19 April Friday

നടിയെ ആക്രമിച്ച കേസ്‌ : കാവ്യാ മാധവനെ നാലര മണിക്കൂർ ചോദ്യം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022


കൊച്ചി
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി എട്ടാംപ്രതി നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടിൽ പകൽ 12ന്‌ ആരംഭിച്ച ചോദ്യം ചെയ്യൽ നാലര മണിക്കൂർ നീണ്ടു. ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ ക്രൈംബ്രാഞ്ച് കാവ്യക്ക്‌ ശനിയാഴ്‌ച നോട്ടീസ് നൽകിയപ്പോൾ ആലുവയിലെ വീട്ടിൽവച്ചാകാമെന്ന്‌ അറിയിക്കുകയായിരുന്നു. എസ്‌പി എം പി മോഹനചന്ദ്രൻനായർ, ഡിവൈഎസ്‌പി ബൈജു കെ പൗലോസ്‌ എന്നിവരുടെ നേതൃത്വത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു ചോദ്യംചെയ്യൽ.

കാവ്യയുടെ പേര്‌ പരാമർശിക്കുന്ന ദിലീപിന്റെ സഹോദരീഭർത്താവ് സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. തുടർന്നാണ്‌ കാവ്യയെ ചോദ്യംചെയ്യാൻ തീരുമാനിച്ചത്. പല ചോദ്യത്തോടും  കാവ്യ പ്രതികരിച്ചില്ല. അതിക്രമത്തിനുമുമ്പ്‌ അതിജീവിത, ദിലീപ്, നടി മഞ്ജു വാര്യർ എന്നിവർക്കിടയിൽ സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷകസംഘം പരിശോധിച്ചു. അന്വേഷകസംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും കാവ്യയിൽനിന്ന്‌ വിവരങ്ങൾ ശേഖരിച്ചു. നേരത്തേ രണ്ടുതവണ കാവ്യക്ക്‌ നോട്ടീസ് നൽകിയിരുന്നു.

അതിനിടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിക്കെതിരെ ദിലീപ്‌ വിചാരണക്കോടതിയിൽ എതിർവാദമുയർത്തി. സാക്ഷികളെ സ്വാധീനിക്കാനും തെളിവ്‌ നശിപ്പിക്കാനും ദിലീപ്‌ ശ്രമിച്ചുവെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ പ്രോസിക്യൂഷൻ ഹർജി നൽകിയത്‌. പ്രോസിക്യൂഷൻ വ്യക്തിഹത്യ നടത്താനാണ്‌ ശ്രമിക്കുന്നതെന്ന്‌ 27 പേജുള്ള എതിർവാദത്തിൽ ദിലീപ്‌ വ്യക്തമാക്കി. വ്യാഴാഴ്ച പ്രോസിക്യൂഷൻ ഭാഗം കേൾക്കും.

അപകീർത്തികരമായ ദൃശ്യങ്ങളുള്ള മെമ്മറി കാർഡ്‌ വീണ്ടും ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ അയക്കണമെന്ന ആവശ്യത്തിൽ കോടതി പ്രോസിക്യൂഷനോട്‌ കൂടുതൽ വ്യക്തത തേടി. വിവരങ്ങൾ കൈമാറിയിട്ടുണ്ടോ എന്നറിയാനാണ്‌ വീണ്ടും പരിശോധന ആവശ്യപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top