03 December Sunday

കരുവന്നൂർ: മാധ്യമങ്ങളുടെ തിരക്കഥ ഒരു കേന്ദ്രത്തിൽനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023
തൃശൂർ> കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട്‌   മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഒരു കേന്ദ്രത്തിൽനിന്ന്‌ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്‌. ഓരോ ദിവസവും നൽകേണ്ട വാർത്തകൾ എന്തൊക്കെയെന്ന്‌ ഇവർ തീരുമാനിക്കും.  അതനുസരിച്ച്‌   യുഡിഎഫ്‌ അനുകൂല മുഖ്യധാരാ പത്രങ്ങൾ പേജ്‌ നിറയ്‌ക്കുകയാണ്‌. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ എന്ന നിലയിൽ പ്രചരിക്കുന്നവയുടെ  പൊള്ളത്തരം വാർത്തകളിൽത്തന്നെ വ്യക്തമാണ്‌. പലരുമായും എ സി മൊയ്‌തീൻ എംഎൽഎയ്‌ക്ക്‌ ബന്ധം, പാർടി ഓഫീസിൽ ചർച്ച നടത്തി, ഇഡിക്ക്‌ നൽകിയ മൊഴി തുടങ്ങിയവയെല്ലാം ഒരു തിരക്കഥയുടെ അടിസ്ഥാനത്തിലാണ്‌ തയ്യാറാക്കിയത്‌. ഇടതുപക്ഷത്തേയും പ്രത്യേകിച്ച്‌ സിപിഐ എമ്മിനേയും ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  ബിജെപി തയ്യാറാക്കുന്ന തിരക്കഥയ്‌ക്കനുസരിച്ച്‌ മാധ്യമങ്ങൾ വാർത്ത നൽകുന്നതിനു പിന്നിൽ സാമ്പത്തിക താൽപ്പര്യവുമുണ്ട്‌. പരസ്യ വരുമാനം വർധിപ്പിക്കുക എന്നതും ലക്ഷ്യമാണ്‌. 
 
കരുവന്നൂർ സഹ. ബാങ്കിലെ  വായ്‌പാ ക്രമക്കേട്‌ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ കൊണ്ടുവന്നതാണെങ്കിൽ, വരുന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌വരെ സജീവമാക്കാനാണ്‌ ഈ കേന്ദ്രങ്ങൾ നൽകിയ നിർദേശം. അടാട്ട്‌  സഹകരണബാങ്ക്‌ തട്ടിപ്പുകേസിൽ പ്രതിസ്ഥാനത്തുനിൽക്കുന്ന കോൺഗ്രസ്‌ നേതാവും തൃശൂർ പാർലമെന്റ്‌ സീറ്റ്‌ മോഹിച്ച്‌ സാമൂഹ്യസേവനം നടത്തുന്ന താരവും തമ്മിലുള്ള കൂട്ടുകെട്ടിലൂടെയാണ്‌ തിരക്കഥ  ജനിക്കുന്നത്‌. തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനുള്ള പാലമായി കോൺഗ്രസ്‌ നേതാവിനെ ഉപയോഗിക്കുകയാണ്‌. 
 
അതിനാണ്‌ ഇ ഡിയെ തൃശൂരിലേക്ക്‌ അയച്ചിരിക്കുന്നത്‌.  കോൺഗ്രസ്‌ നേതാവിനെ മുന്നിൽ നിർത്തി  വ്യാജ പ്രചാരണത്തിലൂടെ സിപിഐ എമ്മിനെ  ജനമധ്യത്തിൽ അപകീർത്തിപ്പെടുത്താനുള്ള ബിജെപി അജൻഡയാണ്‌ പിന്നിൽ. ഈ നേതാവിനെ  ഭീഷണിപ്പെടുത്തി വരുതിയിലാക്കിയിരിക്കയാണ്‌ ബിജെപി. തൃശൂരിലെ വിരമിച്ച ഒരു മാധ്യമ പ്രവർത്തകനുമായി പാലക്കാട്‌ മുതലമടയിൽ നടത്തിയ സ്ഥലമിടപാടിലൂടെ കോൺഗ്രസ്‌ നേതാവ്‌  വെളുപ്പിച്ചെടുത്ത കള്ളപ്പണത്തിന്റെ  വിവരങ്ങൾ ബിജെപിയുടെ പക്കലുണ്ട്‌. ഇത്‌ ഇഡിക്ക്‌ മുന്നിലെത്തിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയാണ്‌ ഇയാളെ വരുതിയിലാക്കിയത്‌. കരുവന്നൂർ സഹ. ബാങ്കിലെ വായ്‌പ ക്രമക്കേട്‌ നടന്നിട്ട്‌ അഞ്ച്‌ വർഷമായി. 
 
ഇന്ന്‌  അഴിമതിക്കെതിരെ ഉറഞ്ഞുതുള്ളുന്ന കോൺഗ്രസ്‌ നേതാവ്‌ എന്തുകൊണ്ട്‌ ഇതുവരെ ഇക്കാര്യം പുറത്തുപറഞ്ഞില്ല എന്ന സംശയവും ജനങ്ങൾ ചോദിക്കുന്നു.   പണ്ട്‌ നടന്നു എന്ന നിലയിൽ ഉയർത്തിക്കൊണ്ടുവരുന്ന വ്യാജ ആരോപണങ്ങൾ ഇപ്പോൾ ചർച്ചയാക്കുന്നതിനുപിന്നിലും ഈ കൂട്ടുകെട്ടിന്റെ ഗൂഢാലോചനയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top