10 December Sunday
സെസ്‌ കേന്ദ്ര അവഗണനമൂലം , നികുതിപ്പണം 
60 ലക്ഷം വീട്ടിലെത്തും

വിലക്കയറ്റം തടയാൻ 2000 കോടി ; ക്ഷേമത്തിന്‌ കൈത്താങ്ങാകാൻ നികുതി വർധന

ജി രാജേഷ്‌ കുമാർUpdated: Friday Feb 3, 2023


തിരുവനന്തപുരം
വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്‌ മുൻഗണന നൽകുന്ന സംസ്ഥാന ബജറ്റിൽ വിപണി ഇടപെടലിന്‌ 2000 കോടി രൂപ  അനുവദിച്ചു. എല്ലാ മേഖലയിലും വില വർധിക്കുമെന്ന സൂചനയാണ്‌ ആഗോള സാമ്പത്തിക ചുറ്റുപാടുകൾ നൽകുന്നതെന്ന്‌ ബജറ്റ്‌ അവതരിപ്പിച്ച്‌ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

ഇന്ത്യയിൽ വിലക്കയറ്റം രൂക്ഷമായി ബാധിക്കാത്ത സംസ്ഥാനം എന്ന ഖ്യാതി കേരളത്തിനുള്ളത്‌ സർക്കാരിന്റെ ഈ ഇടപെടൽമൂലമാണ്‌. നിത്യോപയോഗ സാധനങ്ങൾക്ക്‌ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചിട്ടും നമ്മൾ ഈ നേട്ടമുണ്ടാക്കിയത്‌ ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം സാമൂഹ്യസുരക്ഷ, ക്ഷേമ നടപടികൾ തുടർന്നുകൊണ്ടുതന്നെ, കേന്ദ്രത്തിന്റെ ശത്രുതാ മനോഭാവത്തെ മറികടന്ന്‌ വരുമാനം വർധിപ്പിക്കാനുതകുന്ന പദ്ധതികളുമായാണ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ അവതരിപ്പിച്ചത്‌. സാധാരണക്കാരെ വലിയരീതിയിൽ ബാധിക്കാത്തവിധം ചെറിയ നികുതികൾ ഈടാക്കിയും അതിലേറെ വികസനക്കുതിപ്പും ലക്ഷ്യമിട്ടുള്ളതാണ്‌ പദ്ധതികൾ.

ഉൽപ്പാദന, സംരംഭക, നിക്ഷേപ, തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാൻ ‘മേക്ക് ഇൻ കേരള’ പദ്ധതി ഏറ്റെടുക്കും. ക്ഷേമപ്രവർത്തനങ്ങൾക്ക്‌ കൈത്താങ്ങായി മദ്യത്തിനും പെട്രോളിനും ഡീസലിനും സെസ്‌ ഏർപ്പെടുത്തും. കേന്ദ്രത്തിന്റെ നിഷേധ നിലപാടിനാലാണ്‌ സെസ്‌ വേണ്ടിവന്നത്‌. മേക്ക്‌ ഇൻ കേരളയിൽ കാർഷിക, മൂല്യവർധിത ഉൽപ്പാദന സ്റ്റാർട്ടപ്പുകൾക്കാകും മുൻഗണന. നഴ്‌സിങ്‌ പഠനത്തിന്‌ താലൂക്കുകളിൽ സൗകര്യമൊരുങ്ങും.  ആയിരം സംരംഭങ്ങളിലൂടെ നാലുവർഷത്തിൽ ലക്ഷം കോടി രൂപയുടെ ഉൽപ്പാദന പാക്കേജ്‌ ഏറ്റെടുക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുമായി വ്യവസായ ഇടനാഴിയിൽ 60,000 കോടിയുടെ പദ്ധതികൾക്ക്‌ തുടക്കമിടും.

സെസ്‌ കേന്ദ്ര അവഗണനമൂലം , നികുതിപ്പണം 
60 ലക്ഷം വീട്ടിലെത്തും
സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രസർക്കാർ നയമാണ്‌ പെട്രോളിനും ഡീസലിനും സെസ്‌ ഏർപ്പെടുത്തേണ്ട സാഹചര്യത്തിലേക്ക്‌  നയിച്ചതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിൽനിന്നുള്ള വരുമാനം ക്ഷേമ പെൻഷൻ വിതരണത്തിന്‌ മാത്രമാണ്‌ ഉപയോഗിക്കുക. 60 ലക്ഷത്തോളം കുടുംബങ്ങളിലേക്ക്‌ ഈ പണം എത്തും. കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനത്തിൽ 20 ശതമാനം ഇത്തരം സെസിൽനിന്നാണ്‌.

ഇതിൽ ഒരു രൂപപോലും സംസ്ഥാനങ്ങൾക്ക്‌ ലഭിക്കുന്നുമില്ല.  സംസ്ഥാനത്തിന്റെ ക്ഷേമ പെൻഷൻ ബാധ്യത വർഷാവർഷം ഉയരുന്നു. യുഡിഎഫ്‌ സർക്കാരിന്‌ പ്രതിമാസ പെൻഷൻ ബാധ്യത ശരാശരി 200 കോടി രൂപയായിരുന്നു. ഇതും 18 മാസംമുതൽ കുടിശ്ശികയായി. എൽഡിഎഫ്‌ സർക്കാർ  മുപ്പത്‌ ലക്ഷത്തോളം പേർക്കുകൂടി പെൻഷൻ അനുവദിച്ചു. നിലവിൽ മാസം 900 കോടി രൂപ വേണം. മുടക്കമില്ലാതെ പെൻഷൻ വിതരണം ഉറപ്പാക്കാൻ രൂപീകരിച്ച പെൻഷൻ കമ്പനി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ല.

വൈദ്യുതി തീരുവ വർധന വാണിജ്യ, വ്യവസായ കണക്‌ഷനുകൾക്കുമാത്രമേ ബാധിക്കൂ. ഇതും മൊത്തം കണക്‌ഷന്റെ മൂന്നിലൊന്നിൽ താഴെമാത്രം. അഞ്ചുവർഷമായി വസ്‌തുവിന്റെ ന്യായവിലയിൽ മാറ്റം വരുത്തിയിരുന്നില്ല. ആയിരം രൂപയ്‌ക്ക്‌ മുകളിൽ വിലയിലുള്ളത്‌ മൊത്തം വിൽക്കുന്ന മദ്യത്തിന്റെ എട്ടു ശതമാനത്തിൽ താഴെയാണെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top