25 April Thursday

കാഥിക മലയാലപ്പുഴ സൗദാമിനിയമ്മ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

മലയാലപ്പുഴ> സുപ്രസിദ്ധ കാഥിക മലയാലപ്പുഴ സൗദാമിനിയമ്മ(എംകെ സൗദാമിനിയമ്മ–-100) അന്തരിച്ചു. മലയാലപ്പുഴ കാഞ്ഞിരപ്പാറയിലെ വസതിയിലായിരുന്നു അന്ത്യം.

അമ്പതുകൾ മുതൽ ഹരികഥ, കഥാപ്രസംഗവേദികളിൽ നിറഞ്ഞു നിന്നയാളാണ്‌ പാട്ടമ്മ എന്ന പേരിൽ അറിയപ്പെടുന്ന സൗദാമിനിയമ്മ. നിരവധി പുരാണങ്ങളും ഇതിഹാസങ്ങളും നോവലുകളും കഥാപ്രസംഗ ആവിഷ്‌കാരമാക്കി നൂറുകണക്കിന്‌ വേദികളിലവതരിപ്പിച്ചു.

1921 ൽ  മലയാലപ്പുഴ മുണ്ടോത്തറയിൽ കേശവന്റെയും കുഞ്ഞിക്കാവമ്മയുടെയും മകളായാണ്‌  ജനനം. ചെറുപ്പത്തിൽ തന്നെ  അടൂർ കേശവപിള്ളയുടെ കീഴിൽ സംഗീതവും തിരുവല്ല കെജി.കേശവപണിക്കരുടെ കീഴിൽ ഹാർമോണിയവും അഭ്യസിച്ചു.  സംഗീത കച്ചേരികളിലുടെ ശ്രദ്ധേയായി.  എംപി മൻമഥന്റെ സംഘത്തിൽ ഹാർമോണിയം വായിക്കാൻ ചേർന്നു. തുടർന്ന്‌  കെ കെ വാദ്യാരുടെ സംഘത്തിലെത്തി.  മഹാകവി കുമാരനാശാന്റെ കരുണയും ദുരവസ്ഥയും ലീലയും  ചങ്ങമ്പുഴയുടെ രമണനും ആയിരത്തിലധികം വേദികളിൽ അവരിപ്പിച്ചു.. രാജ്യത്തിന്റെ വിവിധഭാഗങ്ങൾക്ക്‌ പുറമെ സിങ്കപ്പൂർ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയഇടങ്ങളിലും പരിപാടികൾ അവതരിപ്പിച്ചു. സിങ്കപ്പൂരിൽ  13 തവണ കഥാപ്രസംഗം നടത്തി.

 മികച്ച സംഗീതജ്‌ഞ കൂടിയായ അവർക്ക്‌ നിരവധി ശിഷ്യസമ്പത്തുണ്ട്‌. കേരള സർക്കാരിന്റെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. കാഥികരുടെ സംഘടനയുടേയും പുരോഗമന കലാസാഹിത്യസംഘത്തിന്റെയും പ്രവർത്തക ആയിരുന്നു. കഴിഞ്ഞ വർഷം കലാസാഹിത്യസംഘം അവരെ ആദരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top