തൃശൂർ
കരുവന്നൂർ സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തി കാലാവധി പൂർത്തിയായവർക്ക് ആഗസ്‌ത് 31വരെ 73.97 കോടി രൂപ തിരിച്ചുനൽകി. നിക്ഷേപിച്ച തുകയുടെ 10 ശതമാനവും പലിശയുടെ 50 ശതമാനവുമാണ് തിരിച്ചുനൽകുന്നത്. ഇതിനു പുറമെ 110 കോടി രൂപ നിക്ഷേപം പുതുക്കുകയും ഇതിന്റെ ത്രൈമാസ പലിശ കൃത്യമായി കൊടുക്കുകയും ചെയ്യുന്നുണ്ടെന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി കെ ചന്ദ്രശേഖരൻ പറഞ്ഞു. 2022 ഡിസംബർ 31ന് കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപങ്ങളാണ് തിരിച്ചുനൽകിത്തുടങ്ങിയത്. വായ്‌പ തിരിച്ചടവ് ഊർജിതമാക്കിയാണ് നിക്ഷേപകർക്ക് പ്രത്യേക പാക്കേജ് വഴി പണം തിരിച്ചുനൽകുന്നത്.
സഹകരണ ബാങ്കുകളുടെ കൺസോർഷ്യം 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യ ഗഡുവായി 10.6 കോടി രൂപ ലഭിച്ചു. സഹകരണ ക്ഷേമനിധി റിസ്‌ക് ഫണ്ട് 10കോടിയും അനുവദിച്ചു. ഇതിന്റെ ആദ്യ ഗഡു അഞ്ചു കോടി രൂപ ലഭിച്ചതോടെ സ്വർണപ്പണയ വായ്‌പ പുനരാരംഭിച്ചു. സ്വർണവിലയുടെ 75 ശതമാനം എട്ട് ശതമാനം പലിശയ്‌ക്ക് വായ്‌പ നൽകുന്നു. കാർഷിക, ഭൂപണയ വായ്‌പ അഞ്ചുലക്ഷം വരെ നൽകിത്തുടങ്ങി. 2023 ഡിസംബർ 31 ന് കാലാവധി പൂർത്തിയാകുന്ന 100 കോടി രൂപ സ്ഥിരനിക്ഷേപത്തിന്റെ മുഴുവൻ പലിശയും മുതലിന്റെ നിശ്ചിത ശതമാനവും നൽകാൻ അനുമതിയായിട്ടുണ്ട്. എട്ടു കോടി രൂപ പലിശയിനത്തിൽ നൽകും. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം 35 കോടി അനുവദിക്കും.
നിലവിൽ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ ആഗസത് 31 വരെ 282.6 കോടി രൂപയാണ് നിക്ഷേപം. വായ്‌പ 375.4 കോടിയും. ബിനാമി വായ്‌പകളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയത് 106 കോടി രൂപയാണ്. ജീവനക്കാരുടെ ഒത്താശയോടെയാണ് ഇത്രയും വായ്‌പ ബിനാമികളുടെ പേരിൽ അനുവദിച്ചത്. 2020 മാർച്ച് 31 ന് ബാങ്കിലെ നിക്ഷേപം 350.70 കോടിയും വായ്‌പ നീക്കിയിരിപ്പ് 405.25 കോടി രൂപയും വായ്‌പ കുടിശ്ശിക 76.64 കോടി രൂപയുമായിരുന്നു. വായ്‌പ കുടിശ്ശിക ഈടാക്കാൻ നടപടി തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..