26 April Friday

കരുവന്നൂർ ബാങ്കിന്റെ 90 കോടിയുടെ വായ്‌പ കേരള ബാങ്ക്‌ ഏറ്റെടുക്കും

ജി രാജേഷ്‌കുമാർUpdated: Friday Jan 21, 2022

തിരുവനന്തപുരം > കരുവന്നൂർ  സഹകരണ ബാങ്കിന്റെ  90 കോടി രൂപയുടെ വായ്‌പകൾ കേരള ബാങ്ക്‌ ഏറ്റെടുക്കും. തിരിച്ചടവ്‌ ഉറപ്പുള്ളവയെന്ന്‌ ‌ വിലയിരുത്തിയ വായ്‌പകളാണ്‌ ഏറ്റെടുക്കുന്നത്‌. ഇതിലൂടെ കരുവന്നൂർ ബാങ്കിന്‌ നിക്ഷേപ തുക മടക്കി നൽകുന്ന പ്രവർത്തനം ഊർജിതപ്പെടുത്താനാകും. ബാങ്കിന്റെ പ്രവർത്തനത്തുടർച്ച ഉറപ്പാക്കുന്നതിന്‌ സഹായിക്കണമെന്ന സർക്കാർ നിർദേശത്തിൽ അനുകൂല നിലപാടാണ്‌ കേരള ബാങ്കിന്‌.  പ്രതിസന്ധി ഘട്ടത്തിൽ അംഗ സംഘത്തെ സഹായിക്കാനുള്ള ബാധ്യത നിറവേറ്റുക എന്നതുകൂടി പരിഗണിച്ചാണ്‌ തീരുമാനം.

കരുവന്നൂർ ബാങ്കിൽ‌ അഡ്‌മിനിസ്‌ട്രേറ്റിവ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻഗണനാക്രമം നിശ്ചയിച്ച്‌ നിക്ഷേപകരുടെ തുക തിരികെ നൽകാനുള്ള ശ്രമം ത്വരിതപ്പെടുത്തി. 16 കോടിയിലധികം  മടക്കി നൽകി. നിക്ഷേപകരെ നേരിൽ കാണാൻ തുടങ്ങി. നിക്ഷേപകരുടെ ആശങ്ക പരിഹരിക്കുന്നതിനും ബാങ്കിനോടുള്ള വിശ്വാസ്യത ഉറപ്പിക്കുന്നതിനുമുള്ള  പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌. ബാങ്കിന്റെ  പുനരുദ്ധാരണ പാക്കേജിൽ  എല്ലാ നിക്ഷേപകരുടെയും പണം തിരികെ നൽകുമെന്ന ഉറപ്പുണ്ട്‌. വിവിധ വായ്‌പാ പദ്ധതികളിൽ 374 കോടി രൂപ പുറത്തുനിൽക്കുന്നതായാണ്‌ അഡ്‌മിനിസ്‌ട്രേറ്റിവ്‌ കമ്മിറ്റി വിലയിരുത്തൽ.

ആസ്‌തി–-ബാധ്യതകൾ തിട്ടപ്പെടുത്തൽ,  വായ്‌പകളിൽ തിരിച്ചടവ്‌ ഉറപ്പാക്കൽ, നിക്ഷേപകർക്ക്‌ തുക മടക്കി നൽകൽ എന്നിവയിൽ സഹകരണ വകുപ്പും ബാങ്കിനെ സഹായിക്കും. ഇതിനായി സെയിൽ ഓഫീസറുടെ സേവനം നൽകാൻ കഴിഞ്ഞദിവസം ധാരണയായി. ആസ്‌തി ബാധ്യതകൾ തിട്ടപ്പെടുത്തുന്നതിനും ബാധ്യതകൾ തീർക്കുന്നതിനും അഡ്‌മിനിസ്‌ട്രേറ്റിവ്‌ കമ്മിറ്റിയെ സെയിൽ ഓഫീസർ സഹായിക്കും. നിഷ്‌ക്രിയ വായ്‌പകളിൽ ആർബിട്രേഷൻ നടപടികൾക്കടക്കം നേതൃത്വം നൽകും.

ആർബിട്രേഷൻ വിധിയായിട്ടും നടപടി എടുക്കാത്ത 230 കേസ്‌ ബാങ്കിലെ ക്രമക്കേടുകൾ അന്വേഷിച്ച സമിതി കണ്ടെത്തിയിരുന്നു. 29 കേസിൽ വിധി വരാനുണ്ട്‌. 575 കേസിൽ ആർബിട്രേഷൻ നടപടി സ്വീകരിക്കണം. ഇതിനും സെയിൽ ഓഫീസർ നേതൃത്വം നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top