08 May Wednesday
ഉൽപ്പാദനമേഖലകളുടെ ഉത്തേജനത്തിലൂടെ 
 സാമ്പത്തിക വളർച്ച ലക്ഷ്യം

സംസ്ഥാന ബജറ്റ്‌ മൂന്നിന്‌ ; വളർച്ച നിലനിർത്താൻ കർമ പരിപാടി

ജി രാജേഷ്‌ കുമാർUpdated: Wednesday Jan 25, 2023


തിരുവനന്തപുരം
കോവിഡാനന്തരം കേരളം കൈവരിച്ച വളർച്ച നിലനിർത്താനുള്ള കർമപരിപാടിയായിരിക്കും സംസ്ഥാന ബജറ്റിന്റെ കാതൽ. സംസ്ഥാന സമ്പദ്‌വ്യവസ്ഥ സ്ഥിരവിലയിൽ 12 ശതമാനവും നടപ്പുവിലയിൽ 17 ശതമാനവും വളർച്ച നേടിയതായാണ്‌ റിസർവ്‌ ബാങ്ക്‌ വിലയിരുത്തൽ. കൃഷി, വ്യവസായം, സേവനം തുടങ്ങിയ മേഖലകൾക്ക്‌ ഊന്നൽ നൽകിയായിരിക്കും ഫെബ്രുവരി മൂന്നിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ അവതരിപ്പിക്കുക.

ഉൽപ്പാദനമേഖലകളുടെ ഉത്തേജനത്തിലൂടെ സാമ്പത്തിക വളർച്ച എന്നതായിരിക്കും മുഖമുദ്ര. ഉയർന്ന ഉൽപ്പാദനവും തൊഴിലവസരവും സമ്പദ്‌ഘടനയിൽ സൃഷ്ടിക്കുന്ന ചലനങ്ങൾ സർക്കാർ വരുമാനം ഉയർത്തുമെന്നാണ്‌ കണക്കുകൂട്ടൽ. കൃഷി, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്ക്‌ കാര്യമായ വകയിരുത്തലുണ്ടായേക്കും. വ്യവസായരംഗത്ത്‌ സംരംഭകത്വത്തിനും സ്റ്റാർട്ടപ്പുകൾക്കും സഹായങ്ങൾ തുടരും. സംരംഭകത്വ വർഷം പദ്ധതിയുടെ വിജയം മേഖലയിൽ കൂടുതൽ പ്രതീക്ഷ നൽകുന്നു. ഹോട്ടൽ, റസ്‌റ്റോറന്റ്‌,  ടൂറിസം, വാണിജ്യം തുടങ്ങിയവയ്‌ക്കും മുന്തിയ പരിഗണനയുണ്ടാകും. ഐടി പാർക്കുകളുടെ സൗകര്യം ഉയർത്തി കൂടുതൽ കമ്പനികളെ ആകർഷിക്കും.

വരുമാനം ഉയർത്തൽ ധനമന്ത്രിക്കു മുന്നിലെ വലിയ വെല്ലുവിളിയാകും. ജിഎസ്‌ടി കാലഘട്ടത്തിൽ നികുതികളിലെ വർധനയ്‌ക്കുള്ള സാധ്യതകൾ പരിമിതമാണ്‌. മദ്യ, ഇന്ധന നികുതികൾ ഉയർത്താനാകില്ല. മറ്റുള്ളതിൽ വലിയ മാറ്റവും സാധ്യമല്ല. സേവനമേഖലയിലെ ഫീസ്‌, ചാർജ്‌, പിഴ എന്നിവ ഉയർത്തുകയെന്ന നിർദേശം ചർച്ചകളിൽ ഉയർന്നിരുന്നു. വർഷങ്ങൾക്കുമുമ്പ്‌ നിർണയിച്ച ഫീസുകളും മറ്റും കാലികമാക്കണമെന്നാണ്‌ നിർദേശം. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാകും മാറ്റം. സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യയുടെ ശരാശരിയുടെ ഒന്നര ഇരട്ടിയായി. വരുമാനമുള്ളവരിൽനിന്ന്‌ ന്യായമായ ഫീസ്‌ ഈടാക്കാമെന്ന അഭിപ്രായം ശക്തമാണ്‌. ഈ വർഷം തനതു വരുമാനത്തിൽ 12,000 കോടി രൂപയുടെ വർധനയുണ്ടായി. അടുത്തവർഷം 10,000 കോടി രൂപയുടെ വർധന കണക്കുകൂട്ടുന്നു. ശമ്പളം, പെൻഷൻ പരിഷ്‌കരണത്തിന്റെ ഭാഗമായി വർഷം 20,000 കോടിയോളം രൂപയുടെ അധിക ബാധ്യതയുമുണ്ടാകും.

ബജറ്റ്‌ തയ്യാറാക്കാൻ വിപുലമായ ഒരുക്കം
ബജറ്റ്‌ തയ്യാറാക്കലിനു മുന്നോടിയായി ധനമന്ത്രിയുടെ നേതൃത്വത്തിൽ നടന്നത്‌ വിപുലമായ ചർച്ചകൾ. യുവജനങ്ങൾ, കർഷകർ, വനിതകൾ, വ്യാപാരി വ്യവസായികൾ,  തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ സംഘടനാ നേതാക്കളുമായി മന്ത്രി കെ എൻ ബാലഗോപാൽ ചർച്ച നടത്തി. ഐടി, സ്റ്റാർട്ടപ്‌ മേഖലയിലെ സംരംഭകരും വിദഗ്‌ധരുമടക്കം ആശയവിനിമയത്തിന്റെ ഭാഗമായി.

സാമ്പത്തിക വിദഗ്‌ധരായ പ്രൊഫ. ജയതി ഘോഷ്, പ്രൊഫ. സി പി ചന്ദ്രശേഖർ, പ്രൊഫ. ദിനേശ് ഒബ്റോൾ, പ്രൊഫ. വെങ്കിടേഷ് ആത്രേയ, പ്രൊഫ. പിനാകി ചക്രബർത്തി, പ്രൊഫ. സുരജിത് ദാസ് എന്നിവരുമായി ഓൺലൈനിൽ സംവദിച്ചു. കേന്ദ്ര, സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പൊതു സാമ്പത്തികസ്ഥിതിയും ചർച്ചയായി. പ്രമുഖ ശാസ്ത്രജ്ഞന്മാരുമായും സർവകലാശാലാ വൈസ് ചാൻസലർമാരുമായും കൂടിക്കാഴ്‌ച നടത്തി. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഉൾപ്പെടെ സാമൂഹ്യശാസ്‌ത്രമേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങൾ, സർക്കാരിന്റെ ധനസ്ഥാപനങ്ങളുടെ മേധാവികൾ, വിവിധ വകുപ്പു സെക്രട്ടറിമാർ, മേധാവികൾ ഉൾപ്പെടെയുള്ളവർ നിർദേശമറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top