഘടിപ്പിച്ച വികസന സെമിനാറിൽ ഉയർന്നുവന്ന നിർദേശം കൂടിയാണ്‌ ഈ പദ്ധതി.
 
പൊതുസ്വകാര്യ പങ്കാളിത്തത്തോടെ തങ്കശേരിയിലാണ്‌ ഓഷനേറിയം സ്ഥാപിക്കുക. 10 കോടി രൂപയാണ്‌ ഇതിനായി നീക്കിവച്ചിട്ടുള്ളത്‌. സമുദ്രഗവേഷണ പഠനകേന്ദ്രം ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കുന്ന ഓഷ്യനേറിയം ഗവേഷണ വിദ്യാർഥികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ മുതൽക്കൂട്ടാകും. വംശനാശ ഭീഷണിയിലുള്ള  കടൽ ജീവികളുടെ നിർമിത ആവാസവ്യവസ്ഥ പുനഃസ്ഥാപിച്ച്‌ പ്രജനനവും ഉൽപ്പാദനവും ഉറപ്പാക്കുക, അപൂർവ ഇനം കടൽ സസ്യങ്ങളുടെ ശേഖരണം, ഉൽപ്പാദനം, വിപണനം എന്നിവ നടത്തുക, ആയിരത്തിൽപ്പരം കടൽ ജിവികളുടെ പ്രദർശനം, 200 സുതാര്യ ടാങ്കുകളിൽ കടൽ സസ്യങ്ങൾ, ആഴക്കടൽ മത്സ്യങ്ങൾ, അലങ്കാര മത്സ്യങ്ങൾ എന്നിവയുടെ പ്രദർശനം, വാട്ടർ ടണലിലൂടെ സഞ്ചാരം, കടലിൽ ഡൈവിങ്‌, ആഴക്കടൽ ദർശനം, പഠനം, വാട്ടർ തീം പാർക്ക്‌ എന്നിവയാണ്‌ ഇതിനോട്‌ അനുബന്ധിച്ച്‌ വിഭാവനം ചെയ്തിരിക്കുന്നത്‌. മത്സ്യ, ടൂറിസം മേഖലയിൽ ആയിരക്കണക്കിനു തൊഴിലവസരം കൂടി സൃഷ്ടിക്കുന്ന പദ്ധതി ജില്ലയുടെ ടൂറിസം മേഖലയ്‌ക്ക്‌ തുറന്നിടുക അനന്തസാധ്യത.
 
ജില്ലയുടെ സമഗ്രവികസനത്തിന് കരുത്തു പകരും: എസ് സുദേവന്‍
 
ജില്ലയുടെ സമഗ്രവികസനത്തിന് കരുത്തേകുന്നതാണ്‌ സംസ്ഥാന ബജറ്റെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പറഞ്ഞു. കയർ, കശുവണ്ടി, മത്സ്യമേഖല ഉൾപ്പടെ പരമ്പരാഗത മേഖലയെ ആധുനികവൽക്കരിക്കാനും ടൂറിസം മേഖലയുടെ വിപുലീകരണത്തിനും വിജ്ഞാനാധിഷ്ഠിത സംരംഭങ്ങൾക്കും ബജറ്റ്‌ ഊന്നൽനൽകുന്നു.
 
കശുവണ്ടി വികസന കോർപറേഷനും കാപ്പക്സിനും ആധുനികവൽക്കരണത്തിനുള്ള പ്രത്യേക പദ്ധതി, കാഷ്യൂ ബോർഡിന് റിവോൾവിങ്‌ ഫണ്ടായി 43.55 കോടി, കശുവണ്ടി മേഖലയിലെ പുനരുജ്ജീവന പാക്കേജിന് 30കോടി, കശുമാവ് കൃഷിവികസന ഏജൻസിക്ക് 7.20കോടി എന്നിവ ശ്രദ്ധേയമാണ്‌. കയർ വ്യവസായത്തിന് 117 കോടി,  ഖാദി ഗ്രാമവ്യവസായത്തിന് 16.10കോടി, കൈത്തറി വ്യവസായത്തിന് 56.40കോടിയും വകയിരുത്തിയിട്ടുള്ളത്‌ നേട്ടമാകും.
 
നീണ്ടകര നെറ്റ് ഫാക്‌ടറി പൂർത്തീകരിക്കാൻ അഞ്ച് കോടി അനുവദിച്ചത്‌ വലിയ ചുവടുവയ്പാണ്. കൊല്ലം തുറമുഖത്ത്‌ ഷിപ്പിങ്ങിന്‌ അടിസ്ഥാന സൗകര്യത്തിനും തുക അനുവദിച്ചു. നീണ്ടകര-, ആലപ്പാട്, -അഴീക്കൽ മീന്‍പിടിത്ത തുറമുഖങ്ങളുടെ നവീകരണവും പ്രയോജനമാണ്. പീരങ്കി മൈതാനത്ത് കല്ലുമാല സമര സ്ക്വയർ സ്ഥാപിക്കുന്നതിന് അഞ്ച് കോടി, തങ്കശേരി മ്യൂസിയവും ഓഷ്യനേറിയവും സ്ഥാപിക്കാൻ 10കോടി, തിരുമുല്ലവാരം ടൂറിസം കേന്ദ്രം, അഷ്‌ടമുടി ടൂറിസം ഇടനാഴി എന്നിവയും നേട്ടമാവും. കൊല്ലം നഗരവികസനത്തിനും ഫണ്ടുണ്ട്‌. വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് കൃഷിയെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം കിഴക്കൻ മേഖലയ്ക്ക് സഹായകമാകുമെന്നും സുദേവൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top