19 April Friday

15 രൂപയ്‌ക്ക് 10 കിലോ വീതം അരി; കിറ്റ് വിതരണം തുടരും; സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

ഫോട്ടോ: പി വി സുജിത്‌

തിരുവനന്തപുരം > സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ഇതിനായി പരമദ്രരിദ്രരുടെ പുതുക്കിയ പട്ടിക തയ്യാറാക്കും. ആശ്രയ പദ്ധതി അനുസരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. ഏകദേശം മൂന്ന് ലക്ഷം കുടുംബങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി തോമസ് ഐസ് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

വരുമാനം ഇല്ലാത്തവര്‍ക്കും വരുമാന ശേഷിയില്ലാത്തവര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനായി അഞ്ചുവര്‍ഷം കൊണ്ട് ആറായിരം കോടി രൂപ നല്‍കും. ഇതിലൂടെ സംസ്ഥാനത്ത് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി നല്‍കും. വെള്ള, നീല കാര്‍ഡുടമകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ അനുവദിക്കും. കോവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടണ്‍ അധിക റേഷന്‍ വിതരണം ചെയ്തു.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സബ്സിഡിക്കായി 1060 കോടി രൂപ നീക്കിവെച്ചു. കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചര കോടി ഭക്ഷ്യകിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കമ്പോളത്തില്‍ ശക്തമായ ഇടപെടലാണ് നടത്തിയത്. ഓണക്കാലത്ത് ഇത് വിപണിയില്‍ ദൃശ്യമായെന്നും ഐസക് പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top