29 March Friday

കാണാമറയത്ത്‌ ഒന്നേമുക്കാല്‍ നൂറ്റാണ്ട്; 
പുതുനാമ്പിടുന്നു കാവിലിപ്പയ്‌ക്ക്‌

സ്വന്തം ലേഖികUpdated: Monday Jun 5, 2023


തിരുവനന്തപുരം
ലോകത്തുനിന്ന് അപ്രത്യക്ഷമായെന്ന് ശാസ്ത്രലോകം കരുതിയ കാവിലിപ്പ പുതുനാമ്പിടുന്നു. 184 വർഷങ്ങൾക്കിപ്പുറം കണ്ടെത്തിയ മരത്തിൽനിന്ന് ശേഖരിച്ച വിത്തുകളിൽ ഒന്നുമാത്രമാണ് ജീവൻ വീണ്ടെടുത്തത്. ഇപ്പോൾ രണ്ടര വയസ്സുള്ള ആ തൈ, ലോകത്തെ രണ്ടാമത്തെ  കാവിലിപ്പ അഥവാ ആയിരവല്ലി ഇലിപ്പ പരിസ്ഥിതിദിനത്തിൽ പുതിയ മണ്ണിൽ വേരാഴ്‌ത്തും.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഹരിതസംരംഭ പദ്ധതിയുടെ ഭാ​ഗമായാണ് ആയിരവല്ലി ഇലിപ്പ തൈകൾ നടുന്നത്. പാലോട് ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ മുപ്പതോളം തൈകൾ കൂടി വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഇവ ഘട്ടംഘട്ടമായി വിവിധയിടങ്ങളിൽ നടും. കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ ആയിരവില്ലി ശിവക്ഷേത്രത്തിലെ കാവിൽനിന്ന് 2019ലാണ് മരം കണ്ടെത്തിയത്. ​ഗവേഷകരായ ഡോ. എസ് ഷൈലജകുമാരി, ഡോ. ഇ എസ് സന്തോഷ് കുമാർ, ഡോ. എ കെ ശ്രീകല എന്നിവരടങ്ങിയ ​സംഘം കാവിലിപ്പ തിരിച്ചറിഞ്ഞു.

ലോകത്ത് ഒരേയൊരു മരം മാത്രമായി അവശേഷിക്കുന്നുവെന്ന് കരുതപ്പെടുന്ന ഈയിനം ഇന്റർനാഷണൽ‌ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ് ഡാറ്റാബുക്കിൽ അതീവ വംശനാശ ഭീഷണി നേരിടുന്ന സസ്യവിഭാ​ഗത്തിൽപെടുന്നതാണ്. 1835ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ സർജൻ ബോട്ടാണിസ്റ്റ് ഡോ. റോബർട്ട് വൈറ്റാണ് ആയിരവല്ലി ഇലിപ്പ ആദ്യമായി കണ്ടെത്തിയത്.
വംശനാശം വന്നെന്ന് കരുതിയ മരം പിന്നീട്‌ കണ്ടെത്തുന്നത് ബൊട്ടാണിക് ഗാർഡനിലെ ഗവേഷകർ. മാധുകാ ഡിപ്ലോസ്റ്റൈമൻ വിഭാ​ഗത്തിൽപ്പെട്ട ആ മരത്തിൽനിന്ന് കുറച്ച് വിത്തുകൾ ശേഖരിച്ച് പ്രത്യേക സാഹചര്യത്തിൽ വളർത്തിയെങ്കിലും ഒരുതൈ മാത്രമാണ് അതിൽനിന്ന് വികസിപ്പിക്കാൻ കഴിഞ്ഞത്. ‌രണ്ടരവർഷം വളർച്ചയുള്ള ആ തൈയാണ് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ തൈക്കാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top