01 December Friday
മർദനം വെളിപ്പെടുത്തിയതിന്‌ 
ഇഡിയുടെ പ്രതികാരം

കരുവന്നൂർ സഹകരണ ബാങ്ക് കേസ് : പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

കൊച്ചി> കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ സിപിഐ എം  നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. കരുവന്നൂർ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ് .കരുവന്നൂർ ബാങ്ക് കേസിൽ 2 പേരെ  ഇഡി നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ ചോദ്യം ചെയ്യലിനിടയിൽ ഇഡി ഉദ്യോഗസ്ഥർ  മർദിച്ചിരുന്നുവെന്ന് അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു. കേസിൽ മൊഴിയായി സിപിഐ എം നേതാക്കളുടെ പേര് നൽകണം എന്നാവശ്യപ്പെട്ടാണ് മർദിച്ചതെന്നും അരവിന്ദാക്ഷൻ പറഞ്ഞിരുന്നു.

 കരുവന്നൂർ  സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ ചോദ്യം  ചെയ്യാൻ വിളിപ്പിച്ചാണ്‌ അന്ന് പീഡിപ്പിച്ചത്‌. പുറംലോകം കാണിക്കില്ലെന്ന്‌  ഇ ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. എഴുതിവച്ച ലിസ്‌റ്റ്‌ പ്രകാരം സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ സി മൊയ്‌തീൻ എംഎൽഎ, എം കെ കണ്ണൻ എന്നിവർക്ക്‌ പങ്കുണ്ടെന്ന തരത്തിൽ  കള്ളമൊഴി രേഖപ്പെടുത്തി ഒപ്പിട്ട്‌ വാങ്ങി. എ സി മൊയ്‌തീന്‌ പോപ്പുലർ ഫ്രണ്ട്‌ (പിഎഫ്‌ഐ) ബന്ധം ഉണ്ടെന്ന്‌ പറയണമെന്ന്‌ ആവശ്യപ്പെട്ടും മർദ്ദിച്ചുവെന്നു പറഞ്ഞിരുന്നു. ഇഡി മർദനത്തിനെതിരെ  എറണാകുളം സെൻട്രൽ പൊലീസിൽ പരാതിയും നൽകിയിരുന്നു.

മർദനം വെളിപ്പെടുത്തിയതിന്‌ 
ഇഡിയുടെ പ്രതികാരം
ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ മർദിച്ചെന്നു വെളിപ്പെടുത്തിയതിനു പിന്നാലെ  വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷനെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) അറസ്‌റ്റ്‌ ചെയ്‌തു. കരുവന്നൂർ സഹകരണബാങ്ക്‌ ക്രമക്കേടിന്റെ പേരിലാണ്‌  അറസ്‌റ്റ്‌. ചൊവ്വ പകൽ പന്ത്രണ്ടേമുക്കാലിന് രണ്ട് കാറുകളിലായെത്തിയ എട്ടംഗ സംഘമാണ് വടക്കാഞ്ചേരിയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.

വീട്ടിൽ വൃദ്ധയായ അമ്മയും ഭാര്യയും ഗർഭിണിയായ മൂത്ത മകൾ അഞ്ജലിയുമാണ് ഉണ്ടായിരുന്നത്.  കൊച്ചിയിൽ ഇഡി ഓഫീസിലെത്തിച്ച്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തി. സിപിഐ എം അത്താണി ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാണ്‌. നേരത്തേ എട്ടുതവണ അരവിന്ദാക്ഷനെ ഇഡി കൊച്ചിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.  ചോദ്യം ചെയ്യലിനിടെ  സിപിഐ എം ഉന്നത നേതാക്കൾക്കെതിരായി കള്ളമൊഴി നൽകണമെന്നാവശ്യപ്പെട്ട്‌  തന്നെ മർദിച്ചതായും പുറംലോകം കാണിക്കില്ലെന്ന്‌  ഭീഷണിപ്പെടുത്തിയതായും  അരവിന്ദാക്ഷൻ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയിരുന്നു.  സിപിഐ എം സംസ്ഥാന  സെക്രട്ടറിയറ്റംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്‌തീൻ എംഎൽഎ, എം കെ കണ്ണൻ എന്നിവർക്ക്‌ പങ്കുണ്ടെന്ന തരത്തിൽ കള്ളമൊഴി രേഖപ്പെടുത്തി ഭീഷണിപ്പെടുത്തി ഒപ്പിട്ട്‌ വാങ്ങിയതായും അരവിന്ദാക്ഷൻ പറഞ്ഞിരുന്നു. 

കരുവന്നൂർ സഹകരണ ബാങ്ക്‌ ചീഫ്‌ അക്കൗണ്ടന്റ്‌ സി കെ ജിൽസിനെയും അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയശേഷമായിരുന്നു അറസ്‌റ്റ്‌. ഇരുവരെയും സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി റിമാൻഡ്‌ ചെയ്‌തു. കസ്‌റ്റഡി അപേക്ഷ ബുധനാഴ്‌ച പരിഗണിക്കും. രണ്ടുദിവസത്തെ കസ്‌റ്റഡിയാണ്‌ ഇഡി ആവശ്യപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top