25 April Thursday

കവളപ്പാറ ദുരന്തത്തിന് നാളെ 3 വർഷം; മണ്ണടരുകളിൽ കണ്ണീർപ്പൂക്കൾ

വി കെ ഷാനവാസ്‌Updated: Sunday Aug 7, 2022

കവളപ്പാറ ദുരന്തഭൂമി

എടക്കര > മുത്തപ്പൻമല ഇടിഞ്ഞിറങ്ങി മണ്ണാഴങ്ങളിൽ 59 ജീവനുകൾ പൊലിഞ്ഞ കവളപ്പാറ ദുരന്തത്തിന്‌ തിങ്കളാഴ്‌ച മൂന്നുവർഷം. 2019 ആഗസ്ത് എട്ടിനായിരുന്നു ഉരുൾപൊട്ടൽ. മണ്ണിനടിയിലായത്‌ 37 വീടുകൾ. പതിനെട്ട്‌ ദിവസത്തെ തിരച്ചിലിൽ 48 മൃതദേഹങ്ങൾ കണ്ടെടുത്തു. പതിനൊന്നുപേരെ കണ്ടെത്താനായില്ല. ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേരും ജീവിതത്തിലേക്ക് തിരിച്ചെത്തി. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച അനീഷിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകി. മുത്തപ്പൻകുന്നിന്റെ താഴ്‌വാരത്ത്‌ 37 ഏക്കർ ഭൂമി മൺകൂന വന്നടിഞ്ഞ് ഇല്ലാതായി.
 
മാറാത്ത ആശങ്ക
 
ദുരന്തസ്ഥലത്തെ മണ്ണടിഞ്ഞ ഏക്കർകണക്കിന് ഭൂമി എന്തുചെയ്യുമെന്ന ആശങ്ക നിലനിൽക്കുന്നു. ഭൂമി നിരപ്പാക്കി ഉപയോഗിക്കാൻ പ്രായോഗിക തടസമുണ്ട്‌. ഇനിയും കണ്ടെത്താൻ കഴിയാത്ത 11 പേരെയും മരിച്ചതായി കണക്കാക്കി 59 പേരുടെ കുടുംബങ്ങൾക്കും സർക്കാർ ധനസഹായമായി നാല് ലക്ഷം രൂപവീതം രണ്ട്‌ കോടി 36 ലക്ഷം നൽകി. മരിച്ചവരുടെ ബന്ധുക്കൾക്കും ഭൂമിയും വീടും നഷ്ടമായ മുഴുവൻ കുടുംബങ്ങൾക്കും തുക അനുവദിച്ചു.
 
ചേർത്തുപിടിച്ച്‌ 
സർക്കാർ 
 
പ്രദേശത്ത്‌ 153 കുടുംബങ്ങളുടെ ഭൂമിയും വീടുമാണ്  വാസയോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഇവരെ സർക്കാർ പുനരധിവസിപ്പിച്ചു.  മുപ്പത്തിരണ്ട്‌ പട്ടിക വർഗ കുടുംബത്തിന് 12 ലക്ഷം വീതവും എം എ യൂസഫലി വീട് നൽകിയവർക്ക് ഏഴ്‌ ലക്ഷംവീതവും ബാക്കി കുടുംബങ്ങൾക്ക് 10 ലക്ഷംവീതവുമാണ് സർക്കാർ അനുവദിച്ചത്. 20 കോടി സർക്കാർ കവളപ്പാറയിൽ പുനരധിവാസത്തിന് ചെലവഴിച്ചു. മാറ്റിപ്പാർപ്പിച്ച 39 കുടുംബത്തിന് സന്നദ്ധ സംഘടനകളും വീട് നിർമിച്ച് നൽകി. കവളപ്പാറ ആലിൻചുവടിൽ 33 കുടുംബത്തിന് സർക്കാർ ഫണ്ടിൽ സ്ഥലം വാങ്ങി പ്രവാസി വ്യവസായി എം എ യൂസഫലിയുടെ സഹായത്തോടെ  വീടുകൾ പണിതു. എല്ലാ വീട്ടിലേക്കും സർക്കാർ ഫണ്ടിൽ 60 ലക്ഷം അനുവദിച്ച് കോൺക്രീറ്റ് റോഡും നിർമിച്ചു. 

സിപിഐ എം അനുസ്മരണ പരിപാടി നാളെ

കവളപ്പാറ ദുരന്തത്തിന്റെ മൂന്നാം വാർഷിക ദിനത്തിൽ സിപിഐ എം പോത്ത്കല്ല് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരണ പരിപാടി നടത്തും. തിങ്കൾ  രാവിലെ പത്തിന്‌  ജില്ലാ സെക്രട്ടറിയ‌റ്റംഗം ഇ ജയൻ ഉദ്ഘാടനംചെയ്യും. പി വി അൻവർ എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം ടി രവീന്ദ്രൻ, എടക്കര ഏരിയാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി സെഹീർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയി എന്നിവർ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top