തിരുവനന്തപുരം
ചാന്ദ്രയാൻ മൂന്ന്, ആദിത്യ എൽ1 പദ്ധതികൾക്കായി നൂറുകണക്കിന് ഉൽപ്പന്നങ്ങൾ നിർമിച്ച് നൽകിയ കേരളത്തിന്റെ അഭിമാനമായ കെൽട്രോണിനെ അപമാനിച്ച് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. കെൽട്രോൺ സ്‌ക്രൂ പോലും ഉണ്ടാക്കുന്നില്ലെന്നായിരുന്നു തിരുവഞ്ചൂരിന്റെ പരാമർശം. നിയമസഭയിൽ ചോദ്യോത്തരവേളയിൽ എഐ കാമറ സ്ഥാപിക്കലുമായി ബന്ധപ്പെട്ട ചോദ്യമുന്നയിക്കുന്നതിനിടെയായിരുന്നു പ്രതികരണം. ആരോപണത്തിന് ചോദ്യോത്തരവേളയിൽതന്നെ മന്ത്രിമാരായ പി രാജീവും ആന്റണി രാജുവും വ്യക്തമായ മറുപടി നൽകി.
തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായിരിക്കെ ഇതേ കെൽട്രോണിനെ ഉപയോഗിച്ചാണ് സംസ്ഥാന വ്യാപകമായി നിരീക്ഷണ കാമറ സ്ഥാപിച്ചതെന്ന് മന്ത്രി ആന്റണി രാജു ഓർമിപ്പിച്ചു. അക്കാലത്തും കെൽട്രോൺ "നോക്കുകുത്തി'യായിരുന്നോ എന്നും മന്ത്രി ചോദിച്ചു. തിരുവഞ്ചൂർ പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
വ്യവസായമന്ത്രി പി രാജീവും തിരുവഞ്ചൂരിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചു. ചാന്ദ്രയാൻ 3 മിഷനിൽ നാൽപ്പത്തിയൊന്ന് ഇലക്ട്രോണിക്സ് മോഡ്യൂൾ പാക്കേജുകൾ കെൽട്രോൺ നൽകിയിട്ടുണ്ട്. സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എൽവിഎം 3യിലെ ഇന്റർഫേസ് പാക്കേജുകൾ, ഏവിയോണിക്സ് പാക്കേജുകൾ, ചാന്ദ്രയാന് വേണ്ടിയുള്ള പവർ മോഡ്യൂളുകൾ, ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സപ്പോർട്ട് എന്നിവ നൽകിയത് കെൽട്രോണാണ്. കേരളത്തിന്റെ അഭിമാനമായ സ്ഥാപനത്തെ അഭിനന്ദിക്കുന്നതിന് പകരം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുകയാണ് പ്രതിപക്ഷം. ദേശീയപാത അതോറിറ്റി രാജ്യത്ത് ആദ്യമായി ഒരു പൈലറ്റ് പ്രോജക്ട് നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ ചുമതലപ്പെടുത്തിയതും കെൽട്രോണിനെയായിരുന്നു. ഈ പശ്ചാത്തലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പരാമർശം പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..