29 March Friday

അമിത്‌ ഷായുടെ സന്ദർശനം റദ്ദാക്കൽ ; അമിതാവേശം തിരിച്ചടിയായെന്ന്‌ രൂക്ഷ വിമർശം

പ്രത്യേക ലേഖകൻUpdated: Tuesday May 10, 2022


തിരുവനന്തപുരം
തൃക്കാക്കരയിൽ സ്ഥാനാർഥിത്വം വൈകിയതിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ കേരളസന്ദർശനം റദ്ദാക്കിയതിലും ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷവിമർശം.  അമിത്‌ ഷായുടെ സന്ദർശനത്തോടനുബന്ധിച്ച്‌ വർഗീയത ആളിക്കത്തിക്കുന്നവിധം കേന്ദ്രസഹമന്ത്രി വി മുരളീധരനും സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനുംചേർന്ന്‌ പ്രചാരണം നടത്തിയത്‌ തിരിച്ചടിയായെന്നായിരുന്നു  കുറ്റപ്പെടുത്തൽ. ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത കോർ കമ്മിറ്റിയിലും നേതൃയോഗത്തിലുമാണ്‌ സുരേന്ദ്ര വിരുദ്ധർ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്‌.  കേരളത്തിൽ എസ്‌ഡിപിഐ –- ആർഎസ്‌എസ്‌ കൊലപാതകങ്ങൾ നടന്ന സാഹചര്യത്തിൽ ലൗജിഹാദിനും തീവ്രവാദത്തിനും എതിരെ അമിത്‌ ഷായെ കാണുമെന്നും ശക്തമായി പ്രതികരിക്കുമെന്നുമായിരുന്നു പ്രചാരണം. കേന്ദ്ര ആഭ്യന്തരമന്ത്രിയെ ഉപയോഗിച്ച്‌ അത്തരം പ്രചാരവേല നടത്തിയത്‌ ശരിയായില്ല. ഏപ്രിൽ 29ന്‌ നടത്താനിരുന്ന സന്ദർശനം അമിത്‌ ഷാ ഒഴിവാക്കിയത്‌ നേതൃത്വത്തിന്റെ കഴിവുകേടാണെന്നും വിമതർ കുറ്റപ്പെടുത്തി.

തൃക്കാക്കരയിലെ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചയിൽ എ എൻ രാധാകൃഷ്ണനടക്കം ചില പേരുകൾ ദേശീയ അധ്യക്ഷനോട്‌ പറഞ്ഞെങ്കിലും തോൽക്കാനായി ആരെങ്കിലും നിന്നാൽ പോരെ എന്ന പരിഹാസമായിരുന്നു മറുപടി. അടുത്തുനടന്ന എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി ഏറെ പിന്നോട്ട്‌ പോയ സാഹചര്യത്തിൽ തൃക്കാക്കര പ്രചാരണത്തിന്‌ കാര്യമായി ഫണ്ട്‌ നൽകില്ലെന്ന സൂചനയും കേന്ദ്ര നേതാക്കൾ നൽകി. എന്നാൽ, സ്ഥാനാർഥിത്വം എ എൻ രാധാകൃഷ്ണന്‌ ‘ഗുണം’ചെയ്യുമെന്നാണ്‌ ഔദ്യോഗികപക്ഷ നേതാക്കൾ പറയുന്നത്‌. വോട്ട്‌ കിട്ടില്ലെങ്കിലും പണം സമാഹരിക്കാൻ രാധാകൃഷ്ണന്‌  ‘വൈദഗ്ധ്യ’മുണ്ടെന്നും പറയുന്നു.

അതേസമയം, നാല്‌ വോട്ട്‌ കൂടുതൽ പിടിക്കാൻ കഴിയാത്ത രാധാകൃഷ്ണനെ ഏത്‌ തെരഞ്ഞെടുപ്പുവന്നാലും മത്സരിപ്പിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലും വ്യാപക വിമർശമാണ്‌. ബിജെപി സ്ഥാനാർഥി നിർണയം വെറും തമാശയാണെന്ന്‌ വിമർശിച്ച സംഘപരിവാർ ബുദ്ധിജീവി ടി ജി മോഹൻദാസിന്റെ ട്വീറ്റ്‌ ഉയർത്തിയാണ്‌ ബിജെപി സോഷ്യൽമീഡിയ സംഘത്തിൽപ്പെട്ടവരുടെ ഒളിയമ്പ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top