16 September Tuesday

കട്ടപ്പനയിൽ ആനക്കൊമ്പുമായി ആർഎസ്‌എസ്‌ പ്രവർത്തകൻ പിടിയിൽ; 12 ലക്ഷത്തിന്‌ വ്യാപാരം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

കട്ടപ്പന > വിൽക്കാൻ കൊണ്ടുപോയ ആനക്കൊമ്പുമായി യുവാവ് വനംവകുപ്പിന്റെ പിടിയിലായി. കട്ടപ്പന സുവർണഗിരിയിൽ താമസിക്കുന്ന ടിപ്പർ ഡ്രൈവർ കണ്ണംകുളം കെ അരുൺ  ആണ് അറസ്റ്റിലായത്. സംഘത്തിലെ രണ്ടുപേർ ഒളിവിലാണ്‌. കട്ടപ്പന ഫ്ലൈയിങ്‌ സ്ക്വാഡ് റേഞ്ച്‌ ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വള്ളക്കടവിനുസമീപം കരിമ്പാനിപ്പടിയിലാണ് ഇയാൾ പിടിയിലായത്.

12 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ആനക്കൊമ്പ് മറ്റൊരു സംഘത്തിന് കൈമാറുവാൻ കാറിൽ കാത്തുനിൽക്കുമ്പോഴായിരുന്നു കസ്റ്റഡിയിലായത്. ജിതേഷ് എന്നയാളുടെ പക്കൽനിന്നും അരുണും സഹോദരി ഭർത്താവ് ബിബിനും ചേർന്ന് 6 ലക്ഷം രൂപയ്ക്കാണ് ആനക്കൊമ്പ് വാങ്ങിയത്. 2.7 ലക്ഷം രൂപ പണമായും 20,000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും ജിതേഷിന് അഡ്വാൻസായി നൽകി. തുടർന്നാണ് മറ്റൊരാൾക്ക് 12 ലക്ഷം രൂപയ്ക്ക് കൊമ്പ് വിൽക്കാൻ പദ്ധതിയിട്ടത്.

ഒളിവിൽ പോയ ജിതേഷിനും ബിബിനുമായി വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. 8.4 കിലോ തൂക്കമുള്ള ആനക്കൊമ്പിന് 130 സെ.മി അകം വ്യാസവും 124 സെ.മി പുറം വ്യാസവുമുണ്ട്. പ്രതികളിൽ ഒരാളായ ജിതേഷിനെ പിടികൂടിയെങ്കിൽ മാത്രമെ ആനക്കൊമ്പ് എവിടെനിന്നാണ് കിട്ടിയതെന്ന് അറിയാനാകൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ കുമളി റേഞ്ചിന് കൈമാറി. വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു. ഫ്ലയിങ്‌ സ്ക്വാഡ് കട്ടപ്പന റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോയ് വി രാജൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സജി തോമസ്, ബീറ്റ് ഓഫീസർമാരായ കെ എ മുഹമ്മദ്, ബിനോയ് ജോസഫ്, ആർ സന്തോഷ്‌കുമാർ, കെ ജി ഗോപകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top