വെള്ളരിക്കുണ്ട് > ഇരുപത്തിയേഴാം വയസിൽ ‘ചരിത്രം അവസാനിക്കുന്നില്ല’ എന്ന നാടകത്തിലൂടെ കാറൽ മാർക്സിനെ അവതരിപ്പിച്ച് സദസ്സിനെ വിസ്‌മയിപ്പിച്ച നടൻ ജോസ് വർഗീസിന് ഇന്നും നാടകമെന്നത് കോരിത്തരിപ്പിക്കുന്ന അനുഭവങ്ങൾ മാത്രം. കാറൽ മാർക്‌സ് എന്ന കഥാപാത്രത്തിലൂടെ കമ്യൂണിസ്റ്റ് ആചാര്യൻ ഇ എം എസിനെയും, ജനനായകൻ ഇ കെ നായനാരും ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളെയെല്ലാം ആശ്ചര്യപ്പെടുത്തിയ നാടകകലാകാരനാണ് ഇദ്ദേഹം.
കുടിയേറ്റഗ്രാമമായ മണ്ഡപത്തെ കർഷകകൂടുംബത്തിലാണ് ജോസിന്റെ ജനനം. തോമാപുരം സെന്റ് തോമസ് ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതലേ നാടകത്തോട് കമ്പം തുടങ്ങി. ആറാംക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരെകൂട്ടി സ്കൂൾ യുവജനോത്സവത്തിൽ നാടകം അവതരിപ്പിച്ചു. പിന്നീട് എല്ലാവർഷവും സ്കൂളിൽ ഒരു നാടകം ജോസും സംഘത്തിന്റേതുമായിരുന്നു. പത്ത് കഴിഞ്ഞ് പുളിങ്ങോത്തെ പാരലൽ കോളേജിൽ പഠിക്കുന്നകാലത്ത് കെ ടി മുഹമ്മദിന്റെ സാക്ഷാത്‌കാരം എന്ന നാടകത്തിൽ മുത്തച്ഛനായി അഭിനയിച്ച് കെെയടി നേടി. തുടർന്നുള്ള രണ്ടുകൊല്ലം എൻ എൻ പിള്ളയുടെ സുപ്രീംകോർട്ട്, ഈശ്വരൻ അറസ്റ്റിൽ എന്നീ നാടകങ്ങളിലെ മുഖ്യവേഷം.
ഈ നാടകങ്ങൾ സംവിധാനം ചെയ്യാനെത്തിയ കൊല്ലം അഞ്ചൽ സ്വദേശിയും കമ്പല്ലൂർ ഗവ. ഹൈസ്കൂൾ അധ്യാപകനുമായ വിക്രമൻ മാസ്റ്ററാണ് പ്രൊഫഷണൽ നാടകത്തിലേക്ക് വഴിതുറന്നത്. കണ്ണൂർ സംഘചേതനയുടെ സൂര്യാപേട്ട് നാടകം നടക്കുന്ന കാലം. സംഘചേതനയിൽ നടന്റെ ഒഴിവുണ്ടെന്നും എത്രയും പെട്ടെന്ന് എത്താൻ വിക്രമൻ മാസ്റ്റർ അറിയിച്ചതനുസരിച്ച് നാടകൃത്ത് കരിവെള്ളൂർ മുരളിയെ പോയി കാണുന്നു. കോഴിക്കോട് നാടകം കളിക്കുന്ന സമിതിയോടൊപ്പം ചേരാൻ അദ്ദേഹം നിർദേശിക്കുന്നു. അങ്ങനെ സംഘചേതനയുടെ ഭാഗമായി.
പിറ്റേദിവസം തിരുവനന്തപുരം കാട്ടാക്കടയിൽ പഴശ്ശിരാജ നാടകം അവതരിപ്പിക്കണം. അതിൽ ടിപ്പു സുൽത്താന്റെ വേഷവും കൂടാതെ ഒരു സായിപ്പിന്റെ വേഷവും ചെയ്യണം. നാടക വണ്ടിയിൽനിന്ന് തന്നെ ഡയലോഗ് പഠിച്ചു. യാത്രയ്ക്കിടെ കൊല്ലം പാർടി ഓഫീസ് ഹാളിൽനിന്ന് റിഹേഴ്സൽ. അന്ന് രാത്രിതന്നെ നാടകം കളിച്ചു. ഇതാണ് പ്രൊഫഷണൽ നാടകത്തിലെ തുടക്കം.
തുടർന്ന് 1993ൽ ആണ് ചരിത്രം അവസാനിക്കുന്നില്ല നാടകം. ഡിസംബർ ഒന്നിന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം. ഇ എം എസ്, ഇ കെ നായനാർ തുടങ്ങി കേരളത്തിലെ മുതിർന്ന നേതാക്കളും, തമിഴ്നാട്ടിലെ കോമൾ സ്വാമിനാഥ് ഉൾപ്പെടെ നാടകം കാണാനെത്തിയിട്ടുണ്ട്. അവരുടെ മുന്നിൽ കാറൽ മാർക്സിനെ തെല്ല് നെഞ്ചിടിപ്പോടെ അവതരിപ്പിച്ചു. കർട്ടൺ വീണ് കഴിഞ്ഞപ്പോൾ അഭിനന്ദന പ്രവാഹമായിരുന്നു. 500ലധികം സ്റ്റേജിലാണ് ആ നാടകം അവതരിപ്പിച്ചത്.
പിന്നീട് സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ എന്ന നാടകത്തിൽ നെഹ്‌റുവായി അഭിനയിച്ചു. ഈ നാടകവും 200 ഓളം സ്റ്റേജിൽ അവതരിപ്പിച്ചു. 1996 മുതൽ ഏഴു വർഷം കോഴിക്കോട് ചിരന്തനയിൽ ഇബ്രാഹിം വെങ്ങരയുടെ ശിക്ഷണത്തിൽ അഭിനയിച്ചു. മൊഴിമാറ്റം, അരങ്ങേറ്റം, ഇടയൻ, മാന്യശ്രി നവാബ്, വെള്ളപ്പൂച്ച, കോടീശ്വരൻ, ഉള്ളതുപറഞ്ഞാൽ തുടങ്ങിയ നാടകങ്ങൾ അതിൽ ചിലത് .
പിന്നീട് ഒരുവർഷം തൃശൂർ ബ്രഹ്മപുത്രയിൽ ' അഗ്രദൂതൻ' എന്ന നാടകത്തിലും രണ്ടുവർഷം കാഞ്ഞങ്ങാട് കൈരളി കമ്യൂണിക്കേഷനിൽ തിരുമുൽകാഴ്ച, നളചരിതം എന്നീ നടകങ്ങളിലും വേഷമിട്ടു. ഇതിനിടയിൽ കണ്ണൂർ ആകാശവാണിയിലും നാടകം അവതരിപ്പിച്ചു. ഇപ്പോൾ സ്വകാര്യ ഗ്യാസ് ഏജൻസിയിൽ മാനേജരാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..