28 March Thursday

നിയമലംഘനം: കാപികോ റിസോർട്ടിലെ പ്രധാന കെട്ടിടവും പൊളിച്ചുതുടങ്ങി

സ്വന്തം ലേഖകൻUpdated: Friday Mar 17, 2023

കാപികോ റിസോർട്ടിന്റെ പ്രധാന കെട്ടിടം പൊളിച്ചുതുടങ്ങിയപ്പോൾ

ചേർത്തല > പാണാവള്ളിയിൽ വേമ്പനാട്‌ കായൽത്തീരത്തെ കാപികോ റിസോർട്ടിന്റെ കൂറ്റൻ ഓഫീസ്‌ കെട്ടിടവും പൊളിച്ചുതുടങ്ങി. തീരദേശ പരിപാലന നിയമലംഘനം കണ്ടെത്തി സുപ്രീംകോടതി നിർദേശപ്രകാരമാണ്‌ റിസോർട്ട്‌ പൂർണമായി പൊളിച്ചുനീക്കുന്നത്‌. വ്യാഴം ഉച്ചയോടെ ഓഫീസ്‌ കെട്ടിടം പൊളിക്കാൻ തുടങ്ങി. 3500 ചുതുരശ്രയടി വിസ്‌തൃതിയുള്ളതാണ്‌ കെട്ടിടം. അത്യാകർഷക രൂപകൽപ്പനയിൽ വിശാലമായ കെട്ടിടത്തിൽ ഓഫീസ്‌, കോൺഫ്രൻസ്‌ ഹാൾ, തിയേറ്റർ എന്നിവയും നിരവധി മുറികളുമുണ്ട്‌.
 
പ്രകൃതിക്ഷോഭത്തിൽ കേടുപാടുണ്ടാകാത്തവിധം ഉറപ്പോടെയാണ്‌ നിർമിതി. കോൺക്രീറ്റ്‌ ഭിത്തിയിലാണ്‌ മേൽക്കൂര നിർമിച്ചിരിക്കുന്നത്‌. കെട്ടിടത്തിനുള്ളിൽ രണ്ട്‌ കൂറ്റൻ ജനറേറ്ററുകളുണ്ട്‌. തിരുവനന്തപുരം കമ്പനിയാണ്‌ പൊളിച്ചുനീക്കൽ കരാറുകാർ. യന്ത്രസഹായത്തോടെ പൊളിച്ചുനീക്കലിന്‌ നാൽപ്പതിൽപ്പരം തൊഴിലാളികളുണ്ട്‌. 25ന്‌ മുമ്പ്‌ പൂർണമായി പൊളിക്കാനാകുമെന്നാണ്‌ കണക്കാക്കുന്നത്‌. പൊളിക്കലിനൊപ്പം കെട്ടിടാവശിഷ്‌ടങ്ങൾ നീക്കലും പുരോഗതിയലാണ്‌.
 
നേരത്തെ 54 വില്ലകളും പൊളിച്ചുനീക്കി. ഓഫീസ്‌ കെട്ടിടംകൂടിയാകുമ്പോൾ പൊളിക്കൽ പൂർണമാകും. അവശിഷ്‌ടങ്ങൾ കരാറുകാർ തന്നെയാണ്‌ നീക്കംചെയ്യുന്നത്‌. ടിപ്പർലോറിയിലാക്കി ജങ്കാർമുഖേന കായലിലൂടെ അരുക്കുറ്റി ഭാഗത്തെ സ്ഥലത്താണ്‌ ഇറക്കുന്നത്‌. വായു - ജല – ശബ്‌ദ മലിനീകരണം, മലിനീകരണ നിയന്ത്രണബോർഡ്‌ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നു. റവന്യു - പഞ്ചായത്ത്‌ അധികൃതരുടെ മേൽനോട്ടത്തിലാണ്‌ പൊളിച്ചുനീക്കൽ.
 
1200 കോടിയുടെ റിസോർട്ട്‌ 2007ലാണ്‌ നിർമിക്കാൻ തുടങ്ങിയത്‌. 2012ൽ 35,900 ചതുരശ്രയടി വിസ്‌തൃതിയിൽ അത്യാകർഷക റിസോർട്ട്‌ പൂർത്തിയായി. ഇതിനകം നിയമക്കുരുക്കിലായ റിസോർട്ട്‌ തുറക്കാനായില്ല. മത്സ്യത്തൊഴിലാളികളാണ്‌ കോടതിയെ സമീപിച്ചത്‌. കഴിഞ്ഞ സെപ്‌തംബർ 15നാണ്‌ പൊളിക്കൽ തുടങ്ങിയത്‌. 28ന്‌ മുമ്പ്‌ പൂർണമായി പൊളിച്ചുനീക്കണമെന്നാണ്‌ സുപ്രീംകോടതിയുടെ അന്ത്യശാസനം. പൊളിക്കൽ പൂർണമായാലും അവശിഷ്‌ടം നീക്കാൻ മാസങ്ങൾ വേണ്ടിവരും. ദിവസവും നാൽപ്പതോളം ലോഡ്‌ അവശിഷ്‌ടം നീക്കംചെയ്യുന്നു.
 
ജീവനക്കാർ 
ആശങ്കയിൽ
 
കാപികോ റിസോർട്ട്‌ പൊളിച്ചുനീക്കൽ പൂർണമാകുന്നതോടെ ജീവനക്കാർ ആശങ്കയിൽ. 19 ജീവനക്കാരാണ്‌ നിലവിലുള്ളത്‌. സ്ഥാപനം തുറക്കാനായില്ലെങ്കിലും ജീവനക്കാർക്ക്‌ ഇതേവരെ കമ്പനി കൃത്യമായി ശമ്പളം നൽകിവരികയാണ്‌. സ്ഥാപനം ഇല്ലാതായാൽ ആനുകൂല്യംനൽകി പിരിച്ചുവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ ജില്ലാ ലേബർ ഓഫീസറെ ജീവനക്കാർ സമീപിച്ചിരുന്നു. തുടർന്ന്‌ ഇരുകൂട്ടരെയും ജില്ലാ ലേബർ ഓഫീസർ ചർച്ചയ്‌ക്ക്‌ വിളിച്ചു. ജീവനക്കാരെ പിരിച്ചുവിടില്ലെന്നും മാരാരിക്കുളം, മുണ്ടക്കയം എന്നിവിടങ്ങളിലെ പുതിയ പ്രോജക്‌ടിൽ ഉൾപ്പെടുത്തുമെന്നുമായിരുന്നു കമ്പനി പ്രതിനിധി യോഗത്തിൽ അറിയിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top