24 April Wednesday

ചത്താലും ചെത്തും കൂത്താളി ; മുഴങ്ങുന്നുണ്ട്‌ മലവാരം പിളർക്കുന്ന മുദ്രാവാക്യം

ഇ ബാലകൃഷ്‌ണൻUpdated: Sunday Dec 4, 2022


കോഴിക്കോട്‌
കർഷകസംഘം നേതൃത്വത്തിൽ നടന്ന കൂത്താളി സമരം സ്വാതന്ത്ര്യസമര ചരിത്രത്തിലെ സമാനതകളില്ലാത്ത വീരേതിഹാസമാണ്. ഭക്ഷ്യധാന്യം കിട്ടാനില്ലാതെ കൊടും പട്ടിണിയിലാണ്ട ജനത ചെങ്കൊടി നെഞ്ചോട്‌ ചേർത്ത് നടത്തിയ ത്രസിപ്പിക്കുന്ന ചരിത്രഗാഥ.  സ്വാതന്ത്ര്യ സമരത്തിന്റെ മൂർധന്യത്തിൽ ഉത്തരമലബാറിലെ പഴയ കുറുമ്പ്രനാട് താലൂക്കിൽ (ഇന്നത്തെ കൊയിലാണ്ടി, വടകര താലൂക്കുകൾ) മുഴങ്ങിക്കേട്ട "ചത്താലും ചെത്തും കൂത്താളി’യെന്ന മുദ്രാവാക്യം കർഷക ജനസാമാന്യത്തിന്റെ ഉണർത്തുപാട്ടാണ്‌.

കൂത്താളി മൂപ്പിൽ നായരെന്ന നാടുവാഴിയുടെ അധീനതയിൽ ഇന്നത്തെ ചങ്ങരോത്ത്, ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 30,000 ഏക്കർ മലമ്പ്രദേശമാണ് കൂത്താളി മലവാരം. 1939 വരെ പുനം കൃഷിക്ക് നൽകിയിരുന്നു. പിന്തുടർച്ചാവകാശികളില്ലെന്ന കാരണത്താൽ ഭൂമി മദിരാശി സർക്കാർ ഏറ്റെടുത്തു.   പുനം കൃഷി വിലക്കിയ  തീരുമാനം ഭക്ഷ്യക്ഷാമം രൂക്ഷമാക്കി.

1943ൽ  കർഷകസംഘം കൂത്താളി മലവാരത്ത് കാടുചെത്തി കൃഷിയിറക്കാൻ തീരുമാനിച്ചെങ്കിലും പൊലീസ്  തടഞ്ഞു.  1946ൽ കൂത്താളി സമരം പുനരാരംഭിക്കാൻ ഒരുക്കം തുടങ്ങി. എകെജി, സിഎച്ച് കണാരൻ, കേരളീയൻ, എ വി കുഞ്ഞമ്പു, എം കെ കേളുഏട്ടൻ തുടങ്ങിയ നേതാക്കൾ ഗ്രാമങ്ങൾ തോറും കൃഷിക്കാരുടെ യോഗം വിളിച്ച് കർഷകരെ സമരസജ്ജരാക്കി. 1947 ഫെബ്രുവരി 22ന് ജാഥയായെത്തി കൂത്താളി മലവാരം ചെത്തുമെന്ന് പ്രഖ്യാപിച്ചു. പൊലീസ് നിരോധനാജ്ഞയുമായി എംഎസ്‌പി ക്യാമ്പ്‌ ആരംഭിച്ചു. കമ്യൂണിസ്റ്റ്, കർഷക സംഘം പ്രവർത്തകരെന്ന് സംശയിക്കുന്നവരെ വേട്ടയാടി. തലേദിവസം അർധരാത്രി മുയിപ്പോത്ത് നിന്ന് പുഴയിലൂടെ തോണിയിൽ പുറപ്പെട്ട 36 വളന്റിയർമാർ ഭൂമിയിൽ പ്രവേശിച്ച് അഞ്ച് ഏക്കർ കാടുവെട്ടി തെളിച്ച് ചെങ്കൊടി നാട്ടി. മേപ്പയൂരിലെ സി കെ അബ്ദുള്ളയാണ് മരത്തിൽ കയറി ചെങ്കൊടി കെട്ടിയത്.  120ഓളം പേർ ജയിലിലായി. 200ൽപ്പരം പോലീസ്‌ മർദനത്തിനിരയായി.1950 മെയ് 19ന് സമരവളന്റിയർ കെ ചോയിയെ കല്പത്തൂരിൽ വച്ച് കോൺഗ്രസ്‌ ഹോം ഗാർഡുകൾ അടിച്ചുവീഴ്ത്തി. വീണ ചോയിയെ പൊലീസ് വെടിവച്ച് കൊന്നു. 

പിന്നീട്‌ 1550 ഏക്കർ പുനം കൃഷിക്ക്‌ അനുവദിച്ചെങ്കിലും ഭൂമി പതിച്ചുനൽകാൻ മദിരാശിയിലെ കോൺഗ്രസ് സർക്കാർ തയ്യാറായില്ല. 1954 അവസാനത്തോടെ കൂത്താളി സമരം പുനരാരംഭിച്ചു. മാനാഞ്ചിറക്കടുത്ത കലക്ടറേറ്റിന് മുമ്പിൽ എം കെ കേളുഏട്ടൻ 66 ദിവസം സത്യഗ്രഹം നടത്തി. പുനം കൃഷി നടത്തിയിരുന്ന 1200 ഏക്കർ ഭൂമി കർഷകർക്ക് ചാർത്തിക്കൊടുക്കുമെന്ന ഉറപ്പു ലഭിച്ചു.1957ൽ ഇ എം എസ് സർക്കാർ അധികാരത്തി ലെത്തിയപ്പോൾ കൂത്താളി മലവാരം പതിച്ചു കൊടുക്കാൻ നടപടിയായി. അതിനിടയിൽ സർക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു.1962ൽ നാലാം ഘട്ട സമരം കേളുഏട്ടന്റെ നേതൃത്വത്തിൽ തുടങ്ങി. 1967ൽ ഇ എംഎസ് സർക്കാർ കൈവശകർഷകർക്ക് പട്ടയം നൽകി. കൂത്താളി സമരം പിന്നീട് സ്വാതന്ത്ര്യ സമരമായി സർക്കാർ അംഗീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top