25 April Thursday

കെഎഎസ്‌ പരിശീലനം ഉടൻ ; നിയമന ശുപാർശ നവംബർ 1ന്‌

സ്വന്തം ലേഖികUpdated: Thursday Oct 28, 2021



തിരുവനന്തപുരം
കെഎഎസ്‌ ഓഫീസർ ട്രെയിനി തസ്‌തികയിലേക്ക്‌ പരിശീലനം ഉടൻ തുടങ്ങും. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റിന്റെ (ഐഎംജി) നേതൃത്വത്തിലാണ്‌ പരിശീലനം. ഒന്നര വർഷം മുതൽ രണ്ട്‌ വർഷം വരെ നീളും. നവംബർ ഒന്നിന്‌ നിയമന ശുപാർശ നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ്‌ നിയമനം. ഇത്‌ പരിശോധിക്കാൻ അസെസ്‌മെന്റുകൾ നടത്തും. ഭരണ നിർവഹണം, ധനകാര്യ മാനേജ്‌മെന്റ്‌, പദ്ധതി നടത്തിപ്പ്‌, ആസൂത്രണം തുടങ്ങിയ മേഖലയിൽ കഴിവും പ്രാപ്തിയും പരിപോഷിപ്പിക്കുന്ന രീതിയിലായിരിക്കും പരിശീലനം. ഈ കാലയളവ്‌ പ്രൊബേഷൻ സമയംകൂടിയാണ്‌. ശേഷമാകും ഏത്‌ വകുപ്പിൽ നിയമനം നൽകണം എന്ന്‌ തീരുമാനിക്കുക. ഒരു വകുപ്പിൽ തന്നെ സ്ഥിരമായി ജോലി ചെയ്യാനാകില്ല. 

ജൂനിയർ ടൈം സ്‌കെയിലിലാണ്‌ ആദ്യ നിയമനം. ഡെപ്യൂട്ടി കലക്‌ടർ, പ്രിൻസിപ്പൽ സെക്രട്ടറി ഗ്രേഡ്‌2, ജില്ലാ സപ്ലൈ ഓഫീസർ തുടങ്ങിയവയാണ്‌ ജൂനിയർ ടൈം സ്‌കെയിലിൽപ്പെടുന്ന തസ്‌തികകൾ. സീനിയർ ടൈം സ്‌കെയിൽ, സെലക്‌ഷൻ ടൈം സ്‌കെയിൽ, സൂപ്പർ ടൈം സ്‌കെയിൽ എന്നിങ്ങനെയാണ്‌ പ്രൊമോഷൻ. സ്‌പെഷ്യൽ സെക്രട്ടി, അഡീഷണൽ സെക്രട്ടറി, ഡയറക്ടർ, തുടങ്ങിയ തസ്‌തികകളാണ്‌ സൂപ്പർ ടൈം സ്‌കെയിലിൽ ഉൾപ്പെടുന്നത്‌. ഇവർക്ക്‌ ചുരുങ്ങിയ കാലംകൊണ്ട്‌ കൺഫേർഡ്‌ ഐഎഎസ്‌ നേടാം. 

ഭാവിയിലെ ബ്യൂറോക്രാറ്റിക്‌ രംഗത്തെ മാറ്റങ്ങൾക്ക്‌ നേതൃപരമായ പങ്കുവഹിക്കുന്ന വിഭാഗത്തെയാണ്‌ കെഎഎസിൽ തെരഞ്ഞെടുത്തതെന്ന്‌ പിഎസ്‌സി ചെയർമാൻ എം കെ സക്കീർ പറഞ്ഞു. കെഎഎസ്‌ പരീക്ഷ ഒരു തെറ്റിനും വിമർശത്തിനും ഇടകൊടുക്കാത്ത വിധം ഭംഗിയായി നടത്തി. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വലിയ പിന്തുണ ഇതിന്‌ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top