28 September Thursday

അന്താരാഷ്ട്ര കയാക്കിങ്‌ ചാമ്പ്യൻഷിപ്പിന്‌ തുടക്കം; ചാലിപ്പുഴയിൽ ആവേശ തുഴയുമായി കയാക്കർമാർ

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

കോടഞ്ചേരി> കയാക്കർമാരുടെ മിന്നുന്ന പ്രകടനത്തോടെ  ചാലിപ്പുഴയിൽ എട്ടാമത് മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് പുലിക്കയത്ത് തുടക്കം. കോവിഡിനെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമെത്തിയ "പുഴഉത്സവ’ ത്തെ ആഘോഷമായാണ് മലയോരം വരവേറ്റത്. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റ് മന്ത്രി പി എ മുഹമ്മദ് റിയാസ്  ഉദ്ഘാടനംചെയ്തു. മത്സരങ്ങൾ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. പുലിക്കയം അങ്ങാടിയിൽനിന്ന്‌ വാദ്യഘോഷങ്ങളോടെ ഘോഷയാത്രയാണ്‌ മന്ത്രിയെ ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്‌. രാത്രി ഗാനമേളയും നടന്നു.
    
ചാലിപ്പുഴയിലും ഇരുവഴിഞ്ഞിയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ  വിഭാഗങ്ങളിലാണ് മത്സരം. നൂറിലേറെ അന്തർദേശീയ, ദേശീയ കയാക്കർമാർ പങ്കെടുക്കുന്നു. കഴിഞ്ഞ കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി റാപ്പിഡ് രാജയായ റഷ്യയുടെ ഇവാന്‍ ഇത്തവണയും എത്തി. ദേശീയതലത്തിൽ ശ്രദ്ധേയരായ വനിതാ കയാക്കർമാരായ  പ്രിയങ്ക റാണ,  നൈന അധികാരി എന്നിവരും  പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന ദിവസം പ്രാഥമികമത്സരത്തിൽ 15 മത്സരാർഥികളാണ് തുഴയെറിഞ്ഞത്.

 ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു കളത്തൂർ, പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്‌സ് തോമസ്, മേഴ്‌സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്തംഗം  ബോസ് ജേക്കബ്,  സാഹസിക ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, ടൂറിസം ജോ. ഡയറക്ടർ ടി ജി അഭിലാഷ് കുമാർ തുടങ്ങിയവര്‍ സംസാരിച്ചു. കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി സ്വാഗതം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top