പാലക്കാട് > ഞായറാഴ്‌ച കലൂർ അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്‌പൂർ എഫ്‌സിയും കൊമ്പുകോർക്കുമ്പോൾ മൈതാനത്തിന്റെ മനം കവരാൻ പാലക്കാടുനിന്നുള്ള കൊച്ചുമിടുക്കർ തയ്യാർ. മലമ്പുഴ ആശ്രമം സ്‌കൂളിലെ വിദ്യാർഥികളാണ് ഇരുടീമിലെയും കളിക്കാരെ മൈതാനത്തേക്ക് കൈ പിടിച്ച് ആനയിക്കുക. ഉൾവനങ്ങളിലും മറ്റും താമസിക്കുന്ന 22 പട്ടിക വർഗ വിദ്യാർഥികളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
പലരും പാലക്കാട് വിട്ട് മറ്റൊരു ജില്ലയിലെത്തുന്നതുതന്നെ ആദ്യം. കൊച്ചി നഗരം കാണാനും ആർത്തിരമ്പുന്ന സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിക്കാനും പോകുന്ന ആകാംക്ഷയിലാണ് ഈ കൊച്ചുകൂട്ടുകാർ. സ്‌കൂൾ പ്രിൻസിപ്പലും അധ്യാപകരുമാണ് വിദ്യാർഥികൾക്കൊപ്പമുള്ളത്.
പൊളിയാണ് കൊച്ചിക്കാഴ്‌ചകൾ
സ്‌കൂളിൽ പോകാനായി ഊരുകളിൽനിന്ന് പുറത്തെത്തിയിരുന്ന കുട്ടികളെ വിസ്‌മയിപ്പിച്ച് കൊച്ചി നഗരം. വെള്ളിയാഴ്‌ചയാണ് വിദ്യാർഥികൾ കൊച്ചിയിലെത്തിയത്. ആദ്യം മെട്രോയാത്ര. എല്ലാവരും ആവേശത്തിലായി. പിന്നെ നഗരം ചുറ്റിക്കണ്ടു. ഹോട്ടൽ ലെ മെറഡിയനിലെത്തിയപ്പോൾ പ്രശസ്‌ത ഷെഫ് സുരേഷ് പിള്ള ഒരുക്കിയ ഭക്ഷണം കാത്തിരുന്നു.
വ്യത്യസ്‌തതരം രുചികളാണ് അദ്ദേഹം ഒരുക്കിയത്. ശനിയാഴ്‌ച കേരളത്തിന്റെ സ്വന്തം വാട്ടർ മെട്രോയിൽ കയറി. ഞായറാഴ്‌ചയാണ് ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. അന്ന് കളിക്കളത്തിലേക്ക് താരങ്ങളുടെ കൈപിടിച്ച് അഭിമാനത്തോടെ സ്‌റ്റേഡിയത്തിലേക്ക് ആനയിക്കും.
ചൊവ്വാഴ്‌ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ പരിപാടികളിലും കുട്ടികൾ പങ്കെടുക്കും. തുടർന്ന് മലമ്പുഴയിലേക്ക് മടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..