05 December Tuesday

കരുവന്നൂർ ബാങ്ക്‌ : ഫയലുകൾ ഇഡി കസ്‌റ്റഡിയിൽ, വായ്‌പ 
തിരിച്ചുപിടിക്കൽ പ്രതിസന്ധിയിൽ

വേണു കെ ആലത്തൂർUpdated: Saturday Sep 30, 2023


തൃശൂർ
കരൂവന്നൂർ സർവീസ്‌ സഹകരണ ബാങ്കിൽനിന്ന്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ഫയലുകൾ കൊണ്ടുപോയതിനാൽ വായ്‌പ കുടിശ്ശിക തിരിച്ചുപിടിക്കുന്നതിൽ തുടർനടപടി പ്രതിസന്ധിയിൽ. 217 വായ്‌പകളിൽ 62.58 കോടി രൂപയ്‌ക്ക്‌ ആർബിട്രേഷൻ കേസും 702 വായ്‌പകളിൽ 110.26 കോടി രൂപയുടെ എക്‌സിക്യൂഷൻ കേസും ഫയൽചെയ്‌തിട്ടുണ്ട്‌. ഇവ തീർപ്പാക്കാൻ നാല്‌ ഇൻസ്‌പെക്ടർമാരെയും സെയിൽ ഓഫീസർമാരെയും ചുമതലപ്പെടുത്തി നടപടി പുരോഗമിക്കുന്നതിനിടെയാണ്‌ ഇഡി റെയ്‌ഡ്‌ നടത്തി ഫയലുകൾ കൊണ്ടുപോയത്‌. തിരിച്ചടവ്‌ മുടങ്ങിയാൽ നോട്ടീസ്‌ അയച്ച്‌ കേസ്‌ ഫയൽചെയ്ത്‌ ഇൻസ്‌പെക്ടർമാരെ നിയമിച്ച്‌ കുടിശ്ശികക്കാരെ  വിളിച്ചുവരുത്തി വാദം കേൾക്കുന്നതാണ്‌ ആർബിട്രേഷൻ. ഇത്തരത്തിൽ നടപടി പൂർത്തിയായ 919 കേസുകളാണുള്ളത്‌.

വായ്‌പ തിരിച്ചുപിടിക്കൽ ഊർജിതമാക്കിയതോടെ 77 കോടിയിലധികം രൂപ ബാങ്കിലേക്ക്‌ തിരിച്ചടവ്‌ വന്നു. അടച്ചുതീർത്ത ഏതാനും ഫയലുകളും ഇഡി കസ്‌റ്റഡിയിലാണെന്ന്‌ ബാങ്ക്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി ചെയർമാൻ പി കെ ചന്ദ്രശേഖരൻ പറഞ്ഞു. ഫയൽ ആരുടെതെന്ന പേര്‌ മാത്രമാണ്‌ ഇഡി നൽകിയിട്ടുള്ളൂ. 2022 ആഗസ്‌ത്‌ 25ന്‌ രാവിലെ 10 മുതൽ  24 മണിക്കൂറാണ്‌ പത്തംഗ ഇഡിസംഘം ബാങ്കിൽ റെയ്‌ഡ്‌ നടത്തിയത്‌. അതിനുശേഷം നിരവധി പേർ വായ്‌പ അടച്ചുതീർത്തിട്ടുണ്ട്‌. അവർക്ക്‌ പ്രമാണങ്ങൾ തിരച്ചുനൽകുന്നതും വൈകുന്നു. കസ്‌റ്റഡിയിലെടുത്ത ഫയലുകൾ അന്വേഷണം തീർന്നശേഷമേ തിരിച്ചുനൽകൂവെന്നാണ്‌ ഇഡി ഉദ്യോഗസ്ഥർ വാക്കാൽ അറിയിച്ചത്‌.

ബാങ്കിൽ ഈട്‌ നൽകിയ പ്രമാണങ്ങൾ ഒരു അന്വേഷണ ഏജൻസിക്കും എടുത്തുകൊണ്ടുപോകാൻ അധികാരമില്ലെന്ന്‌ തൃശൂർ ജില്ലാ സഹകരണ ബാങ്ക്‌ മുൻ ജനറൽ മാനേജർ ഡോ. എം രാമനുണ്ണി പറഞ്ഞു.

നിയമപരമായി നേരിടും: 
എം കെ കണ്ണൻ
തൃശൂർ ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം കെ കണ്ണൻ ഇഡിക്കുമുന്നിൽ ഹാജരായി. വെള്ളി പകൽ പതിനൊന്നോടെയാണ്‌ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്‌. മൂന്നോടെ പുറത്തിറങ്ങി. എല്ലാം നിയമപരമായി നേരിടുമെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പ്രതികരിച്ചു. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ല. നിയമപരമായി പറയേണ്ടിടത്ത്‌ പറയും. ഇഡിയുടെ സമീപനം സൗഹാർദപരമായിരുന്നു. ആരോഗ്യത്തിന്‌ ഒരു പ്രശ്‌നവുമില്ലെന്നും പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ചോദ്യംചെയ്യലിനിടെ ശാരീരികാസ്വാസ്ഥ്യമുണ്ടായതായി മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ ഇഡി അറസ്‌റ്റ്‌ ചെയ്‌ത വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ശനിയാഴ്‌ച പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കലൂരിലെ പ്രത്യേക കോടതി ഒക്ടോബർ പത്തുവരെയാണ്‌ അരവിന്ദാക്ഷനെ റിമാൻഡ്‌ ചെയ്‌തിരിക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top